നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടമാകും: ലോക ബാങ്ക് മേധാവി

അന്താരാഷ്ട്ര നാണയ നിധിയും നോട്ട് നിരോധനത്തെ അനുകൂലിച്ചിരുന്നു
നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടമാകും: ലോക ബാങ്ക് മേധാവി

ന്യൂഡല്‍ഹി: നവംബര്‍ ഏഴിന് ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ നിരോധിച്ചത്  ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടമാകുമെന്ന് ലോകബാങ്ക് സിഇഒ ക്രിസ്റ്റീന ജോര്‍ജിയോവ. 
പണം മുഖ്യ വ്യവഹാര മാര്‍ഗമായ സാമ്പത്തിക വ്യവസ്ഥയില്‍ നോട്ട് നിരോധനം ജനങ്ങള്‍ക്ക് ആദ്യം ബുദ്ധിമുട്ട് സൃഷ്ടിക്കുമെങ്കിലും പിന്നീട് ഡിജിറ്റല്‍ സാമ്പദ് വ്യവസ്ഥയിലേക്ക് മാറുന്നതിന് നേട്ടമാകുമെന്നാണ് ഇവര്‍ വ്യക്തമാക്കിയത്.

അതേസമയം, നോട്ട് നിരോധനം കൊണ്ട് രാജ്യത്തെമ്പാടുമുള്ള ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഇതുവരെ മാറിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിനിടയിലാണ് ഇത്തരം നീക്കം സാമ്പദ് വ്യവസ്ഥയ്ക്ക് നേട്ടമാകുമെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നത്. സമ്പദ് വ്യവസ്ഥയിലുള്ള മൊത്തം കറന്‍സിയുടെ 86 ശതമാനം ഒരൊറ്റ ദിവസം കൊണ്ട്് പിന്‍വലിക്കുകയാണെന്നാണ് നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. കള്ളപ്പണം തടയാനാണെന്ന് പ്രഖ്യാപിച്ചാണ് നോട്ടുകള്‍ അസാധുവാക്കിയതെങ്കിലും ലോകത്തെ മികച്ച സാമ്പത്തിക ശാസ്ത്രജ്ഞരില്‍ ഒരാളായ രഘുറാം രാജന്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ നീക്കത്തിനെതിരേ രംഗത്ത് വന്നിരുന്നു. 

പണമിടപാടിലൂടെ ബിസിനസ് നടത്തുന്നവര്‍ക്ക് നോട്ട് നിരോധനം ആദ്യം ബുദ്ധിമുട്ടുണ്ടാക്കും. എന്നാല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്നതോടെ ബിസിനസിനും കൂടുതല്‍ വളര്‍ച്ച കൈവരിക്കാനാകുമെന്നും അവര്‍ ഡല്‍ഹിയില്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തി ഉള്‍ച്ചേര്‍ക്കലും ആനുകൂല്യങ്ങള്‍ നേരിട്ട് എത്തിക്കുന്നതും രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് സഹായകമാകുമെന്നും രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ജോര്‍ജിയോവ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com