21 വര്‍ഷത്തിന് ശേഷം ജനറല്‍ മോട്ടോഴ്‌സ് ഹലോള്‍ പ്ലാന്റ് വിടുന്നു

ചൈനീസ് വാഹന നിര്‍മാണ ഭീമന്‍ സായ്ക്ക് മോട്ടോഴ്‌സ് പ്ലാന്റ് ഏറ്റെടുത്തേക്കും
21 വര്‍ഷത്തിന് ശേഷം ജനറല്‍ മോട്ടോഴ്‌സ് ഹലോള്‍ പ്ലാന്റ് വിടുന്നു

അഹ്മദാബാദ്: അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ് 21 വര്‍ഷത്തിന് ശേഷം ഗുജറാത്തിലുള്ള വാഹന നിര്‍മാണ ശാല വിടുന്നു. അടുത്ത മാസത്തോടെ പ്ലാന്റ് അടച്ചുപൂട്ടാനാണ് കമ്പനി ഒരുങ്ങുന്നത്. ഈ മാസത്തോടെ ഇവിടെയുള്ള വാഹന നിര്‍മാണം നിര്‍ത്തി അടുത്ത മാസത്തോടെ അടച്ചു പൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷം പകുതിയോടെ പ്ലാന്റ് അടച്ചുപൂട്ടുമെന്ന് 2015ല്‍ ജനറല്‍ മോട്ടോഴ്‌സ് പ്രഖ്യാപിച്ചിരുന്നു. പിന്നീട്, തൊഴിലാളികളുടെയും ഓഹരിയുടമകളുടെയും വിതരണക്കാരുടെയും മാറ്റം ഉറപ്പാക്കുന്നതിന് പ്ലാന്റ് അടച്ചുപൂട്ടല്‍ ഈ വര്‍ഷം മാര്‍ച്ചിലേക്ക് മാറ്റുകയായിരുന്നു.

പ്ലാന്റിലുള്ള 650 തൊഴിലാളികളില്‍ ഭൂരിഭാഗവും സ്വമേധയാ പിരിഞ്ഞു പോകല്‍ സ്‌കീം അംഗീകരിക്കാത്തതിരുന്നിട്ടും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി കമ്പനി പ്ലാന്റ് അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. 

ബിസിനസ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജനറല്‍ മോട്ടോഴ്‌സ് പ്ലാന്റ് വിടുന്നത്. ജീവനക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചതിന് ശേഷം പ്ലാന്റ് അടച്ചുപൂട്ടാനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്ന് ഗുജറാത്ത് ചീഫ് സെക്രട്ടറി ജെഎന്‍ സിംഗ് വ്യക്തമാക്കി. 

ഒരു മാസം മുമ്പ് കമ്പനിയുടെ സ്വമേധയാ പിരിഞ്ഞുപോകല്‍ സ്‌കീം ജീവനക്കാര്‍ എതിര്‍ത്തിരുന്നു. സൂപ്പര്‍വൈസര്‍മാര്‍ക്ക് 35 മുതല്‍ 40 ലക്ഷം വരെ ഓഫര്‍ ചെയ്ത കമ്പനി ബാക്കിയുള്ള ജീവനക്കാര്‍ക്ക് എട്ട് മുതല്‍ പത്ത് ലക്ഷം വരെയാണ് നല്‍കാമെന്ന് പറയുന്നതെന്ന് ഹലോള്‍ പ്ലാന്റിലുള്ള തൊഴിലാളികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. 

അതേസമയം, കമ്പനിയുടെ വില്‍പ്പന നടക്കുന്ന പ്ലാന്റിലെ ചില ആസ്തികള്‍ ചൈനീസ് വാഹന നിര്‍മാണ ഭീമന്‍ സായ്ക്ക് മോട്ടോഴ്‌സിന് (എസ്എഐസി) വില്‍പ്പന നടത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) ഈ ഏറ്റെടുക്കലിന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും തൊഴിലാളികളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com