ഗുജറാത്ത് തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്ത് ഇന്ധനവിലയില്‍ വന്‍വര്‍ധന; ഡീസല്‍ മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍

രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയര്‍ന്നതിന് പിന്നാലെ ഇന്ത്യയിലും ഇന്ധനവില വര്‍ധിച്ചു. കൊല്‍ക്കത്തയിലും ചെന്നൈയിലും ഡീസല്‍ വില മൂന്നുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി
ഗുജറാത്ത് തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്ത് ഇന്ധനവിലയില്‍ വന്‍വര്‍ധന; ഡീസല്‍ മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍

ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയര്‍ന്നതിന് പിന്നാലെ ഇന്ത്യയിലും ഇന്ധനവില വര്‍ധിച്ചു. കൊല്‍ക്കത്തയിലും ചെന്നൈയിലും ഡീസല്‍ വില മൂന്നുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി.ഗുജറാത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ധനവില വര്‍ധിപ്പിക്കരുത് എന്ന്  എണ്ണവിതരണ കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ എണ്ണവില ഉയര്‍ന്നതില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപ്പെക്കും, റഷ്യയും എണ്ണ ഉല്‍പ്പാദനം വെട്ടിച്ചുരുക്കി. എണ്ണയുടെ ആവശ്യകത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. ഇതിന് പിന്നാലെയാണ് രാജ്യാന്തര വിപണിയില്‍ എണ്ണ വില വര്‍ധിച്ചത്. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. 

പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ പെട്രോളിനും ഡീസലിനും വ്യത്യസ്ത വിലകളാണ്. ഇതിന് പുറമേ പ്രതിദിനം ഇന്ധനവില നിശ്ചയിക്കാനുളള അധികാരം കേന്ദ്രസര്‍ക്കാര്‍ എണ്ണവിതരണ കമ്പനികള്‍ക്ക് നല്‍കിയിട്ടുമുണ്ട്. ഇക്കാരണത്താല്‍ രാജ്യാന്തര വിപണിയില്‍ എണ്ണ വിലയില്‍ ഉണ്ടാകുന്ന മാറ്റം അപ്പോള്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കും.

രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ ഡീസല്‍ വില റെക്കോഡ് നിലവാരത്തില്‍ എത്തി. ഒരു ലിറ്റര്‍ ഡീസലിന് 59.31 രൂപയായാണ് ഉയര്‍ന്നത്. ഇത് എണ്ണവിതരണ കമ്പനികള്‍ ചില്ലറ വില്‍പ്പനകേന്ദ്രങ്ങള്‍ക്ക് വിതരണം ചെയ്യുന്ന വിലയാണ്. ചെന്നൈയിലും കൊല്‍ക്കത്തയിലും യഥാക്രമം വില 62.48 രൂപയായും, 61.97 രൂപയായും ഉയര്‍ന്നു. 2014 സെപ്റ്റംബറിന് ശേഷമുളള ഏറ്റവും ഉയര്‍ന്ന വിലയാണിത്. മുംബൈയിലും സ്ഥിതി മറിച്ചല്ല. ഒരു ലിറ്റര്‍ ഡീസലിന് 62.75 രൂപയായി ഉയര്‍ന്നു. 

പെട്രോളിന്റെ വിലയിലും സമാനമായ വര്‍ധന ഉണ്ടായിട്ടുണ്ട്. ന്യൂഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ 2016 നവംബറിന് ശേഷമുളള ഏറ്റവും ഉയര്‍ന്ന വിലയാണ് രേഖപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com