മൊബൈല്‍ നമ്പറിനെ ഇനി എളുപ്പത്തില്‍ ആധാറുമായി ബന്ധിപ്പിക്കാം: മൂന്ന് പുതിയ മാര്‍ഗങ്ങളുമായി കേന്ദ്രം 

വണ്‍ ടൈം പാസ്‌വേഡ് ഉള്‍പ്പടെയുള്ള മൂന്ന് പുതിയ എളുപ്പവഴികളാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നതെന്ന് കമ്യൂണിക്കേന്‍ മന്ത്രി മനോജ് സിന്‍ഹ പറഞ്ഞു
മൊബൈല്‍ നമ്പറിനെ ഇനി എളുപ്പത്തില്‍ ആധാറുമായി ബന്ധിപ്പിക്കാം: മൂന്ന് പുതിയ മാര്‍ഗങ്ങളുമായി കേന്ദ്രം 

ന്യൂഡല്‍ഹി: മൊബൈല്‍ നമ്പറിനെ ആധാറുമായി ബന്ധിപ്പിക്കാന്‍ സര്‍വീസ് പ്രൊവൈഡര്‍മാരുടെ സ്റ്റോര്‍ അന്വേഷിച്ച് നടന്ന് നിങ്ങള്‍ നട്ടംതിരിഞ്ഞോ? എന്നാല്‍ ഇനി അധികം ബുദ്ധിമുട്ടേണ്ടതായി വരില്ല. സ്വന്തം മൊബൈലിലൂടെ തന്നെ ഫോണ്‍ നമ്പറിനെ ആധാറുമായി ബന്ധിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. വണ്‍ ടൈം പാസ്‌വേഡ് ഉള്‍പ്പടെയുള്ള മൂന്ന് പുതിയ എളുപ്പവഴികളാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നതെന്ന് കമ്യൂണിക്കേന്‍ മന്ത്രി മനോജ് സിന്‍ഹ പറഞ്ഞു. 

വണ്‍ ടൈം പാസ് വേഡ്, ആപ്പ് അധിഷ്ഠിതം, ഇന്ററാക്റ്റീവ് വോയ്‌സ് റെസ്‌പോണ്‍സ് (ഐവിആര്‍എസ്) എന്നീ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള മൂന്ന് പുതിയ സംവിധാനങ്ങളാണ്  മൊബൈല്‍ നമ്പറിനെ ആധാറുമായി ബന്ധിപ്പിക്കുന്നതിനായി ടെലികമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കൊണ്ടുവന്നിരിക്കുന്നത്. പുതിയ സൗകര്യം കൊണ്ടുവന്നതോടെ ടെലികോം സര്‍വീസ് പ്രൊവൈഡര്‍മാരുടെ സ്റ്റോര്‍ സന്ദര്‍ശിക്കാതെ തന്നെ ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ നമ്പറിനെ ആധാറുമായി ബന്ധിപ്പിക്കാന്‍ സാധിക്കും. 

വിവിധ ഗവണ്‍മെന്റ് പദ്ധതികളുമായി ആധാറിനെ ബന്ധിപ്പിക്കാനുള്ള സമയപരിധി 2018 മാര്‍ച്ച് 31 ലേക്ക് നീട്ടിയതായി കഴിഞ്ഞ ദിവസം കേന്ദ്രം സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. പുതിയ മാനദണ്ഡം അനുസരിച്ച് ജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ പൂര്‍ത്തിയാക്കുന്നതിനുള്ള സൗകര്യം ടെലികോം ഓപ്പറേറ്റര്‍മാര്‍  ഒരുക്കണം. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായാണ് പുതിയ മാര്‍ഗങ്ങള്‍ കൊണ്ടുവന്നതെന്ന് സിന്‍ഹ പറഞ്ഞു. 

അധാറുമായി ഫോണ്‍ നമ്പര്‍ ബന്ധിപ്പിക്കുന്നത് എളുപ്പത്തിലാക്കാനുള്ള ഗവണ്‍മെന്റിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്നും എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കാന്‍ കുറച്ച് സമയമെടുക്കുമെന്നും സെല്ലുലര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രതിനിധി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com