അമേരിക്കയിലെ ഇന്ത്യന്‍ ഐടി വിദഗ്ധര്‍ ആശങ്കയില്‍ ; എച്ച് വണ്‍ ബി വിസ നീട്ടികിട്ടുന്നത് ഇനി മുതല്‍ ദുഷ്‌ക്കരം

പുതിയ നടപടി അമേരിക്കയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി
അമേരിക്കയിലെ ഇന്ത്യന്‍ ഐടി വിദഗ്ധര്‍ ആശങ്കയില്‍ ; എച്ച് വണ്‍ ബി വിസ നീട്ടികിട്ടുന്നത് ഇനി മുതല്‍ ദുഷ്‌ക്കരം

വാഷിംഗ്ടണ്‍: ഇന്ത്യന്‍ ഐടി വിദഗ്ധരുടെ പ്രതീക്ഷകള്‍ക്ക് വീണ്ടും മങ്ങലേല്‍പ്പിച്ച് അമേരിക്കന്‍ നടപടി. ഇന്ത്യന്‍ ഐടി വിദഗ്ധര്‍ അമേരിക്കയിലേക്ക് കുടിയേറാന്‍ മുഖ്യമായി ആശ്രയിക്കുന്ന എച്ച് വണ്‍ ബി വിസ വ്യവസ്ഥകള്‍ കൂടുതല്‍ കടുപ്പിച്ച് അമേരിക്കന്‍ ഭരണകൂടം പുതിയ ഉത്തരവിറക്കി. എച്ച് വണ്‍ ബി വിസ കാലാവധി നീട്ടിവാങ്ങുന്ന ഘട്ടത്തില്‍ പാലിക്കേണ്ട വ്യവസ്ഥകളിലാണ് അമേരിക്കന്‍ ഭരണകൂടം പുതിയ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ഇതനുസരിച്ച് പ്രസ്തുത ഘട്ടത്തില്‍ അമേരിക്കയില്‍ കുടിയേറിയിട്ടുളള ഐടി വിദഗ്ധന്‍ താന്‍ യോഗ്യനാണ് എന്ന് വീണ്ടും തെളിയിക്കേണ്ടിവരും. 
2004ലെ നിലവിലെ വ്യവസ്ഥ കൂടുതല്‍ സങ്കീര്‍ണമാക്കിയാണ് അമേരിക്കയുടെ നടപടി. ഒരു തവണ യോഗ്യത തെളിയിച്ച് എച്ച് വണ്‍ ബി വിസയില്‍ ജോലിയില്‍ പ്രവേശിക്കുന്ന ഐടി വിദഗ്ധന് സ്വാഭാവികമായി വിസ കാലാവധി നീട്ടി നല്‍കുകയായിരുന്നു പതിവ്. പുതിയ ഉത്തരവിന് മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കുമെന്ന് അമേരിക്കന്‍ എമിഗ്രേഷന്‍ ലോയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വില്യം സ്റ്റോക്ക് അറിയിച്ചു. ഇതോടെ പുതിയ അപേക്ഷകര്‍ക്ക് ഒപ്പം അമേരിക്കയില്‍ തങ്ങുന്ന മറ്റു ഇന്ത്യക്കാരും ആശങ്കയിലാണ്. വിസ നീട്ടുന്നതിന് ഒപ്പം കുടിയേറ്റ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും പരിശോധന കര്‍ശനമാക്കും. ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കി വിസ കാലാവധി നീട്ടുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ക്ക് താന്‍ അര്‍ഹന്‍ ആണെന്ന് ഐടി വിദഗ്ധര്‍ ഉറപ്പുവരുത്തേണ്ടി വരും. അമേരിക്കയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്ന നയത്തിന്റെ ഭാഗമായാണ് പുതിയ നടപടി എന്നാണ് പൊതുവെയുളള വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com