നിരോധിച്ച നോട്ടുകള്‍ കൈവശം വെക്കുന്നത് ശിക്ഷാര്‍ഹം; നിയമം ഉടന്‍ പ്രാബല്യത്തിലാകും

നോട്ട് നിരോധനത്തിന് ശേഷവും  ജനദ്രോഹ നടപടികളില്‍ മാറ്റമില്ല
നിരോധിച്ച നോട്ടുകള്‍ കൈവശം വെക്കുന്നത് ശിക്ഷാര്‍ഹം; നിയമം ഉടന്‍ പ്രാബല്യത്തിലാകും

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിലൂടെ അസാധുവാക്കപ്പെട്ട പത്തിലധികം നോട്ടുകള്‍ കൈവശം വെച്ചാല്‍ കുറഞ്ഞത് 10,000 രൂപ ഈടാക്കുന്നതടക്കമുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഇതുമായി ബന്ധപ്പെട്ട സ്‌പെസിഫൈഡ് ബാങ്ക് നോട്ട് ആക്ട് 2017ന് കഴിഞ്ഞ മാസം നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അനുമതി ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് നിരോധിച്ച 500, 1000 രൂപയുടെ നോട്ടുകള്‍ ഉപയോഗിച്ച് സമാന്തര സമ്പദ് വ്യവസ്ഥയുണ്ടാക്കിയേക്കുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍ പുതിയ നിയമ നിര്‍ദേശം നടത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പു വെച്ച നിയമത്തില്‍ നോട്ട് അസാധുവാക്കിയ നവംബര്‍ എട്ട് മുതല്‍ ഡിസംബര്‍ 30 വരെയുള്ള കാലയളവില്‍ ഇന്ത്യയ്ക്ക് പുറത്തായിരുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കുന്നവരില്‍ നിന്നും ചുരുങ്ങിയത് 50,000 രൂപ പിഴയായി ഇടാക്കാനും നിര്‍ദേശമുണ്ട്. ഇവരുടെ പക്കലുള്ള പഴയ നോട്ടുകള്‍ മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാം.

നിയമം പ്രാബല്യത്തില്‍ വരുന്നതോടെ പത്തിലധികം പഴയ നോട്ടുകള്‍ കൈവശം വെക്കുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കുകയും 10,000 രൂപയോ കൈവശമുള്ള നോട്ടുകളുടെ അഞ്ചിരട്ടി തുകയോ പിഴയായി ഈടാക്കുകയും ചെയ്യും. പഠനം, ഗവേഷണം, നാണയശാസ്ത്രം എന്നിവയ്ക്ക് 25 നോട്ടുകള്‍ വരെ പരമാവധി കൈവശം വെക്കാം. 

നോട്ട് നിരോധനത്തിലൂടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും കേന്ദ്ര സര്‍ക്കാരിനും വന്ന ബാധ്യത നിയമം പ്രാബല്യത്തില്‍ വരുന്നതോടെ അവസാനിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com