5000 കോടി രൂപ നഷ്ടപരിഹാരം നല്‍കണം; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിസാന്റെ നോട്ടീസ് 

ഓഗസ്റ്റില്‍ ആര്‍ബിട്രേറ്ററെ നിയമിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് നിസാന്‍ അന്ത്യശാസനം നല്‍കിയിരുന്നു
5000 കോടി രൂപ നഷ്ടപരിഹാരം നല്‍കണം; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിസാന്റെ നോട്ടീസ് 

ന്യൂഡല്‍ഹി : ഇന്‍സെന്റീവ്‌സ് നല്‍കാതിരുന്നതിന്റെ പേരില്‍ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ നിസാന്‍ കേന്ദ്രസര്‍ക്കാരിന് എതിരെ നിയമനടപടി ആരംഭിച്ചു. 5000 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാവശ്യപ്പെട്ട് നിസാന്‍ രാജ്യാന്തര ആര്‍ബിട്രേഷനെയാണ് സമീപിച്ചത്. കാര്‍ നിര്‍മ്മാണ പ്ലാന്റ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ് നാട് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഉറപ്പുകള്‍ പാലിച്ചില്ലെന്ന് കാണിച്ചാണ് നിസാന്‍ നടപടി ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വക്കീല്‍ നോട്ടീസ് അയച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2008 ല്‍ കാര്‍ നിര്‍മ്മാണ പ്ലാന്റ് നിര്‍മ്മിക്കുന്നതിന് പ്രോത്സാഹനം എന്ന നിലയില്‍ ഇന്‍സെന്റീവ്‌സ് അനുവദിക്കാമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. വാഗ്ദാനം ചെയ്ത ഇന്‍സെന്റീവ്‌സ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലഭിച്ചില്ലെന്ന് കാണിച്ചാണ് നിസാന്‍ രാജ്യാന്തര ആര്‍ബിട്രേഷനെ സമീപിച്ചത്. ഇതിനിടെ നിരവധി തവണ ഈ ആവശ്യം ഉന്നയിച്ച് തമിഴ് നാട് സര്‍ക്കാരിനെയും കേന്ദ്രത്തെയും സമീപിച്ചു. കേന്ദ്രസഹായം അഭ്യര്‍ത്ഥിച്ച് കമ്പനിയുടെ ചെയര്‍മാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമീപിച്ചതായും കമ്പനിയുടെ നോട്ടീസില്‍ പറയുന്നു. കേന്ദ്രസഹായം ഉറപ്പാക്കാമെന്ന് വാഗ്ദാനം നല്‍കിയതല്ലാതെ നടപടി സ്വീകരിച്ചില്ല. ഇതുമായി ബന്ധപ്പെട്ട കേന്ദ്രവും സംസ്ഥാനവുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തി. ഇതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചതെന്നും കമ്പനി വ്യത്തങ്ങള്‍ വ്യക്തമാക്കുന്നു.

ഓഗസ്റ്റില്‍ ആര്‍ബിട്രേറ്ററെ നിയമിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് നിസാന്‍ അന്ത്യശാസനം നല്‍കിയിരുന്നു. എന്നിട്ടും കമ്പനിക്ക് അനുകൂലമായ നടപടി സ്വീകരിക്കുന്നതില്‍ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തില്‍ ഡിസംബര്‍ പകുതിയോടെ ആര്‍ബിട്രേഷന്‍ നടപടികള്‍ ആരംഭിക്കുമെന്ന് കമ്പനി വ്യത്തങ്ങള്‍ സൂചന നല്‍കി. പ്രശ്‌നം  തീര്‍ക്കാന്‍ കിണഞ്ഞ് ശ്രമിക്കുകയാണെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. ജപ്പാനുമായുളള സമഗ്ര സാമ്പത്തിക സഹകരണ കരാറിന്റെ ലംഘനമാണ് ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് എന്ന നിലയിലും വിലയിരുത്തലുകളുണ്ട്. നിക്ഷേപകരുമായി തര്‍ക്കത്തിന്റെ പേരില്‍ 20 ഓളം കേസുകളാണ് നിലവില്‍ ഇന്ത്യക്ക് എതിരെ ആര്‍ബിട്രേഷന് മുന്‍പിലുളളത്. ഒരു രാജ്യം എന്ന നിലയില്‍ ഏറ്റവുമധികം ആര്‍ബിട്രേഷന്‍ കേസുകള്‍ ഉളളത് ഇപ്പോള്‍ ഇന്ത്യക്കാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com