രണ്ടായിരത്തിന്റെ നോട്ട് ആര്‍ബിഐ പിടിച്ചുവയ്ക്കുന്നു: പിന്‍വലിക്കാനാണെന്ന് സൂചന

റിസര്‍വ് ബാങ്ക് ഇതുവരെ അച്ചടിച്ച ആകെ 2,000 രൂപ നോട്ടിന്റെ മൂല്യവും നിലവില്‍ വിപണിയിലുള്ള 2,000 രൂപ നോട്ടുകളുടെ മൂല്യവും തമ്മിലുള്ള അന്തരമാണ് ഇത്തരമൊരു അഭ്യൂഹത്തിനു പിന്നില്‍. 
രണ്ടായിരത്തിന്റെ നോട്ട് ആര്‍ബിഐ പിടിച്ചുവയ്ക്കുന്നു: പിന്‍വലിക്കാനാണെന്ന് സൂചന

ന്യൂഡെല്‍ഹി: 2,000 രൂപയുടെ നോട്ട് വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ നീക്കം നടക്കുന്നതായി വിവരം. രണ്ടായിരത്തിന്റെ നോട്ട് പടിപടിയായി പിന്‍വലിക്കാന്‍ നീക്കം നടക്കുന്നതായാണ് പ്രചാരണം. റിസര്‍വ് ബാങ്ക് ഇതുവരെ അച്ചടിച്ച ആകെ 2,000 രൂപ നോട്ടിന്റെ മൂല്യവും നിലവില്‍ വിപണിയിലുള്ള 2,000 രൂപ നോട്ടുകളുടെ മൂല്യവും തമ്മിലുള്ള അന്തരമാണ് ഇത്തരമൊരു അഭ്യൂഹത്തിനു പിന്നില്‍. 

എസ്ബിഐയിലെ മുതിര്‍ന്ന സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് അച്ചടിച്ച 2000 രൂപ നോട്ടില്‍ ഒരു ഭാഗം ഇനിയും വിപണിയിലെത്തിയിട്ടില്ലെന്ന സൂചനയുള്ളത്.

ഈമാസം എട്ടുവരെ വ്യാപാരത്തിലിരുന്ന ഉയര്‍ന്ന നോട്ടുകളുടെ മൂല്യം 13.3 ലക്ഷം കോടി രൂപയാണ്. ധനമന്ത്രാലയം ലോക്‌സഭയില്‍ നല്‍കിയ കണക്കനുസരിച്ച് 16,957 ദശലക്ഷം 500 രൂപ നോട്ടുകളും 3,654 ദശലക്ഷം 2000 രൂപ നോട്ടുകളുമാണ് അച്ചടിച്ചത്. 15.7 ലക്ഷം കോടി രൂപയാണ് ഇവയുടെ മൂല്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് അച്ചടിച്ച ഉയര്‍ന്ന നോട്ടുകളില്‍ 2.4 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ഇതുവരെ വിപണിയിലെത്തിയിട്ടില്ല  ഘോഷിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടായിരത്തിന്റെ നോട്ടുകളുപയോഗിച്ചുള്ള ഇടപാടുകള്‍ ബുദ്ധിമുട്ടാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ആര്‍ബിഐ ഇവയുടെ അച്ചടി നിര്‍ത്തിയിരിക്കുകയോ അച്ചടിക്കുന്ന നോട്ടുകളുടെ എണ്ണം കുറയ്ക്കുകയോ ചെയ്തിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

2016 നവംബര്‍ എട്ടിനാണ് വിപണിയിലുണ്ടായിരുന്ന 500, 1000 നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. വിപണിയിലുണ്ടായിരുന്നു 86 ശതമാനത്തോളമുള്ള നോട്ടിന്റെ പിന്‍വലിക്കല്‍ കുറച്ചൊന്നുമായിരുന്നില്ല ജനങ്ങളെ ബാധിച്ചത്. 500, 1000 നോട്ടുകള്‍ക്കു പകരം പുതിയ 500, 2000 നോട്ടുകള്‍ ആര്‍ബിഐ പുറത്തിറക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com