നാരായണ മൂര്‍ത്തി സിഒഓയ്‌ക്കെതിരേ തുറന്നടിച്ചു; ഇന്‍ഫോസിസിന് ഓഹരി വിപണിയില്‍ തിരിച്ചടി
By സമാലിക മലയാളം ഡെസ്‌ക് | Published: 04th April 2017 08:59 PM |
Last Updated: 04th April 2017 08:59 PM | A+A A- |

മുംബൈ: ഇന്‍ഫോസിസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ (സിഒഒ) യുബി പ്രവീണ്‍ റാവുവിന്റെ ശമ്പള വര്‍ധനവിനെതിരേ കമ്പനി സ്ഥാപകന്‍ നാരാണയ മൂര്‍ത്തി തുറന്നടിച്ചത് ഓഹരി വിപണിയില്‍ തിരിച്ചടിയായി. ഇന്‍ഫോസിസ് ഓഹരികള്‍ക്ക് ഒരു ശതമാനം വരെ ഇടിവ് നേരിട്ടു.
വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ ഓഹരികള്‍ ഇടിവ് നേരിട്ടു. ബിഎസ്ഇയില്‍ 1.11 ശതമാനം ഇടിഞ്ഞ് 1009.45 രൂപയിലാണ് ക്ലോസ്‌ചെയ്തത്. അതേസമയം, ദേശീയ ഓഹരി സൂചിക നിഫ്റ്റിയില്‍ 1.17 ശതമാനം ഇടിവാണ് ഇന്‍ഫോസിസ് ഓഹരിക്ക് നേരിട്ടത്.
പ്രവീണ്‍ റാവുവിന്റെ വാര്‍ഷിക ശമ്പളം 4.62 കോടിരൂപയായി വര്‍ധിപ്പിച്ച കമ്പനി ബോര്‍ഡിന്റെ നടപടിക്കെതിരേയാണ് നാരായണ മൂര്‍ത്തി വിമര്‍ശനമുന്നയിച്ചത്. കമ്പനിയിലെ ഭൂരിഭാഗം ജീവനക്കാരുടെയും ശമ്പളം ആറു മുതല്‍ എട്ട് ശതമാനം വരെ മാത്രം വര്‍ധിപ്പിക്കുമ്പോള്‍ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന ഒരാളുടെ പ്രതിഫലത്തില്‍ 60 മുതല്‍ 70 ശതമാനം വരെ വര്‍ധന നല്‍കുന്നത് ന്യായമല്ലെന്നാണ് മൂര്‍ത്തി ഡയറക്ടര്‍ ബോര്‍ഡിനെതിരേ തുറന്നടിച്ചത്.
ഇത്തരം പ്രവര്‍ത്തികള്‍ കഠിനാധ്വാനം ചെയ്യുന്ന സാധാരണ ജീവനക്കാര്‍ക്കിടയില്‍ കമ്പനിയുടെ വിശ്വാസം നഷ്ടപ്പെടുത്തുമെന്നും ബോര്‍ഡിന് നല്‍കിയ കത്തില്‍ നാരായണ മൂര്‍ത്തി വിമര്‍ശിച്ചു.