ഇലക്ട്രിക്ക് വാഹന നയം ഡിസംബറോടെ പുറത്തിറക്കുമെന്ന് നിതിന്‍ ഗഡ്ക്കരി; ലക്ഷ്യം ഇ-വാഹനങ്ങളുടെ പ്രചാരം വര്‍ധിപ്പിക്കുക
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 16th May 2017 07:11 PM |
Last Updated: 17th May 2017 05:49 PM | A+A A- |

ന്യൂഡെല്‍ഹി: ഇലക്ട്രിക് വാഹനങ്ങള്‍ പ്രേത്സാഹിപ്പിക്കുന്നതിനുള്ള ഇലക്ട്രിക് വാഹന നയം ഈ വര്‍ഷം അവസാനത്തോടെ തയാറാകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി. ഇലക്ട്രിക് വാഹന കരട് നയത്തിന്റെ രൂപരേഖയിലുള്ള നിര്‍ദേശങ്ങള്‍ കാബിനെറ്റ് സെക്രട്ടറിക്ക് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, ഘന വ്യവസായ മന്ത്രി ആനന്ദ് ഗീഥെ, പരിസ്ഥിതി മന്ത്രി അനില്‍ ദാവെ, ഊര്‍ജ മന്ത്രി പീയുഷ് ഗോയല്‍ എന്നീ മന്ത്രിമാരുടെ അനൗദ്യോഗിക സംഘമാണ് രൂപരേഖ തയാറാക്കിയിരിക്കുന്നത്.
ഈ വര്‍ഷം ഡിസംബറോടെ രാജ്യത്ത് ഇലക്ട്രിക്ക് വാഹന നയം തയാറാക്കും. ലൈറ്റ്, ഹെവി വാഹനങ്ങളും ഇതില്‍ ഉള്‍പ്പെടും.-ഗഡ്ക്കരി വ്യക്തമാക്കി. ഇലക്ട്രിക്ക് വാഹന നിര്‍മാണത്തിന് നിരവധി ആഭ്യന്തര കമ്പനികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇലക്ട്രിക്ക് വാഹന ഗതാഗതത്തിന്റെ പൈലറ്റ് പദ്ധതി അടുത്തയാഴ്ച നാഗ്പൂരില്‍ അവതരിപ്പിക്കും. മറ്റു നഗരങ്ങള്‍ക്ക് മാതൃകയാക്കാനുള്ള രീതിയിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. ഗതാഗത മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് രാജ്യത്ത് പ്രചാരം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരം വാഹനങ്ങളുടെ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് ആനുകൂല്യങ്ങള്‍ നല്‍കുകയും ഡീസല്‍, പെട്രോള്‍ വാഹനങ്ങളെ നിരുത്സാഹപ്പെടുത്തണമെന്നും നീതി അയോഗ് കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.