ജിഎസ്ടി; കേന്ദ്രവും സംസ്ഥാനങ്ങളും സമവായത്തിലെത്തി

ജൂലൈ മുതല്‍ ജിഎസ്ടി പ്രാബല്യത്തില്‍ വരുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്
ജിഎസ്ടി; കേന്ദ്രവും സംസ്ഥാനങ്ങളും സമവായത്തിലെത്തി

ന്യൂഡല്‍ഹി: ചരക്കു സേവന നികുതിയുമായി (ജിഎസ്ടി) ബന്ധപ്പെട്ട് ജിഎസ്ടി കൗണ്‍സില്‍ ചേര്‍ന്ന യോഗത്തില്‍ സിജിഎസ്ടി, ഐജിഎസ്ടി എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളും കേന്ദ്രവും ധാരണയിലെത്തി. മാര്‍ച്ച് പകുതിയോടെ നികുതിക്കുള്ള അവസാന അനുമതി ലഭ്യമാകും. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും പ്രത്യേകം ജിഎസ്ടി എന്ന വിഷയത്തിലാണ് ധാരണയായത്. ഇതില്‍ കേന്ദ്രം ഈടാക്കുന്ന ജിഎസ്ടിക്ക് സിജിഎഎന്നും സംസ്ഥാനം ഇടാക്കുന്നതിന് ഐജിഎസ്ടിയെന്നുമാണ് പറയുക. 

കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി സംസ്ഥാനങ്ങളുമായി ജിഎസ്ടി വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ചരക്കു സേവന നികുതി പ്രാബല്യത്തില്‍ വരുത്തുന്നതടക്കമുള്ള കാര്യങ്ങള്‍ മന്ത്രി ചര്‍ച്ച ചെയ്തു. അതേസമയം, സംസ്ഥാന തലത്തിലുള്ള ജിഎസ്ടി ബില്‍ എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ല. 

പരോക്ഷ നികുതികള്‍ എല്ലാം ഒരു കുടക്കീഴില്‍ വരുന്ന ജിഎസ്ടി കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുത്തുമെന്നായിരുന്നു അരുണ്‍ ജയ്റ്റ്‌ലി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, സംസ്ഥാനങ്ങള്‍ക്ക് വരുമാന നഷ്ടമുണ്ടാക്കുമെന്ന് ആരോപിച്ച് കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനെതിരേ രംഗത്ത് വന്നിരുന്നു.

ഇക്കഴിഞ്ഞ ജിഎസ്ടി കൗണ്‍സിലിന്റെ യോഗത്തില്‍ സംസ്ഥാനങ്ങളുടെ ജിഎസ്ടിയിലുള്ള 26 നിര്‍ദേശങ്ങള്‍ കേന്ദ്രം അംഗീകരിച്ചതായി പശ്ചമ ബംഗാള്‍ ധനകാര്യ മന്ത്രി അമിത് മിത്ര വ്യക്തമാക്കി. സിജിഎസ്ടി, ഐജിഎസ്ടി എന്നിവയുമായി ബന്ധപ്പെട്ട ചര്‍ച്ച അടുത്ത യോഗത്തില്‍ നടത്തുമെന്നും അദ്ദേഹം.

ധാബകള്‍, ചെറിയ റെസ്‌റ്റോറന്റുകള്‍ എന്നിവയുടെ സംയുക്ത സ്‌കീം വേണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചു. ഇവയ്ക്ക് ചുമത്തുന്ന അഞ്ച് ശതമാനം നികുതി തുല്യമായി പങ്കിട്ടെടുക്കും.  

ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ അടുത്തയാഴ്ചയാരംഭിക്കുന്ന ബജറ്റ് സെഷനില്‍ കേന്ദ്രം ബില്‍ അവതരിപ്പിക്കും. ജൂലൈ മുതല്‍ ജിഎസ്ടി പ്രാബല്യത്തില്‍ വരുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com