വാട്‌സാപ്പ് 'പണി തരുന്നത്' നോക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം; പൗരന്മാര്‍ കെണിയില്‍പ്പെടാതെ സര്‍ക്കാര്‍ നോക്കണം
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 17th May 2017 07:46 PM |
Last Updated: 18th May 2017 04:52 PM | A+A A- |

ന്യൂഡെല്‍ഹി: വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ സേവനദാതാക്കള്‍ സൗജന്യമായി നല്‍കുന്ന സേവനങ്ങള്‍ രാജ്യത്തെ പൗരന്മാരെ കെണിയിലാക്കാതെ സര്‍ക്കാര്‍ നോക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം. രാജ്യത്തെ 16 കോടിയോളം വരുന്ന ഉപഭോക്താക്കളെ ഈ സംവിധാനങ്ങള്‍ ഏതെങ്കിലും രീതിയില്‍ കെണിയില്‍ പെടുത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്.
എന്നാല്‍, വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കി വരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. വാട്‌സാപ്പിലൂടെ കൈമാറുന്ന വിവരങ്ങള്‍ മറ്റൊരാള്‍ക്ക് ചോര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന് കാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ദീപക് മിശ്ര നേതൃത്വം വഹിക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിര്‍ദേശം നല്‍കിയത്.
അതേസമയം, ഫോണ്‍ നമ്പരുകള്‍, അവസാനം കണ്ട സ്റ്റാറ്റസ്, ഫോണ്‍ ഐഡി, രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ മാത്രമാണ് വാട്‌സാപ്പ് സൂക്ഷിക്കുന്നത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ കമ്പനി ആര്‍ക്കും കൈമാറില്ലെന്നും ഇവ സുരക്ഷിതമാണെന്നും വാട്‌സാപ്പിന്റെ ഉടമസ്ഥരായ ഫെയ്‌സ്ബുക്കിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ വേണുഗോപാല്‍ കോടതിയില്‍ ബോധിപ്പിച്ചു.
ഇതുസംബന്ധിച്ച വാദം ജൂലൈ 21ന് വീണ്ടും തുടരും.