പഴയ നോട്ടുകളുടെ ഡെപ്പോസിറ്റ്:  ആര്‍ബിഐക്കും കേന്ദ്രത്തിനും സുപ്രീം കോടതി നോട്ടീസ്

നിരോധിച്ച നോട്ടുകള്‍ കൈവശം വെക്കുന്നതും ഇടപാടുകള്‍ നടത്തുന്നതും കുറ്റകരമാകുന്ന നിയമം പ്രാബല്യത്തില്‍ വരുത്താനിരിക്കെയാണ് സുപ്രീം കോടതി നോട്ടീസ്
പഴയ നോട്ടുകളുടെ ഡെപ്പോസിറ്റ്:  ആര്‍ബിഐക്കും കേന്ദ്രത്തിനും സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: മാര്‍ച്ച് 31 വരെ പഴയ നോട്ടുകള്‍ ബാങ്കുകളില്‍ ഡെപ്പോസിറ്റ് ചെയ്യാമെന്ന പ്രധാനമന്ത്രിയുടെ വാക്ക് പാലിക്കാത്തതിനെതിരേ റിസര്‍ ബാങ്ക് ഓഫ് ഇന്ത്യയ്ക്കും (ആര്‍ബിഐ) കേന്ദ്ര സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ്. 

പഴയ നോട്ടുകള്‍ ഡെപ്പോസിറ്റ് ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മാര്‍ച്ച് 31 വരെയുള്ള കാലാവധി മാറ്റിപ്പറഞ്ഞത് എന്തുകൊണ്ടാണെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ നേതൃത്വം നല്‍കിയ സുപ്രീം കോടതി ബെഞ്ച് നോട്ടീസയച്ചിരിക്കുന്നത്. ഹര്‍ജിയില്‍ വെള്ളിയാഴ്ച വീണ്ടും വാദം കേള്‍ക്കുന്ന ബെഞ്ച് കേന്ദ്രവും ആര്‍ബിഐയും ഇതുസംബന്ധിച്ച് പ്രതികരണം അറിയിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് നോട്ടുകള്‍ നിരോധിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തില്‍ 2016 ഡിസംബര്‍ 31ന് ശേഷവും ആര്‍ബിഐയുടെ മുഖ്യ ശാഖകളില്‍ 2017 മാര്‍ച്ച് 31 വരെ പഴയ നോട്ടുകള്‍ കൃത്യമായ രേഖകളോടെ മാറ്റിയെടുക്കാമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ആര്‍ബിഐ അവസാനം പുറത്തിറക്കിയ ഉത്തരവനുസരിച്ച് നവംബര്‍ എട്ട് മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഇന്ത്യയ്ക്ക് പുറത്തുള്ളവരുടെ നോട്ടുകള്‍ മാത്രമാണ് മാര്‍ച്ച് 31 വരെ സ്വീകരിക്കുകയെന്നാണ് പറയുന്നത്.

ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് നോട്ട് നിരോധനം വന്നതിനാല്‍ മാറ്റിയെടുക്കാന്‍ സാധിക്കില്ലെന്ന് കാണിച്ച് ഡല്‍ഹി സ്വദേശിനിയടക്കം ആര്‍ബിഐക്കെതിരേ നാല് പരാതികളോളം സുപ്രീം കോടതിയിലുണ്ട്. നിരോധിച്ച നോട്ടുകള്‍ കൈവശം വെക്കുന്നതും ഇടപാടുകള്‍ നടത്തുന്നതും കുറ്റകരമാകുന്ന നിയമം പ്രാബല്യത്തില്‍ വരുത്താനിരിക്കെയാണ് സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com