വീണ്ടും ജിയോ:ഏപ്രില്‍ മുതലുള്ള താരിഫ് പ്രഖ്യാപിച്ചു

പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ജിയോ ടെലികോം വിപണിയില്‍ സ്വാധീനം ശക്തമാക്കുകയാണ്
വീണ്ടും ജിയോ:ഏപ്രില്‍ മുതലുള്ള താരിഫ് പ്രഖ്യാപിച്ചു

പ്രതിദിനം ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന ജിയോ ഏപ്രിലിന് ശേഷമുള്ള പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഹാപ്പി ന്യൂ ഇയര്‍ ഓഫറിലൂടെയുള്ള സൗജന്യ സേവനങ്ങള്‍ തുടര്‍ന്നും ഒരു വര്‍ഷത്തേക്ക് ലഭിക്കുന്നതിന് 99 രൂപയുടെ ജിയോ പ്രൈം മെംബര്‍ഷിപ്പ് എടുത്താല്‍ മതിയാകും. തുടര്‍ന്നും ഒരു വര്‍ഷത്തേക്ക് ജിയോ സൗജന്യ ഓഫറുകള്‍ ലഭിക്കണമെങ്കില്‍ പ്രതിമാസം  303 രൂപയുടെ പാക്ക് ആക്ടീവ് ചെയ്യണമെന്നും റിലയന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി വ്യക്തമാക്കി. ഇതനുസരിച്ച് ദിവസം പത്ത് രൂപയ്ക്ക് പരിധികളില്ലാത്ത ഇന്റര്‍നെറ്റ് സേവനമാണിതെന്നാണ് ജിയോ പ്രഖ്യാപിച്ചത്

ഈ വരുന്ന മാര്‍ച്ച് 31ന് റിലയന്‍സിന്റെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ അവസാനിക്കാനിരിക്കെയാണ് റിയലന്‍സ് പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 31ന് മുമ്പ് 99 രൂപ പാക്ക് ആക്ടിവേറ്റ് ചെയ്ത് സേവനം ഒരു വര്‍ഷത്തേക്കുള്ള പ്ലാനാക്കി മാറ്റാം. 
ജിയോ പ്രൈം മെംബര്‍ഷിപ്പ് ക്യാംപെയ്ന്‍ മാര്‍ച്ച് ഒന്നു മുതല്‍ 31 വരെയാണ് പദ്ധതിയിട്ടിരിക്കുന്നത്. ഈ കാലയളവില്‍ പുതിയ ഉപഭോക്താക്കള്‍ക്കും പഴയ ഉപഭോക്താക്കള്‍ക്കും മെംബര്‍ഷിപ്പ് എടുക്കാം. കൂടുതല്‍ ഓഫറുകള്‍ മൈ ജിയോ ആപ്പിലൂടെ ലഭ്യമാണെന്നും അംബാനി കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ ഒന്നുമുതല്‍ എല്ലാ വോയിസ് പ്ലാനുകളിലുള്ള വോയിസ് കോളുകള്‍ക്കും, റോമിങിനും ചാര്‍ജ് ഈടാക്കില്ല. നിലവിലുള്ള എല്ലാ കമ്പനികളും നല്‍കുന്ന പ്ലാനുകളേക്കാള്‍ 20 ശതമാനം അധിക സേവനം ജിയോ നല്‍കുമെന്നും അംബാനി പ്രഖ്യാപിച്ചു. 

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ അഞ്ചിന് സേവനം ആരംഭിച്ച റിലയന്‍സ് ജിയോ 170 ദിവസം കൊണ്ട് ജിയോ നേടിയത് പത്ത് കോടി ഉപഭോക്താക്കളെയാണ്. ഇതിന് പുറമെ 60,000 ജീവനക്കാര്‍, ലക്ഷക്കണക്കിന് സാങ്കേതിക പങ്കാളികള്‍, പത്ത് ലക്ഷം ജിയോ റീട്ടെയ്ല്‍ പങ്കാളികളും ജിയോയ്ക്കുണ്ട്. ദിവസവും ഒരു സെക്കന്‍ഡില്‍ ഏഴ് പുതിയ ഉപഭോക്താക്കളാണ് ജിയോ പുതുതായി ആക്ടീവ് ചെയ്യപ്പെടുന്നത്. ലോകത്തുള്ള ഒരു ടെക്‌നോളജി കമ്പനിക്കും ഇത്തരത്തിലുള്ള നേട്ടം അവകാശപ്പെടാനില്ലെന്നും അംബാനി വ്യക്തമാക്കി.
ബ്രോഡ്ബാന്‍ഡ് പെനട്രേഷനില്‍ ജിയോ വരുന്നതിന് മുമ്പ് മറ്റു രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ 150ാം സ്ഥാനത്തായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം 100 കോടി ജിബി ഡേറ്റയാണ് ജിയോ ഉപഭോക്താക്കള്‍ ഉപയോഗിച്ചത്. മൊബൈല്‍ ഡേറ്റ ഉപയോഗത്തില്‍ ഇന്ന് ലോക രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും മുന്നിലാണ്. 

ഓരോ ദിവസവും ജിയോ ഉപഭോക്താക്കള്‍ 200 കോടി മിനുറ്റ് വോയിസ് ആന്‍ഡ് വീഡിയോ ഉപയോഗിക്കുന്നു. അമേരിക്കയില്‍ മൊത്തം ഉപയോഗിക്കുന്ന ഇന്റര്‍നെറ്റിന് സമാനമാണ് ഇന്ത്യയില്‍ ജിയോ ഉപഭോക്താക്കള്‍ മാത്രം ഉപയോഗിക്കുന്നത്. അയല്‍ രാജ്യമായ ചൈനയേക്കാള്‍ 50 ശതമാനം അധികവും. 
മൊത്തം ഡേറ്റ ഉപയോഗത്തില്‍ ഭൂരിഭാഗവും വീഡിയോയാണ്. ദിവസവും 5.5 കോടി മണിക്കൂര്‍ വീഡിയോകളാണ് ജിയോ നെറ്റ്‌വര്‍ക്കിലൂടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അംബാനിയുടെ പ്രഖ്യാപനം വന്നതോടെ ഓഹരി വിപണിയില്‍ റിലയന്‍സ് ഓഹരികള്‍ വന്‍ മുന്നേറ്റം നടത്തി.

അതേസമയം, ടാറ്റ ടെലിസര്‍വീസുമായി ജിയോ പങ്കാളിത്തത്തിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്. ടെലികോം വിപണിയിലുള്ള മറ്റു പ്രമുഖരായ വോഡഫോണ്‍, ഐഡിയ എന്നീ കമ്പനികളുടെ ലയന ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ടാറ്റ-ജിയോ കൈകോര്‍ക്കാന്‍ ഒരുങ്ങുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com