മണ്‍സൂണ്‍ പ്രതീക്ഷയില്‍ ഓഹരി വിപണിയില്‍ കുതിപ്പ്; സൂചികകള്‍ പുതിയ ഉയരത്തില്‍
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 10th May 2017 07:23 PM |
Last Updated: 10th May 2017 07:23 PM | A+A A- |

മുംബൈ: ഈ വര്‍ഷം മണ്‍സൂണ്‍ സാധാരണ ഗതിയിലായിരക്കുമെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം വന്നതോടെ ഓഹരി വിപണിയില്‍ സൂചികകള്‍ കുതിച്ചു. സെന്‍സെക്‌സ് സൂചിക 315 പോയിന്റ് ഉയര്‍ന്ന് 30,248ലും ദേശീയ ഓഹരി സൂചിക നിഫ്റ്റി 90.45 പോയിന്റ് ഉയര്‍ന്ന് 9,407.30ലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.
രണ്ട് സൂചികകളും ഇത്രയും ഉയര്‍ന്ന നേട്ടം കരസ്ഥമാക്കുന്നത് ആദ്യമായാണ്. എല്‍ നിനോ പ്രതിഭാസത്തെ തുടര്‍ന്നുള്ള ആശങ്കയില്‍ രാജ്യത്ത് 96 ശതമാനം മഴമാത്രമാണ് മണ്‍സൂണില്‍ ലഭിക്കുകയെന്നായിരുന്നു ആദ്യം കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നത്. എന്നാല്‍ പുതിയ പ്രവചനം അനുസരിച്ച് 100 ശതമാനം മഴലഭിക്കുമെന്നതാണ് ഓഹരി വിപണിയില്‍ കാളക്കുതിപ്പുണ്ടാക്കിയത്.
രാജ്യത്തെ മൊത്തം മഴയുടെ 70 ശതമാനവും മണ്‍സൂണിലാണ് ലഭിക്കുന്നത്. കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വുണ്ടാകുന്ന പ്രവചനം വന്നത് മുതല്‍ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ കമ്പനികളും കാര്‍ഷിക മേഖലുള്ള കമ്പനികളുടെയും ഓഹരികള്‍ കുതിച്ചു.
2015 മാര്‍ച്ചില്‍ ആര്‍ബിഐ വായ്പാ പ്രഖ്യാപനത്തില്‍ പലിശനിരക്ക് കുറച്ചപ്പോള്‍ രേഖപ്പെടുത്തിയ 30,025 ആയിരുന്നു അതുവരെയുളള റെക്കോഡ്. അതു തിരുത്തി കുറിച്ചാണ് ഓഹരി വിപണി സര്‍വകാല റെക്കോഡിലേക്ക് കുതിച്ചത്.