പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഇനിയും സമയം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍

By സമാലിക മലയാളം ഡെസ്‌ക്‌  |   Published: 17th July 2017 07:32 PM  |  

Last Updated: 18th July 2017 01:25 AM  |   A+A-   |  

NOTEBAN

ന്യൂഡെല്‍ഹി: അസാധു നോട്ടുകള്‍ മാറ്റാന്‍ ഇനിയും സമയം നല്‍കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.  സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് നോട്ടുകള്‍ മാറ്റാനുള്ള ഇനിയും സമയം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചത്.

അതേസമയം, കൃത്യമായ കാരണമുള്ളവര്‍ക്കു പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് ഇനിയും അവസരം നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇനിയും നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സമയം നല്‍കിയാല്‍ നോട്ട് നിരോധനത്തിലൂടെയുള്ള സര്‍ക്കാര്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്.

കള്ളപ്പണം തിരിച്ചുപിടിക്കാം എന്ന ഉദ്ദേശത്തോടെയാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ 500, 1,000 രൂപയുടെ നോട്ടുകള്‍ സര്‍ക്കാര്‍ നിരോധിച്ചത്. പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് ഡിസംബര്‍ 31 വരെ മാത്രമാണ് സര്‍ക്കാര്‍ സമയം നല്‍കിയിരുന്നത്. 

പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനു ഇനിയും അവസരം നല്‍കിയാല്‍ ഇത് ദുരുപയോഗപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ വാദം. വിനിമയത്തിലുണ്ടായിരുന്ന മൊത്തം കറന്‍സിയുടെ 87 ശതമാനം ഒരു ദിവസം പിന്‍വലിച്ച സര്‍ക്കാര്‍ നടപടി വ്യാപക പ്രതിഷേധത്തിനു വഴിയൊരുക്കിയിരുന്നു.