വൊഡഫോണ്‍-ഐഡിയ പുതിയ മാര്‍ക്കറ്റ് രാജാവ്

ഐഡിയ-വോഡാഫോണ്‍ ലയനത്തെക്കുറിച്ച് അറിയേണ്ട വിവരങ്ങള്‍
വൊഡഫോണ്‍-ഐഡിയ പുതിയ മാര്‍ക്കറ്റ് രാജാവ്

ഐഡിയ സെല്ലുലറിന്റെ ഉടമകളായ ആദിത്യ ബിര്‍ളാ ഗ്രൂപ്പിന്റെ അധ്യക്ഷന്‍ കുമാര്‍ മംഗലം ബിര്‍ളയായിരിക്കും പുതിയ കമ്പനിയുടെ അധ്യക്ഷന്‍

പുതിയ കമ്പനി രാജ്യത്തെ ഏറ്റവും വലിയ സെല്ലുലാര്‍ സ്ഥാപനമാകും. 37.5 കോടി വരിക്കാരാണ് ഇരുകമ്പനികള്‍ക്കും ചേര്‍ന്നുള്ളത്. മുകേഷ് അമ്പാനിയുടെ റിലയന്‍സ് ജിയോയ്ക്ക് ഇപ്പോഴുള്ളത് 10 കോടി വരിക്കാര്‍.

ഇരു കമ്പനികളും ചേര്‍ന്ന ഓഹരി മൂല്യം 40,000 കോടി രൂപ വരും. ഇരുസ്ഥാപനങ്ങള്‍ക്കും ചേര്‍ന്ന് 89,000 കോടി രൂപയുടെ കടമുണ്ട്.

ലയനച്ചര്‍ച്ച തുടങ്ങിയത് ഒരു വര്‍ഷം മുന്‍പ്. റിലയന്‍സ് ജിയോയുടെ നീക്കത്തെ പ്രതിരോധിക്കാന്‍ ഇരു സ്ഥാപനങ്ങളും യോജിക്കാന്‍ എട്ടുമാസം മുന്‍പ് തത്വത്തില്‍ തീരുമാനിച്ചു.

ബ്രിട്ടന്‍ ആസ്ഥാനമായ വൊഡഫോണ്‍ ഐഡിയയോടു ചേര്‍ന്നതോടെ സ്വകാര്യ മേഖലയില്‍ മല്‍സരം മൂന്നു കമ്പനികള്‍ തമ്മില്‍ മാത്രമായി. പുതിയ കമ്പനിയായ ഐഡിയ-വൊഡാഫോണ്‍, ജിയോ, എയര്‍ടെല്‍ എന്നിവയാണ് മല്‍സരത്തില്‍. ബി.എസ്.എന്‍.എല്‍ പുതിയ താരിഫുകളുമായി രംഗത്തു വീണ്ടും സജീവമാകുന്നു. 

2016-17 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ അര്‍ദ്ധ വര്‍ഷത്തില്‍ വൊഡാഫോണിന്റെ സര്‍വീസ് വരുമാനം 22,579 കോടി രൂപ. മുന്‍വര്‍ഷത്തെ ഇതേ കാലത്തേക്കാള്‍ 5.9% വര്‍ദ്ധന. ഡാറ്റാ ബ്രൗസിങ്ങില്‍ നിന്നുള്ള വരുമാനം 4,617 കോടി രൂപ. 18.8 ശതമാനത്തിന്റെ വര്‍ദ്ധന. ഐഡിയ സെല്ലുലറിന് ഇതേ കാലത്ത് മൊത്തവരുമാനം 18,787 കോടി രൂപയായിരുന്നു. ലാഭം 5979 കോടി രൂപയും. 

1995-ല്‍ ഐഡിയ തുടങ്ങുമ്പോള്‍ ആദിത്യ ബിര്‍ളാ ഗ്രൂപ്പിനും ടാറ്റാ ഗ്രൂപ്പിനും എ.ടി ആന്‍ഡ് ടി വയര്‍ലെസ്സിനും തുല്യ പങ്കാളിത്തമായിരുന്നു. എ.ടി.ആന്‍ഡ് ടി സിംഗുലര്‍ വയര്‍ലെസ്സുമായി ലയിച്ചപ്പോള്‍ അവരുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന 32.9 ശതമാനം ഓഹരികള്‍ ടാറ്റയും ആദിത്യ ബിര്‍ളാ ഗ്രൂപ്പും തുല്യമായി വാങ്ങി. പിന്നീട് ടാറ്റാ സ്വന്തം മൊബൈല്‍ കമ്പനി പ്രഖ്യാപിച്ചതോടെ ടാറ്റയുടെ കൈവശം ഉണ്ടായിരുന്ന 48.18 ശതമാനം ഓഹരികളും ആദിത്യ ബിര്‍ളാ ഗ്രൂപ്പ് ഏറ്റെടുത്തു. മലേഷ്യയില്‍ നിന്നുള്ള അക്‌സിയാറ്റ പിന്നീട് കമ്പനിയില്‍ 20 ശതമാനം ഓഹരികള്‍ വാങ്ങി. 

ലണ്ടന്‍ ആസ്ഥാനമായ വൊഡാഫോണ്‍ ഗ്രൂപ്പ് കണക് ഷനുകളുടെ എണ്ണത്തില്‍ ലോകത്തെ രണ്ടാമത്തെ കമ്പനിയാണ്. ഒന്നാം സ്ഥാനം ചൈനാ മൊബൈലിന് ആണ്. 26 രാജ്യങ്ങളിലാണ് സ്വന്തം നിലയ്ക്കു പ്രവര്‍ത്തനം. 50 രാജ്യങ്ങളില്‍ മറ്റു കമ്പനികളുമായി ചേര്‍ന്നും പ്രവര്‍ത്തിക്കുന്നു. എയര്‍ടെല്ലിനു ശേഷം ഇന്ത്യയിലെ രണ്ടാമത്തെ കമ്പനിയായിരുന്ന വൊഡഫോണ്‍ ഇന്ത്യയുടെ ആസ്താനം മുംബൈയാണ്. വൊഡാഫോണിന്റെ 4ജി സര്‍വീസ് രാജ്യത്ത് ആദ്യം ആരംഭിച്ചത് കൊച്ചിയിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com