ജിയോ വിയര്‍ക്കും; തുച്ഛമായ വിലയ്ക്ക് സ്മാര്‍ട്ട് ഫോണുമായി എയര്‍ടെല്‍

1349 രൂപയ്ക്ക് സ്മാര്‍ട്ട് ഫോര്‍ജി ആന്‍ഡ്രോയിഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ ഓഫറുമായി എയര്‍ടെല്‍
ജിയോ വിയര്‍ക്കും; തുച്ഛമായ വിലയ്ക്ക് സ്മാര്‍ട്ട് ഫോണുമായി എയര്‍ടെല്‍

മുംബൈ:കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട റിലയന്‍സ് ജിയോയിന് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ആകര്‍ഷകമായ ഫോര്‍ ജി ശേഷിയുളള ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കാന്‍ ഒരുക്കുന്ന റിലയന്‍സ് ജിയോവിന് അതേ നാണയത്തില്‍ വീണ്ടും തിരിച്ചടി കൊടുക്കാന്‍ തയ്യാറെടുക്കുകയാണ് എയര്‍ടെല്‍.  1349 രൂപയ്ക്ക് സ്മാര്‍ട്ട് ഫോര്‍ജി ആന്‍ഡ്രോയിഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് നല്‍കി ജിയോയുമായി ഒരുകൈ നോക്കാനാണ് എയര്‍ടെലിന്റെ പരിപാടി. ആഭ്യന്തര ഫോണ്‍ നിര്‍മ്മാതാക്കളായ സെല്‍ക്കോണുമായി സഹകരിച്ച് ഫോണ്‍ വിപണിയില്‍ ഇറക്കാനാണ് പദ്ധതി. 

2849 രൂപ തുടക്കത്തില്‍ അടച്ച് ഫോണ്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് മൂന്ന് വര്‍ഷത്തിനുളളില്‍ രണ്ട് ഘട്ടങ്ങളിലായി 1500 രൂപ തിരിച്ചുകൊടുക്കുന്ന വിധമാണ് ഓഫര്‍. എന്നാല്‍ മൂന്നുവര്‍ഷത്തെ നിര്‍ദിഷ്ട സമയപരിധിക്കുളളില്‍ 6000 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഫലത്തില്‍ 1349 രൂപ മാത്രം  ഫോണിന് ചെലവാകുന്ന നിലയിലാണ് പ്ലാനിന് രൂപം നല്‍കിയിരിക്കുന്നത്. റിലയന്‍സ് ജിയോയില്‍ നിന്നും വ്യത്യസ്തമായി മൂന്ന് കൊല്ലം കഴിയുമ്പോള്‍ ഫോണ്‍ ഉപഭോക്താവിന് സ്വന്തമാകുമെന്ന് എയര്‍ടെല്‍ അവകാശപ്പെടുന്നു.   മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഫോണ്‍ മടക്കിനല്‍കുമ്പോള്‍  മാത്രം ഉപഭോക്താവിന് പണം തിരിച്ച് കിട്ടുന്ന നിലയിലാണ് റിലയന്‍സ് ജിയോയുടെ ഓഫര്‍.

ഫോര്‍ ഇഞ്ച് ഡിസ്പ്ലയും, ഡ്യൂവല്‍ സിം കാര്‍ഡ് സൗകര്യവും, എട്ട് ജി ബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് കപ്പാസിറ്റിയുമാണ് സെല്‍ക്കോണ്‍ സ്മാര്‍ട്ട് ഫോര്‍ ജി ഹാന്‍ഡ് സെറ്റിന്റെ പ്രത്യേകത. മറ്റൊരു ആഭ്യന്തര ഹാന്‍ഡ് സെറ്റ് ഫോണ്‍ നിര്‍മ്മാതാക്കളായ കാര്‍ബണുമായി സഹകരിച്ച് ജിയോയെ നേരിടാന്‍ എയര്‍ടെല്‍ സമാനമായ പ്ലാന്‍ അവതരിപ്പിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com