വെസ്റ്റിങ്ഹൗസ് റിയാക്ടറുകള്‍: ഇന്ത്യ പിന്നോട്ടില്ല

2024 ആകുമ്പോഴേക്ക് രാജ്യത്തെ ന്യൂക്ലിയര്‍ ജനറേഷന്‍ ശേഷി മൂന്ന് മടങ്ങ് വര്‍ധിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത് 
westinghouse
westinghouse

ന്യൂഡല്‍ഹി: കനത്ത സാമ്പത്തിക തിരിച്ചടി നേരിട്ട ജപ്പാന്‍ കമ്പനി തോഷിബ കോര്‍പ്പറേഷനില്‍ നിന്നും ആറ് ആണവ റിയാക്ടറുകള്‍ വാങ്ങാനുള്ള ശ്രമം ഇന്ത്യ ഉപേക്ഷിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഉന്നത വൃത്തങ്ങള്‍. കമ്പനിയുടെ അമേരിക്കന്‍ ആണവ യുണിറ്റ് വെസ്റ്റിങ്ഹൗസിലുള്ള റിയാക്ടറുകളാണ് ഇന്ത്യ വാങ്ങുന്നത്. ആണവോര്‍ജ രംഗത്തുള്ള കമ്പനി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് 42,000 കോടി രൂപയോളം നഷ്ടമായ തോഷിബയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇത്രയും ഭീമമായ തുക നഷ്ടമായതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ചെയര്‍മാന്‍ ഷിഗനോരി ഷിഗ രാജിവെച്ചിരുന്നു.
സാമ്പത്തിക തിരിച്ചടിയില്‍ നിന്നും കരകയറുന്നതിന് മെമ്മറി ചിപ്പ് വ്യവസായം കമ്പനി വില്‍പ്പന നടത്തുമെന്നും വിദേശത്തുള്ള കമ്പനിയുടെ ആണവോര്‍ജ പ്ലാന്റുകളുടെ നിര്‍മാണം നിര്‍ത്തിവെക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
ആണവോര്‍ജം കൂടുതല്‍ വിപുലീകരിക്കാനും കല്‍ക്കരിയടക്കമുള്ള മലിനീകരണമുണ്ടാക്കുന്ന ഇന്ധനങ്ങള്‍ ഒഴിവാക്കുന്നതിന്റെയും ഭാഗമായി അരഡസന്‍ വെസ്റ്റിങ്ഹൗസ് എപി1000 റിയാക്ടറുകള്‍ ആന്ധ്രപ്രദേശില്‍ സ്ഥാപിക്കുന്നതിനായി ഇന്ത്യ ചര്‍ച്ചകള്‍ നടത്തിയിരുന്നു. 
കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബറാക്ക് ഒബാമയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയില്‍ ആണവ സഹകരണത്തിന് ഇരുരാജ്യങ്ങളും തയാറാണെന്ന് പ്രഖ്യാപിച്ചിരുന്നു. അടുത്തവര്‍ഷം ജൂണോടുകൂടെ ഇന്ത്യയില്‍ ആറ് റിയാക്ടറുകള്‍ സ്ഥാപിക്കുന്നതിനായി ഇന്ത്യന്‍ ആണവോര്‍ജ കേര്‍പറേഷനും(എന്‍പിസിഐഎല്‍) വെസ്റ്റിങ്ഹൗസും കരാറിലൊപ്പുവയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും സംയുക്തപ്രസ്താവനയില്‍ അറിയിച്ചിരുന്നു. 
പദ്ധതിയുടെ സാങ്കേതികത യോഗ്യത റിപ്പോര്‍ട്ടില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും കണ്ടില്ലെന്ന് അറ്റോമിക് എനര്‍ജി വകുപ്പ് സെക്രട്ടറി ശേഖര്‍ ബാസു വ്യക്തമാക്കി. 
റിയാക്ടറിന്റെ സാങ്കേതിക-വാണിജ്യ കാര്യങ്ങളിലുള്ള ചര്‍ച്ച പുരോഗമിച്ച് വരികയാണ്. തോഷിബയുമായിട്ടല്ല മറിച്ച് വെസ്റ്റിങ്ഹൗസുമായിട്ടാണ് ഇടപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
അതേസമയം, വെസ്റ്റിങ്ഹൗസുമായി ഇന്ത്യ ഇതുവരെ ഒരു കരാറിലും ഒപ്പുവെച്ചിട്ടില്ല. റിയാക്ടറുകള്‍ വാങ്ങാനുള്ള പദ്ധതി റദ്ദാക്കുകയോ വൈകുകയോ ചെയ്യുന്നത് 2024 ആകുമ്പോഴേക്ക് ആണവ ശേഷി മൂന്ന് മടങ്ങ് വര്‍ധിപ്പിക്കാനുള്ള ഇന്ത്യുടെ പദ്ധതികള്‍ക്ക് തിരിച്ചടിയാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com