ഇനി രാവും പകലും ഷോപ്പിംഗ് നടത്താം, ആഘോഷിക്കാം : മുംബൈയിലെ കടകള്‍ ഇനി 24/7  

റെസ്റ്റോറന്റ്, തീയറ്റര്‍, സലൂണ്‍, ഹൈപ്പര്‍ മാള്‍, ബാങ്ക്, ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്ക് ഇനി എല്ലാദിവസവും രാവും പകലുമില്ലാതെ ബിസിനസ്സ് ചെയ്യാം. എന്നാല്‍ ഇതില്‍ മദ്യശാലകളെ ഉള്‍പ്പെടുത്തിയിട്ടില്ല
ഇനി രാവും പകലും ഷോപ്പിംഗ് നടത്താം, ആഘോഷിക്കാം : മുംബൈയിലെ കടകള്‍ ഇനി 24/7  

സാധനങ്ങള്‍ വാങ്ങാന്‍ മഹാരാഷ്ട്രയില്‍ ഇനി രാത്രി വൈകി വേണേലും ഇറങ്ങാം. രാത്രി ഭക്ഷണം കഴിച്ചിട്ട് ഷോപ്പിംഗ് ആവാം എന്ന് കരുതിയാലും തെറ്റില്ല. 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കാനുള്ള അറിയിപ്പ് കടകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ കൈമാറികഴിഞ്ഞു. മഹാരാഷ്ട്ര ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് 2017ന് കീഴിലാണ് സര്‍ക്കാരിന്റെ പുതിയ പരിഷ്‌കരണം. റെസ്റ്റോറന്റ്, തീയറ്റര്‍, സലൂണ്‍, ഹൈപ്പര്‍ മാള്‍, ബാങ്ക്, ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്ക് ഇനി എല്ലാദിവസവും രാവും പകലുമില്ലാതെ ബിസിനസ്സ് ചെയ്യാം. എന്നാല്‍ ഇതില്‍ മദ്യശാലകളെ ഉള്‍പ്പെടുത്തിയിട്ടില്ല. 

35ലക്ഷം വരുന്ന കടകള്‍ക്ക് അവരുടെ ബിസിനസ്സ് സമയക്രമത്തില്‍ മാറ്റംകൊണ്ടുവരാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുന്നത്. ഓഗസ്റ്റില്‍ മുന്നോട്ടുവച്ച ഈ ഭേദഗതി പാര്‍ലമെന്റിന്റെ ഇരു സഭകളും അംഗീകരിക്കുകയായിരുന്നു. ഗവര്‍ണര്‍ ഭേദഗതി അംഗീകരിച്ചതോടെയാണ് സംസ്ഥാനത്തെ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. 

ഇതുവരെ രാത്രി 10 മണിവരെയാണ് കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നത്. വ്യാപാര കേന്ദ്രങ്ങള്‍ 9:30ക്കും ഭക്ഷണശാലകള്‍ 12:30ക്കും അടയ്ക്കണമെന്നതായിരുന്നു ഇതുവരെ ഉണ്ടായിരുന്ന നിയമം. രാത്രി 9:30 മുതല്‍ രാവിലെ 7 വരെ നീളുന്ന നൈറ്റ് ഷിഫ്റ്റുകളില്‍ ജോലി ചെയ്യാനുള്ള അവസരം ഇതുവഴി സ്ത്രീകള്‍ക്ക് ലഭിക്കുകയും ചെയ്യും. 

ഈ നീക്കം സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന ബിസിനസ്സുകള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതാണെന്ന് കരുതുന്നതായും സമീപഭാവിയില്‍ തന്നെ ഏകദേശം അഞ്ച് ലക്ഷം പുതിയ ലൈസന്‍സുകള്‍ ഈ ആക്ടിന് കീഴില്‍ നല്‍കാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും തൊഴില്‍ മന്ത്രി സാംബാജി പാട്ടീല്‍ നിലംഗേക്കര്‍ അഭിപ്രായപ്പെട്ടു.

നിലവില്‍ ലൈസന്‍സ് നേടി പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങള്‍ സമയപരിധി നീട്ടണമെന്നുണ്ടെങ്കില്‍ ഓണ്‍ലൈനായി ഇത് അപേക്ഷിക്കാവുന്നതാണ്. നിലവില്‍ ഉള്‍പ്പെടത്തിയിട്ടുള്ളവയില്‍ നിന്ന് ഏതെങ്കിലും വിഭാഗത്തിലെ കടകളെയോ ഏതെങ്കിലും പ്രദേശത്തെയോ ഒഴിവാക്കണമെങ്കില്‍ സാമൂഹിക പ്രവര്‍ത്തകര്‍ക്കും പോലീസിനും സര്‍ക്കാരുമായി ചര്‍ച്ചചെയ്യാനുള്ള അവസരം ഉണ്ട്. തൊഴിലാളികളുടെ താല്‍പര്യത്തെ മാനിക്കണമെന്നും സ്ത്രീ തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും പുതിയ ആക്ടില്‍ പറയുന്നുണ്ട്. രാത്രിയിലേക്കും പ്രവര്‍ത്തനം നീട്ടുന്ന സ്ഥാപനങ്ങളില്‍ മൂന്ന് ഷിഫ്റ്റുകള്‍ ഉടമ ഉറപ്പുവരുത്തണമെന്നും തൊഴിലാളികളെ 9മണിക്കൂറിലധികം ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കരുതെന്നും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com