എഫ്ഇആര്‍എ നിബന്ധനകള്‍ ലംഘിച്ച കേസില്‍ വിജയ് മല്യക്കെതിരേ പുതിയ ജാമ്യമില്ലാ വാറണ്ട്
Published: 12th April 2017 05:22 PM |
Last Updated: 12th April 2017 06:03 PM | A+A A- |

ന്യൂഡല്‍ഹി: ഫോറിന്‍ എക്‌സ്‌ചേഞ്ച് റെഗുലേഷന്‍ നിയമങ്ങളില്‍ (FERA) ലംഘിച്ചതിന് കോടതിയില്‍ നേരിട്ട് ഹാജരാകാനുള്ള ഉത്തരവ് ലംഘിച്ചതിന് ഡല്‍ഹി കോടതി വിവാദ വ്യവസായി വിജയ് മല്യക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് സുമിത് ദാസാണ് ഉത്തരവിട്ടത്. കഴിഞ്ഞ വര്‍ഷം നാലിന് പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് പ്രാവര്‍ത്തികമാക്കുന്നതിന് കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് കോടതിയോട് അറിയിച്ചതാണ് പുതിയ വാറണ്ടിന് ഉത്തരവിടാന്‍ കാരണം.
സാധാരണ ജാമ്യമില്ലാ വാറണ്ടിനു പകരമായി നടപടികള്‍ക്ക് കൃത്യമായ സമയ പരിധി നിഷ്‌കര്‍ഷിക്കാത്ത ഓപ്പണ്‍ എന്റഡ് നോണ്‍ ബെയിലബിള്‍ വാറണ്ട് ആണ് കോടതി മല്യക്കെതിരെ പുറപ്പെടിവിച്ചിരിക്കുന്നത്. അതേസമയം, രണ്ട് മാസത്തിനകം ഫോളോ അപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
1996 മുതല്‍ 98 വരെയുള്ള വര്‍ഷങ്ങളില്‍ ലണ്ടനിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും നടന്ന ഫോര്‍മുല വണ്‍ മത്സരങ്ങള്‍ക്കുള്ള കിംഗ്ഫിഷര്‍ ലോഗോയ്ക്ക് ഒരു ബ്രീട്ടീഷ് കമ്പനി ബെനട്ടണുമായുണ്ടാക്കിയ കരാറിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചിരുന്നത്.