അക്കൗണ്ട് ഉടമസ്ഥരേ, പോക്കറ്റ് ചോരാതെ നോക്കൂ!

പണമിടപാടുകള്‍ നിരുത്സാഹപ്പെടുത്തി ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനാണെന്ന് ബാങ്കുകള്‍
അക്കൗണ്ട് ഉടമസ്ഥരേ, പോക്കറ്റ് ചോരാതെ നോക്കൂ!

രാജ്യത്തെ പ്രമുഖ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, ആക്‌സിസ് എന്നിവ നിശ്ചിത പരിധിക്കുമുകളിലുള്ള പണമിടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഉപഭോക്താക്കള്‍ അറിഞ്ഞുകാണും. ഇതോടൊപ്പം ഇതുവരെ ചില സൗജന്യമായി നല്‍കിയിരുന്ന ചില സേവനങ്ങള്‍ക്കും ചാര്‍ജ് ഈടാക്കാനുള്ള തീരുമാനം ഈ ബാങ്കുകള്‍ കൈകൊണ്ടിട്ടുണ്ട്. കൂടുതല്‍ ബാങ്കുകള്‍ ഇതേ രീതിയിലേക്ക് ഉടന്‍ തന്നെ എത്തിയേക്കാമെന്നാണ് വിലയിരുത്തലുകള്‍. പണമിടപാടുകള്‍ നിരുത്സാഹപ്പെടുത്തി ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നതെന്നാണ് ബാങ്കുകള്‍ വ്യക്തമാക്കുന്നത്. 


ഈ പറഞ്ഞ ബാങ്കുകളില്‍ നിങ്ങള്‍ക്ക് അക്കൗണ്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണിവ:

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)

  • ഏപ്രില്‍ മുതല്‍ എസ്ബിഐ സേവിംഗ് അക്കൗണ്ടുള്ളവര്‍ക്ക് ഒരു മാസം മൂന്ന് തവണമാത്രമാണ് സൗജന്യമായി ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ സാധിക്കുക. അതുകഴിഞ്ഞ് ഓരോ ഇടപാടുകള്‍ക്കും 50 രൂപയും ടാക്‌സും നല്‍കേണ്ടി വരും. കറന്റ് അക്കൗണ്ടുകള്‍ക്ക് ഇത് 20,000 രൂപയോളമായിരിക്കും.
  • അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കിലും പിഴയീടാക്കും. മെട്രോ പൊളിറ്റന്‍ നഗരങ്ങള്‍, നഗരങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ മിനിമം ബാലന്‍സ് വ്യത്യസ്തമായിരിക്കും. അതായത് ഗ്രാമങ്ങളില്‍ കുറവും നഗരങ്ങളില്‍ കൂടുതലും. മെട്രോ പൊളിറ്റന്‍ നഗരങ്ങളില്‍ മിനിമം ബാലന്‍സ് 5,000 രൂപയാണ്. ഇതിന്റെ 75 ശതമാനത്തില്‍ കുറവ് വന്നാല്‍ 100 രൂപയും സര്‍വീസ് ടാക്‌സും ബാങ്ക് ഈടാക്കും. ഇനി മിനിമം ബാലന്‍സില്‍ 50 ശതമാനം കുറഞ്ഞാല്‍ 50 രൂപയും സര്‍വീസും ചാര്‍ജുമാണ് പിഴ. 2012 മുതല്‍ എസ്ബിഐ ഇത്തരം ചാര്‍ജുകള്‍ ഈടാക്കുന്നുണ്ട്.
  • മറ്റു ബാങ്കുകളുടെ എടിഎം വഴി ഇടപാടുകള്‍ മൂന്നില്‍ കൂടിയാല്‍ 20 രൂപവരെയാണ് എസ്ബിഐ ഈടാക്കുക. എസ്ബിഐ എടിഎമ്മിലൂടെ അഞ്ചില്‍ കൂടുതല്‍ ഇടപാടുകള്‍ നടത്തിയാല്‍ പത്ത് രൂപയും ഈടാക്കും. അതേസമയം, എസ്ബി അക്കൗണ്ടില്‍ 25,000 രൂപയില്‍ കൂടുതല്‍ തുകയുണ്ടെങ്കില്‍ എസ്ബിഐ എടിഎമ്മില്‍ നിന്ന് എത്രതവണ വേണമെങ്കിലും സൗജന്യമായി ഇടാപാടുകള്‍ നടത്താം.  മറ്റുബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് സൗജന്യമായി എത്രവേണമെങ്കിലും ഉപയോഗിക്കണമെങ്കില്‍ അക്കൗണ്ടില്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ വേണം.
  •  മൂന്ന് മാസകാലയളവില്‍ ശരാശരി 25,000 രൂപ മിനിമം ബാലന്‍സായി വെക്കുന്നു ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് പ്രതിമാസം എസ്എംഎസ് ചാര്‍ജായി 15 രൂപ ബാങ്ക് ഈടാക്കും. 1,000 രൂപവരെയുള്ള യുപിഐ, യുഎസ്എസ്ഡി ഇടപാടുകള്‍ക്ക് ചാര്‍ജ് ഇല്ല.

ആക്‌സിസ് ബാങ്ക്

  •  പണം അഠക്കലും പിന്‍വലിക്കലുമായി പ്രതിമാസം അഞ്ച് ഇടപാടുകള്‍ ആക്‌സിസ് ബാങ്കില്‍ സൗജന്യമായിരിക്കും. അതിന് ശേഷമുള്ള ഓരോ ഇടപാടുകള്‍ക്കും മിനിമം ഫീസായി 95 രൂപ ഈടാക്കും. 
  • സ്വന്തം ബ്രാഞ്ചുകളല്ലാത്തവയിലൂടെയുള്ള അഞ്ചില്‍ കൂടുതല്‍ ഇടപാടുകള്‍ക്കും ചാര്‍ജ് നല്‍കേണ്ടി വരും. ഒരു ദിവസം ഡെപ്പോസിറ്റ് ചെയ്യാന്‍ പറ്റുന്ന പരമാവധി തുക 50,000 രൂപയായിരിക്കും. ഇതില്‍ കൂടുതലുള്ളതോ അല്ലെങ്കില്‍ ആറാമത്തെ ഡെപ്പോസിറ്റിനോ 1,000 രൂപയ്ക്ക് 2.50 എന്ന നിലയിലോ അല്ലെങ്കില്‍ 95 രൂപയോ ഈടാക്കും. ഏതാണ് കൂടുതല്‍ അതാകും ഈടാക്കുക.


എച്ച്ഡിഎഫ്‌സി ബാങ്ക്

  • നാല് ഇടപാടുകള്‍ മാത്രമാണ് എച്ച്ഡിഎഫ്‌സി ഒരു മാസം സൗജന്യമായി ഉപഭോക്താക്കള്‍ക്ക് നല്‍കുക. അതിന് ശേഷമുള്ള ഓരോ ഇടപാടിനും 150 രൂപ ഈടാക്കും. സാലറി അക്കൗണ്ടുകള്‍ക്കും സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്കും ഇത് ബാധകമാകും. 
  • ഹോം ബ്രാഞ്ചുകളിലൂടെയുള്ള പരമാവധി പിന്‍വലിക്കാനും നിക്ഷേപിക്കാനും പറ്റുന്ന തുക രണ്ട് ലക്ഷം രൂപയായിരിക്കും. ഇതില്‍ കൂടുതല്‍ തുകയാണെങ്കില്‍ 1,000 രൂപയ്ക്ക് അഞ്ച് രൂപയോ അല്ലെങ്കില്‍ 150 രൂപയോ നല്‍കേണ്ടി വരും.

ഐസിഐസിഐ ബാങ്ക്

  • ഐസിഐസിഐ ബാങ്കില്‍ നാല് ഇടപാടുകളാണ് സൗജന്യമായി നടത്താന്‍ സാധിക്കുക. അതിന് ശേഷമുള്ള ഓരോ ഇടപാടുകള്‍ക്കും ചാര്‍ജ് ഈടാക്കും. 1,000 രൂപയ്ക്ക് അഞ്ച് രൂപവെച്ചോ അല്ലെങ്കില്‍ 150 രൂപയോ ആണ് ഈടാക്കുക. 50,000 രൂപയാണ് തേര്‍ഡ് പാര്‍ട്ടി പരിധി. മാസത്തില്‍ സ്വന്തം ബ്രാഞ്ചില്‍ അല്ലാത്തവയില്‍ നിന്നുള്ള ആദ്യ പണം പിന്‍വലിക്കലിന് ചാര്‍ജ് ഈടാക്കില്ലെങ്കിലും രണ്ടാമത്തെ ഇടപാടുകള്‍ മുതല്‍ ചാര്‍ജ് ഈടാക്കും. 
  • ഡെപ്പോസിറ്റുകള്‍ക്ക് ആയിരത്തിന് അഞ്ച് രൂപാ നിരക്കിലോ അല്ലെങ്കില്‍ 150 രൂപയോ ഈടാക്കും. ഡെപ്പോസിറ്റ് മെഷീന്‍ മുഖേനയുള്ള ആദ്യ നിക്ഷേപത്തിന് ചാര്‍ജില്ലെങ്കിലും രണ്ടാമത്തെ മുതല്‍ 1,000 രൂപയ്ക്ക് അഞ്ച് രൂപാ നിരക്കിലോ 150 രൂപയോ ഈടാക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com