ഉടന്‍ വരും അദാനിയുടെയും അംബാനിയുടെയും തീവണ്ടികള്‍

രാജ്യത്ത് സ്വകാര്യ കമ്പനികളുടെ ട്രെയിന്‍ സര്‍വീസ് തുടങ്ങാന്‍ വഴിയൊരുങ്ങുന്നു. ഇതിന്റെ ആദ്യപടിയായി സ്വകാര്യ ചരക്കു തീവണ്ടികള്‍ തുടങ്ങാന്‍ റെയില്‍വേ നടപടി തുടങ്ങി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡല്‍ഹി: രാജ്യത്ത് സ്വകാര്യ കമ്പനികളുടെ ട്രെയിന്‍ സര്‍വീസ് തുടങ്ങാന്‍ വഴിയൊരുങ്ങുന്നു. ഇതിന്റെ ആദ്യപടിയായി സ്വകാര്യ ചരക്കു തീവണ്ടികള്‍ തുടങ്ങാന്‍ റെയില്‍വേ നടപടി തുടങ്ങി. സ്വകാര്യ ചരക്കു തീവണ്ടി സര്‍വീസ് വിജയകരമായാല്‍ പാസഞ്ചര്‍ സര്‍വീസിലും സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കാനാണ് നീക്കം.

സിമെന്റ്, സ്റ്റീല്‍, ഓട്ടോ, ലോജിസ്റ്റിക്‌സ്, ഗ്രെയിന്‍സ്, കെമിക്കല്‍സ്, ഫെര്‍ട്ടിലൈസേഴ്‌സ് എന്നീ മേഖലകളില്‍നിന്നുള്ള കമ്പനികളാണ് ചരക്കു ട്രെയിന്‍ സര്‍വീസിന് താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. സ്വകാര്യ മേഖല സജീവമാവുന്നതോടെ ഇരുപതു മുതല്‍ ഇരുപത്തിയഞ്ചു ദശലക്ഷം ടണ്‍ വരെ അധിക ചരക്കു നീക്കം സാധ്യമാവുമെന്നാണ് കണക്കാക്കുന്നത്. വ്യവസായ മേഖലകളിലുള്ള സ്വന്തം ടെര്‍മിനലുകളില്‍നിന്നാവും ഇവര്‍ സര്‍വീസ് നടത്തുക. റെയില്‍വെയുടെ വാഗണുകള്‍ വാടകയ്ക്ക് എടുത്തോ സ്വന്തം വാഗണുകള്‍ ഉപയോഗിച്ചോ ഇവര്‍ക്കു സര്‍വീസ് നടത്താം. 

ഈ വര്‍ഷം 55 സ്വകാര്യ ടെര്‍മിനലുകള്‍ക്കാണ് റെയില്‍വേ അനുമതി നല്‍കിയിട്ടുള്ളത്. അയ്യായിരം കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെയുണ്ടാവുക. ടാറ്റ സ്റ്റീല്‍, ആദാനി അഗ്രോ തുടങ്ങിയ കമ്പനികള്‍ പദ്ധതി പ്രകാരം ടെര്‍മിനലുകള്‍ നിര്‍മിക്കുന്നുണ്ട്.

ചരക്കു നീക്കത്തില്‍ നടത്തുന്ന പരീക്ഷണം വിജയിച്ചാല്‍ പാസഞ്ചര്‍ സര്‍വീസും സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കാനാണ് റെയില്‍വേയുടെ നീക്കം. റെയില്‍വേയുടെ ലൈനുകള്‍ ഉപയോഗിച്ചു നടത്തുന്ന സര്‍വീസിന്റെ മേല്‍നോട്ടം പൂര്‍ണമായും റെയില്‍വേയ്ക്കായിരിക്കും. വാഗണുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിനും ട്രാക്ക് ഉപയോഗിക്കുന്നതിലും കമ്പനികള്‍ വാടക നല്‍കണം.

ഡാര്‍ജിലിങ്, സിംല, നീലഗിരി എന്നിവിടങ്ങളിലെ പാസഞ്ചര്‍ സര്‍വീസ് സ്വകാര്യ മേഖലയ്ക്കു നല്‍കാനുള്ള നീക്കത്തിന് നേരത്തെ തന്നെ റെയില്‍വേ തുടക്കമിട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com