സരസ് പൊടിതട്ടിയെടുക്കും; വ്യോമയാന വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ ഇന്ത്യയൊരുങ്ങുന്നു

ബഹിരാകാശത്ത് പുതിയ കീഴടക്കലുകള്‍ നടത്തുന്ന ഇന്ത്യയ്ക്ക് തദ്ദേശീയമായി യാത്രാ വിമാനം നിര്‍മിച്ച് സേവനം ആരംഭിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
saras
saras

ബെംഗളൂരു: സ്വന്തമായി വിമാനം നിര്‍മിക്കാനുള്ള ഇന്ത്യയുടെ പദ്ധതിക്ക് 30 വയസ്സോളം പ്രായമുണ്ട്. ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങള്‍ സ്വന്തമായി വിമാനം നിര്‍മിക്കുന്നതില്‍ ദക്ഷിണേഷ്യന്‍ രാജ്യമായ ഇന്ത്യയെ ബഹുദൂരം പിന്നിലാക്കികുതിച്ചുകൊണ്ടിരിക്കുകയാണ്. 
സ്വന്തമായി വിമാനം നിര്‍മിക്കാനുള്ള പദ്ധതി ഇന്ത്യ വീണ്ടും പൊടിതട്ടിയെടുക്കുന്നതാണ് പുതിയ വാര്‍ത്ത. ബഹിരാകാശ മേഖലയില്‍ പുതിയ നാഴികക്കല്ല് താണ്ടിയിട്ടുണ്ടെങ്കിലും ഇന്ത്യയ്ക്ക് വിമാനങ്ങള്‍ വാങ്ങുന്നതിന് ഇപ്പോഴും വിദേശ രാജ്യങ്ങളെ സമീപിക്കണം. കോടിക്കണക്കിന് രൂപയാണ് വിമാനങ്ങള്‍ വാങ്ങുന്നതിനായി ഇന്ത്യ ചെലവഴിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ഷാവര്‍ഷം വര്‍ധന രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍  വ്യോമയാന വിപണിയില്‍ വലിയ സാധ്യതയാണ് രാജ്യത്തിന് മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്നത്. 
ഈ സാധ്യത മുതലാക്കാനാണ് സിഎസ്‌ഐആര്‍ ലാബ്, നാഷണല്‍ എയറോസ്‌പെയ്‌സ് ലബോറട്ടറീസ് എന്നിവര്‍ ചേര്‍ന്ന് ആഭ്യന്തരമായി മൂന്ന് യാത്രാ വിമാനങ്ങളുണ്ടാക്കാനുള്ള പദ്ധതി പൊടിതട്ടിയെടുക്കുന്നത്. 14 സീറ്റുള്ള സരസ്, അഞ്ച് സീറ്റുകളുള്ള സിഎന്‍എം-5, 70 സീറ്റുകളുള്ള റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റ് (ആര്‍ടിഎ-70) എന്നിവയാണ് നിര്‍മിക്കാന്‍ പദ്ധതി.
സരസ് എയര്‍ക്രാഫ്റ്റിന് പരീക്ഷണത്തിനുള്ള അനുമതി കേന്ദ്ര ശാസ്ത്ര വ്യാവസായിക ഗവേഷക കൗണ്‍സിന്‍ നല്‍കിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ വെച്ച് നടന്ന എയറോ ഇന്ത്യ 2017ല്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഹര്‍ഷ് വര്‍ധന്‍ വ്യക്തമാക്കിയിരുന്നു. 
ആഭ്യന്തര യാത്രകള്‍ക്ക് ഉപകരിക്കുന്ന രീതിയില്‍ വിമാനങ്ങളുണ്ടാക്കി ചൈനയും ജപ്പാനും ഇതിന് എത്രയോ മുമ്പ് കഴിവ് തെളിയിച്ചവരാണ്. ഇത്രയും സാധ്യതയുണ്ടായിട്ടും പലകാരണങ്ങളാല്‍ ഇന്ത്യയുടെ വിമാന നിര്‍മാണ പദ്ധതികള്‍ക്ക് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. 2009ല്‍ നിര്‍മിച്ച സരസ് എയര്‍ക്രാഫ്റ്റിന്റെ പരീക്ഷണപ്പറക്കലില്‍ തന്നെ എന്‍ജിന്‍ തകരാര്‍ സംഭവിച്ച് വിമാനം തകരുകയും മൂന്ന് പേരുടെ മരണത്തിന് വഴിവെക്കുകയും ചെയ്തടക്കം പദ്ധതി പൂര്‍ത്തിയാക്കുന്നതിന് നിരവധി വെല്ലുവിളികളാണ് നേരിട്ടിരുന്നത്.
എന്നാല്‍ 14 സീറ്റുള്ള ഈ സരസ് എയര്‍ക്രാഫ്റ്റിന്റെ പ്രാഥമിക പരിശോധനകള്‍ പുരോഗമിക്കുകയാണെന്ന് നാഷണല്‍ എയറോസ്‌പെയ്‌സ് ലബോറട്ടറീസിന്റെ കീഴിലുള്ള ശാസ്ത്ര വ്യാവസായിക ഗവേഷണ കൗണ്‍സില്‍ ഡയറക്റ്റര്‍ ജിതേന്ദ്ര യാദവ് വ്യക്തമാക്കിയിട്ടുണ്ട്. 
സിഡ്‌നി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിഎപിഎ സെന്റര്‍ ഫോര്‍ ഏവിയേഷന്റെ റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്തെ ഒറ്റപ്പെട്ട് നില്‍ക്കുന്ന സ്ഥലങ്ങളുമായി വ്യോമയാന മാര്‍ഗം കൂടതല്‍ മെച്ചപ്പെടുത്താനുള്ള പ്രധാനമന്ത്രി മോദിയുടെ ഊന്നല്‍ ഈ മേഖലയില്‍ കൂടുതല്‍ വിമാനങ്ങള്‍ ആവശ്യമായി വരുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. അടുത്ത അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ 30 യാത്രാക്കാര്‍ക്ക് സൗകര്യമുള്ള നൂറുകണക്കിന് വിമാനങ്ങള്‍ ആവശ്യമായി വരുമെന്നാണ് സിഎപിഎ റിപ്പോര്‍ട്ടില്‍ പറയുന്നത്.
വാണിജ്യപരമായി ഉപയോഗിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ വ്യോമസേനയില്‍ നിന്ന് 15 സരസ് വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനമായിട്ടുണ്ട്. ഏകദേശം മൂന്ന് വര്‍ഷത്തിനകം യാത്രാ വിമാനങ്ങള്‍ സേവനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. 
സരസിന്റെ രണ്ട് പ്രോ ടൈപ്പുകള്‍ നിര്‍മിക്കുന്നതിന് 400 മുതല്‍ 500 കോടി രൂപവരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ വിമാനനത്തിന്‍ രൂപരേഖ ഔദ്യോഗികമായി തീരുമാനിക്കുകയും അടുത്ത വര്‍ഷം അവസാനത്തോടെ പറക്കാന്‍ ആരംഭിക്കുമെന്നും യാദവ് വ്യക്തമാക്കിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com