മെയ്ഡ് ഇന്‍ ഇന്ത്യ ഐഫോണ്‍ മേക്ക് ഇന്ത്യയ്ക്ക് പരസ്യം?

ഐഫോണ്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടമാണെന്നും ഒരു ബഹുരാഷ്ട്ര കമ്പനിയുടെ ഡിമാന്‍ഡിന് അനുസരിച്ച് വഴിയൊരുക്കുന്നത് തിരിച്ചടിയാകുമെന്നുമുള്ള വാദങ്ങളാണ് സാമ്പത്തിക വിദഗ്ധര്‍ക്കിടയ
മെയ്ഡ് ഇന്‍ ഇന്ത്യ ഐഫോണ്‍ മേക്ക് ഇന്ത്യയ്ക്ക് പരസ്യം?

2014ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മേക്ക് ഇന്‍ ഇന്ത്യ എന്ന പദ്ധതിയാരംഭിക്കുന്നത്. ഇന്ത്യയില്‍ തന്നെ നിര്‍മിക്കൂ എന്നായിരുന്നു പദ്ധതിയുടെ ആപ്തവാക്യം. പുതിയ പദ്ധതി ആവിഷ്‌കരിച്ചതോടെ ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ വളര്‍ച്ചയുണ്ടാകുമെന്ന സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടലുകളും മറ്റും രാജ്യത്തേക്ക് കൂടുതല്‍ കമ്പനികള്‍ നിക്ഷേപം നടത്താനും നിര്‍മാണ കേന്ദ്രങ്ങള്‍ ആരംഭിക്കാനും പ്രേരിപ്പിച്ചു. 
അതേസമയം, ഇത് ആപ്പിള്‍ പോലുള്ള പല വന്‍കിട കമ്പനികളെയും അത്ര ആകര്‍ഷിച്ചിരുന്നില്ല. ഇന്ത്യയില്‍ വലിയ വില്‍പ്പന സാധ്യതകളുണ്ടായിരുന്നെങ്കിലും ഉല്‍പ്പന്നങ്ങളുടെ നിര്‍മാണങ്ങളടക്കം ഇവിടെ നടത്താന്‍ കമ്പനിക്ക് സാധിച്ചിരുന്നില്ല.
സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ കമ്പനിക്കും കമ്പനിയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാരിനും വഴങ്ങാതെ വന്നപ്പോള്‍ മേഡ് ഇന്‍ ഇന്ത്യ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ഇതുവരെ ജനിച്ചില്ല. പിന്നീട് കഴിഞ്ഞ വര്‍ഷം ആപ്പിള്‍ മേധാവി ടിം കുക്ക് ഇന്ത്യയിലെത്തുകയും മോദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അതിന് ശേഷം കേന്ദ്ര മന്ത്രാലയങ്ങളുമായി നിരവധി തവണ ആപ്പിള്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. 
എന്നാല്‍ ചര്‍ച്ചകള്‍ക്കെല്ലാം വിരാമം കുറിക്കാനിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനകള്‍. ഈ വര്‍ഷം ആദ്യ പകുതിയില്‍ തന്നെ ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കാന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 
ഏപ്രില്‍ 2017 മുതല്‍ ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണ്‍ അടക്കമുള്ള ഗാഡ്ജറ്റുകളുടെ നിര്‍മാണം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആപ്പിള്‍ വിതരണക്കാരായ വിന്‍സ്റ്റട്രോന്‍ ഒരു അസംബ്ലി യൂണിറ്റാണ് ബെംഗളൂരുവിന് സമീപം പീനിയയിലാണ് ഈ യൂണിറ്റ് സ്ഥാപിക്കുന്നത്. ആപ്പിള്‍ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പ്രഖ്യപനങ്ങളൊന്നും നടത്തിയിട്ടില്ല. 
ഇന്ത്യയില്‍ നിര്‍മാണം ആരംഭിക്കുന്നതിനുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ സഹായ സഹകരണങ്ങള്‍ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ചെറിയ സഹായങ്ങളൊന്നുമല്ല ആപ്പിളിന് ആവശ്യം. ടാക്‌സുകള്‍ എല്ലാം ഒഴുവാക്കി ലാഭമുണ്ടാക്കിത്തരണമെന്നാണ് ലോകത്തിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര കമ്പനിയുടെ ആവശ്യം.
സാമ്പത്തിക ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള വലിയൊരു ലിസ്റ്റാണ് ആപ്പിള്‍ സര്‍ക്കാരിന് നല്‍കിയിട്ടുള്ളത്. 15 വര്‍ഷത്തേക്ക് നിര്‍മാണത്തിനാവശ്യമായ സാമഗ്രികള്‍ ഇറക്കുമതി ചെയ്യാന്‍ നികിതിയളവ് വേണമെന്നാണ് പ്രധാന ആവശ്യം.
ആപ്പിളിന്റെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന വാദവും ചില സാമ്പത്തിക വിദഗ്ധര്‍ക്കുണ്ട്. ഇന്ന് ലോകത്ത് ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ ഒന്നാണ് ആപ്പിളെന്നാണ് ഇതിന് ഇവര്‍ കാണുന്ന ന്യായം. ആപ്പിളിന്റെ വിപണി മൂല്യവും വരുമാനവും ഇന്ന് ലോകത്തുള്ള പല രാജ്യങ്ങളുടെയും മൊത്ത ആഭ്യന്ത ഉല്‍പ്പാദനത്തേക്കാള്‍ (ജിഡിപി) കൂടുതലാണ്. 
ആപ്പിളിന്റെ ഐഫോണ്‍ ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നാണ്. ആപ്പിള്‍ എന്ന ബ്രാന്‍ഡിന്റെ മേന്മയാണ് പരിഗണിക്കേണ്ട മറ്റൊരു വിഷയമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 
നിലവില്‍ മേക്ക് ഇന്‍ ഇന്ത്യ ബ്രാന്‍ഡിന് കീഴില്‍ വരുന്ന പദ്ധതികളെല്ലാം വില കുറഞ്ഞതും കുറഞ്ഞ മേന്മയുള്ളതുമാണ്. ആപ്പിളിന് ഇന്ത്യയില്‍ ഐഫോണുകള്‍ നിര്‍മിക്കാനുള്ള സാധ്യത ഒരുക്കിക്കഴിഞ്ഞാല്‍ ഇതിന് മാറ്റം വരും. ഇതോടൊപ്പം കൂടുതല്‍ വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനും സാധിക്കും. 
ആപ്പിളിനെ പോലുള്ള പുതിയ കമ്പനികള്‍ ഇന്ത്യയില്‍ വരുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടമാവുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുകയും ചെയ്യുമെന്നതാണ് മറ്റൊരു കാര്യം. 
തദ്ദേശീയമായ നിര്‍മാണം വഴി ഇപ്പോള്‍ ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണ്‍ വില്‍ക്കുന്ന വിലയില്‍ 12.5 ശതമാനം വരെ കുറവ് സംഭവിച്ചേക്കാം എന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com