ഇത് റോഷ്‌നി മിസ്ബാഹ്; ഒരു 'ഹിജാബി ബൈക്കര്‍'

ട്രിയംഫിന്റെ 2300 സിസി റോക്കറ്റാണ് ഹിജാബി ബൈക്കറിന്റെ അടുത്ത ലക്ഷ്യം
ഇത് റോഷ്‌നി മിസ്ബാഹ്; ഒരു 'ഹിജാബി ബൈക്കര്‍'

ലെതര്‍ ജാക്കറ്റ്, ഹൈ ഹീല്‍ ബൂട്ട്‌സ്, ഹെല്‍മറ്റിനടില്‍ തലമറക്കുന്ന ഹിജാബും. ഹോണ്ടയുടെ 250 സിസി സിബിആറില്‍ റൈഡ് ചെയ്യുമ്പോള്‍ എല്ലാവരുടെ അത്ഭുതത്തോടെയുള്ള നോട്ടം ഈ 22 കാരിയിലാകും. ഇത് റോഷ്‌നി മിസ്ബാഹ്. ഹിജാബി ബൈക്കര്‍ എന്നാണ് അറിയപ്പെടുന്നത്. റോഷ്‌നി ഇന്ന് ഡല്‍ഹിയില്‍ ഒരു സെലിബ്രിറ്റി സ്റ്റാറ്റസുള്ള വ്യക്തിയാണ്. കാരണം വേറെ അന്വേഷിക്കണോ. ഹിജാബി ബൈക്കര്‍ എന്ന പേര് മാത്രം മതിയല്ലോ. 

ന്യൂഡല്‍ഹി ജാമിയ മില്ലിയ്യ ഇസ്ലാമിയ്യ കോളേജില്‍ അറബിക്ക് ഇസ്ലാമിക്ക് കള്‍ച്ചര്‍ പഠിക്കുന്ന റോഷ്‌നി ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ആദ്യമായി ബൈക്ക് ഓടിച്ചത്. പെണ്‍കുട്ടികള്‍ക്ക് ഗിയറില്ലാത്ത സ്‌കൂട്ടര്‍ എന്ന സമൂഹത്തിന്റെ പൊതുകല്‍പ്പന പൊളിച്ചടുക്കിയാണ് റോഷ്‌നി ബൈക്കുകളോട് കൂട്ടുകൂടിയത്.


തന്റെ പിതാവിന്റെ മോട്ടോര്‍സൈക്കിള്‍ വര്‍ഷങ്ങളോളം ഉപയോഗിച്ചതിന് ശേഷം റോഷ്‌നി സ്വന്തമായി വാങ്ങിയത് ബജാജ് ക്രൂയിസാണ്. തന്റെ കുടുംബ ബിസിനസില്‍ സഹായിക്കുന്നതോടൊപ്പം സ്വന്തമായി ബൈക്ക് വാങ്ങുന്നതിന് പാര്‍ട്ട്-ടൈമായി ജോലി കണ്ടെത്തിയ റോഷ്‌നി അവസാനം ബൈക്ക് വാങ്ങുകയായിരുന്നു. ആദ്യമായി ബൈക്ക് വാങ്ങുന്നതിനുള്ള മുഴുവന്‍ പണവും റോഷ്‌നിക്ക് കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ പിതാവ് കൂടി സഹായിച്ചാണ് 220 സിസിയുള്ള ബജാജ് ക്രൂയിസര്‍ റോഷ്‌നി സ്വന്തമാക്കുന്നത്.


എന്നാല്‍ റോഷ്‌നിയെ സംബന്ധിച്ച് സ്വപ്‌നം അതിലും മുകളിലായിരുന്നു. ക്രൂയിസര്‍ അഞ്ച് മാസം ഉപയോഗിച്ചതിന് ശേഷം അതുവിറ്റു. എന്നിട്ട് വാങ്ങിയതാകട്ടെ പൗരഷത്തിന്റെ പ്രതീകമെന്ന് പാര്‍ട്രിയാര്‍ക്കല്‍ സമൂഹം വിലയിരുത്തുന്ന സാക്ഷാല്‍ റോയല്‍ എന്‍ഫീല്‍ഡും. അതും 500 സിസി. എന്‍ഫീല്‍ഡിന്റെ ശബ്ദവും അതിന്റെ ഫീലുമാണ് റോഷ്‌നിയെ എന്‍ഫീല്‍ഡിലേക്ക് ആകര്‍ഷിച്ചത്. 

ഡല്‍ഹിയിലെ യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ നിന്ന് വരുന്ന റോഷ്‌നിക്ക് തന്റെ പിതാവിന്റെ പിന്‍ബലമാണ് സ്വപ്‌നങ്ങള്‍ കീഴടക്കുന്നതിനുള്ള പിന്തുണ നല്‍കുന്നത്. ബൈക്ക് ഓടിക്കാന്‍ അനുമതി നല്‍കിയ പിതാവിന്റെ തീരുമാനം കുടുംബത്തിലെ പലരുടെയും നെറ്റി ചുളിച്ചു.
പെണ്‍കുട്ടികള്‍ക്ക് ഓടിക്കാനുള്ളതാണോ ബൈക്ക്. ഇങ്ങനെ നടന്നാല്‍ ആരാണ് ഇവളെ കല്ല്യാണം ചെയ്യുക എന്ന ചോദ്യങ്ങളാണ് കുടുംബം പിതാവിന് നേരെ ഉന്നയിച്ചത്. എന്നാല്‍, അവളുടെ സ്വപ്‌നങ്ങള്‍ പിന്തുടരാന്‍ അവളെ അനുവദിക്കൂ എന്നാണ് പിതാവ് മറുപടി പറഞ്ഞത്.
 


പെണ്‍കുട്ടികള്‍ പാചകം ചെയ്യണമെന്നും, കല്ല്യാണം കഴിച്ച് കുട്ടികളെ നോക്കണമെന്നും പറയുന്നത് സങ്കടകരമാണെന്നാണ് റോഷ്‌നിയുടെ നിലപാട്. നിരവധി ബൈക്കിംഗ് ഗ്രൂപ്പുകളില്‍ അംഗമായ റോഷ്‌നിക്ക് പക്ഷെ വേഗതയോടും സാഹസികതയോടും അത്ര താല്‍പ്പര്യമില്ല.

അതേസമയം, റോഷ്‌നിയുടെ ബൈക്ക് റൈഡിംഗ് മതമേലാളന്‍മാര്‍ക്കിടയില്‍ നീരസമുണ്ടാക്കിയിട്ടുണ്ട്. ഹിജാബ് എന്റെ ഭാഗമാണ്. അതേസമയം, മതമോ തന്റെ ഹിജാബോ തനിക്കൊരു തടസമല്ല. ഞാന്‍ അഞ്ച് നേരം നമസ്‌കരിക്കുകയും ഇസ്ലാമികമായി ജീവിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, ഇതൊന്നും എന്റെ ബൈക്ക് റൈഡിംഗില്‍ തടസമാകില്ല. എന്റെ സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമായാണ് ഞാന്‍ ഹിജാബ് ധരിക്കുന്നത്. റോഷ്‌നി വ്യക്തമാക്കി.

2300 സിസിയുള്ള ട്രിയംഫിന്റെ റോക്കറ്റാണ് അറബ് കള്‍ച്ചറില്‍ പിഎച്ച്ഡി ചെയ്യാനുദ്ദേശിക്കുന്ന റോഷ്‌നിയുടെ അടുത്ത ലക്ഷ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com