മിനിമം ബാലന്‍സ് 50, ചാര്‍ജ് ഇല്ലാതെ എടിഎം, പോസ്റ്റ് ഓഫിസ് ബാങ്കിന്റെ യാഥാര്‍ഥ്യമെന്ത്?

ഒന്നര ലക്ഷം തപാല്‍ ഓഫിസുകളാണ് രാജ്യത്തുള്ളത്. ഇതില്‍ 1.3 ലക്ഷവും ഗ്രാമങ്ങളിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയായ സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിന് ആകെയുള്ളത 25,000ഓളം ശാഖകളാണ്.
മിനിമം ബാലന്‍സ് 50, ചാര്‍ജ് ഇല്ലാതെ എടിഎം, പോസ്റ്റ് ഓഫിസ് ബാങ്കിന്റെ യാഥാര്‍ഥ്യമെന്ത്?

അക്കൗണ്ട് തുറക്കാന്‍ ഇരുപതു രൂപ, മിനിമം ബാലന്‍സ് അന്‍പത്, ചെക് ബുക്കിന് അഞ്ഞൂറ്. പുതുതലമുറ ബാങ്കുകളുടെ ഒരു നിയന്ത്രണവുമില്ലാത്ത കൊള്ള അനുദിനം വര്‍ധിച്ചുവരുന്ന കാലത്ത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ് പോസ്റ്റ് ഓഫിസ് സേവിങ്‌സ് ബാങ്കിനെക്കുറിച്ചുള്ള വിവരങ്ങള്‍. മിനിമം ബാലന്‍സ് ഉയര്‍ത്തിയും ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ചും പുതുതലമുറ ബാങ്കുകളും പൊതുമേഖലാ ബാങ്കുകളും വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിന് ഇടയിലാണ് പോസ്റ്റല്‍ ബാങ്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഷെയര്‍ ചെയ്യപ്പെടുന്നത്.

പോസ്റ്റല്‍ ബാങ്കിങ് സേവനം നേരത്തെ തന്നെ തപാല്‍ വകുപ്പ് നല്‍കിവരുന്നതാണ്. സേവിങ്‌സ് അക്കൗണ്ടുകള്‍ തുറക്കാനും പണം സൂക്ഷിക്കാനും നേരത്തെ തന്നെ സൗകര്യമുണ്ടായിരുന്നു. നാലു ശതമാനമാണ് പോസ്റ്റല്‍ സേവിങ്‌സ് അക്കൗണ്ട് പലിശനിരക്ക്. കോര്‍ ബാങ്കിങ് സൗകര്യം ഏര്‍പ്പെടുത്തി ബന്ധിപ്പിച്ചതോടെയാണ് പോസ്റ്റല്‍ ബാങ്ക് അക്കൗണ്ട് ഉടമകളെ സംബന്ധിച്ച് കൂടുതല്‍ ഉപയോഗപ്രദമായത്. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി രാജ്യത്തെ മുന്‍നിര ബാങ്കുകളോടു കിടപിടിക്കാവുന്ന വിധത്തില്‍ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ പോസ്റ്റല്‍ ബാങ്ക്.

ഒന്നര ലക്ഷം തപാല്‍ ഓഫിസുകളാണ് രാജ്യത്തുള്ളത്. ഇതില്‍ 1.3 ലക്ഷവും ഗ്രാമങ്ങളിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയായ സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിന് ആകെയുള്ളത 25,000ഓളം ശാഖകളാണ്. ഒന്നര ലക്ഷം തപാല്‍ ഓഫിസുകളില്‍ 23,091ലും ഇതിനകം കോര്‍  ബാങ്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 968 എടിഎമ്മുകളും പ്രവര്‍ത്തന സജ്ജമായിക്കഴിഞ്ഞു. കൂടുതല്‍ തപാല്‍ ഓഫിസുകളില്‍ കോര്‍ ബാങ്കിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനും കൂടുതല്‍ എടിഎമ്മുകള്‍ സ്ഥാപിക്കുന്നതിനുമാണ് പോസ്റ്റല്‍ ബാങ്ക് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. ഇതോടെ ജനകീയമായ ബാങ്കിങ് ബ്രാന്‍ഡ് എന്ന നിലയിലേക്കു മാറാനാവുമെന്നാണ് തപാല്‍വകുപ്പിന്റെ കണക്കുകൂട്ടല്‍.

മറ്റ് ഏതു ബാങ്ക് എടിഎമ്മിലും ഉപയോഗിക്കാവുന്ന ഡെബിറ്റ് കാര്‍ഡാണ് പോസറ്റല്‍ ബാങ്ക് നല്‍കുന്നത്. എടിഎം ഉപയോഗത്തിന് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നില്ല. രാജ്യത്ത് എവിടെയും കോര്‍ ബാങ്കിങ് സൗകര്യമുള്ള ബ്രാഞ്ചിലേക്ക് അക്കൗണ്ട് മാറ്റാം. ഏതു ബ്രാഞ്ചില്‍നിന്ന് അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കുന്നതിനും സര്‍വീസ് ചാര്‍ജ് നല്‍കേണ്ടതില്ല.

മൊബൈല്‍ ബാങ്കിങ്, ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവയിലേക്കു കടന്നിട്ടില്ല എന്നതാണ് പോസ്റ്റല്‍ ബാങ്കിന്റെ പോരായ്മകളിലൊന്ന്. തപാല്‍ ഓഫിസുകളുടെ അടിസ്ഥാന സൗകര്യ വികസനവും ജീവനക്കാരുടെ പരിശീലനവും പൂര്‍ത്തിയാക്കിയിട്ടില്ല എന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 

പോസ്റ്റല്‍ ബാങ്കിന്റെ പ്രവര്‍ത്തനത്തിനു പുറമേയാണ് തപാല്‍ വകുപ്പ് പുതുതായി പെയ്‌മെന്റ് ബാങ്കിങ് രംഗത്തേക്കു കടക്കുന്നത്. റിസര്‍വ് ബാങ്ക് ഇതിനുള്ള അനുമതി തപാല്‍ വകുപ്പിനു നല്‍കിയിട്ടുണ്ട്. പോസ്റ്റല്‍ പെയ്‌മെന്റ് ബാങ്കിന്റെ പ്രവര്‍ത്തനം പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com