ബോള്‍ഡ് വിത്ത് ബ്യൂട്ടിഫുള്‍ ഔട്ട് ലുക്ക്

''ഇനി ഞാന്‍ ശീമാട്ടിയില്‍ പൊയ്‌ക്കോട്ടെ...?' ഒരൊറ്റ ചോദ്യം. ചരിത്രത്തിന്റെ ഭാഗമാകാന്‍ കാത്തുനിന്നപോലെയുള്ള ആ ചോദ്യത്തിന്: അച്ഛന്‍ മറുപടി നല്‍കി; ''തീര്‍ച്ചയായും നീ പോണം.'
ബീനാ കണ്ണന്‍/ ചിത്രങ്ങള്‍: ഷിജിത്ത്, എക്‌സ്പ്രസ്‌
ബീനാ കണ്ണന്‍/ ചിത്രങ്ങള്‍: ഷിജിത്ത്, എക്‌സ്പ്രസ്‌

''ഇനി ഞാന്‍ ശീമാട്ടിയില്‍ പൊയ്‌ക്കോട്ടെ...?' ഒരൊറ്റ ചോദ്യം. ചരിത്രത്തിന്റെ ഭാഗമാകാന്‍ കാത്തുനിന്നപോലെയുള്ള ആ ചോദ്യത്തിന്: അച്ഛന്‍ മറുപടി നല്‍കി; ''തീര്‍ച്ചയായും നീ പോണം.' അങ്ങനെ ബീനാ കണ്ണന്‍ എന്ന വ്യക്തിയുടെ ജീവിതത്തിലേയ്ക്ക് ശീമാട്ടിയുടെ വരുംകാല ചരിത്രം കുറിക്കുകയായിരുന്നു ആ ചോദ്യവും ഉത്തരവും- ശീമാട്ടിയുടെ സാരഥി ബീനാ കണ്ണനുമായുള്ള അഭിമുഖം.

ശീമാട്ടിയുടെ തുടക്കം, മഹത്തരമായ കാഴ്ചപ്പാടിന്റേയും

അച്ഛന്‍ വീരയ്യ റെഡ്ഢിയാര്‍. ആലപ്പുഴയില്‍ മാത്രമല്ല, അതിന്റെ പ്രാന്തപ്രദേശങ്ങളിലും അറിയപ്പെട്ടിരുന്ന ഒരു വ്യവസായ പ്രമുഖന്‍. അച്ഛന്റെ സഹോദരി നല്‍കിയ 4000 രൂപയില്‍നിന്നു തുടങ്ങുന്നു അച്ഛന്റെ വ്യവസായ ചരിത്രം. 'ശീമാട്ടി' എന്ന പേര് നല്‍കിയതും ആ സഹോദരി. 'ശീമാട്ടി' എന്നാല്‍ സുന്ദരി എന്നര്‍ത്ഥം. ഐശ്വര്യവതിയായ ആ സഹോദരിയുടെ കൈനീട്ടം വെറുതെയായില്ല. ആദ്യ നിക്ഷേപത്തില്‍നിന്നു പടിപടിയായി വളര്‍ന്നു പന്തലിച്ചതാണ് 'ശീമാട്ടി' എന്ന വസ്ത്രവ്യാപാര സാമ്രാജ്യം. ഒപ്പം, അച്ഛന്റെ ആത്മാര്‍ത്ഥമായ കച്ചവടസംസ്‌കാരവും. കച്ചവടത്തില്‍ മാത്രമല്ല, അച്ഛന്റെ ജീവിതത്തിലുടനീളം ആ സംസ്‌കാര വിശുദ്ധിയുണ്ടായിരുന്നു. അതിന്റെ അനുഗ്രഹമാവാം 'ശീമാട്ടി'യെ ഉയരങ്ങളിലെത്തിക്കുന്നതും. സഹായം ചോദിച്ചെത്തുന്നവരെ അച്ഛന്‍ നിരാശപ്പെടുത്തിയിരുന്നില്ല. എന്തും കൊടുത്തും ഊട്ടിയും വളര്‍ത്തിയ എത്രയോ ആളുകള്‍. അച്ഛനും അമ്മയും എന്റെ ആദ്യ പാഠശാലകളെന്നു തോന്നിയിട്ടുണ്ട്. ഒരുപാടാളുകളെ യാതൊരു മടിയുമില്ലാതെ ഊട്ടാനും ഊട്ടിപ്പിക്കാനും എന്റെ അമ്മയ്ക്കാവുമായിരുന്നു. വീട്ടില്‍ പലപല ആവശ്യങ്ങളുമായെത്തുന്നവര്‍ക്ക് അമ്മ അന്നവും സ്‌നേഹവും നല്‍കി. അച്ഛന്‍ ആവശ്യക്കാര്‍ക്ക് അവരര്‍ഹിക്കുന്ന വിധത്തില്‍ അര്‍ത്ഥവും നല്‍കിപ്പോന്നു. നാട്ടില്‍, ഏതൊരാവശ്യത്തിനും അച്ഛന്‍ വേണമായിരുന്നു. അച്ഛന്റെ നിലപാടുകള്‍ ഒട്ടുമിക്കവയും വിജയമായിരുന്നു; സത്യസന്ധതയായിരുന്നു അതിനു കാരണം. യഥാര്‍ത്ഥ മാനേജ്‌മെന്റ് പഠനം ആര്‍ജ്ജിക്കുന്നതു വീട്ടില്‍നിന്നാണ്. ഒരു മാതൃകാ കുടുംബത്തിന്റെ പാരമ്പര്യം, അതുതന്നെയായിരുന്നു പില്‍ക്കാലത്തു ഞാന്‍ സാരഥ്യം വഹിച്ച സ്ഥാപനത്തില്‍ ചങ്കുറപ്പോടെ നില്‍ക്കാന്‍ എന്നെ പ്രാപ്തയാക്കിയതും. അച്ഛന്റെ ജീവിതാനുഭവം ശക്തമായിരുന്നെന്നു തോന്നിയിട്ടുണ്ട്, കാഴ്ചപ്പാടുകള്‍ തീഷ്ണവും. അച്ഛന്റെ ശരികള്‍ക്കപ്പുറം മറ്റൊന്നുമില്ല. സത്യത്തില്‍, പിന്നീട് ഞാനെന്റെ ജീവിതത്തിലെടുത്ത നിര്‍ണ്ണായക തീരുമാനങ്ങളെല്ലാം അച്ഛന്റെ ശരികള്‍ക്കൊപ്പം സഞ്ചരിക്കാന്‍ ശ്രമിച്ചുകൊണ്ടുള്ളവയായിരുന്നു.

ഏകമകള്‍, അരുതുകള്‍ ഏറെ

വീട്ടിലെ ഏക മകള്‍. അതിനാല്‍ 'അരുതുകള്‍' ഏറെയായിരുന്നു. എന്തിലും ഏതിലും സ്വന്തമായൊരു കാഴ്ചപ്പാടുണ്ടായിരുന്നെങ്കിലും അതൊന്നും പ്രാവര്‍ത്തികമാക്കാന്‍ എന്റെ ശീലങ്ങള്‍ക്കും ശീലക്കേടുകള്‍ക്കനുസരിച്ചും ജീവിക്കാന്‍ വീട്ടില്‍ സമ്മതമില്ലായിരുന്നു. പക്ഷേ, അതൊന്നും എനിക്കു സ്ഥായിയായ ദുഃഖങ്ങള്‍ നല്‍കിയില്ല. പകരം, വീട്ടിലുള്ള 'അരുതുകള്‍' എന്നെ കൂടുതല്‍ കൂടുതല്‍ ജാഗരൂകയാക്കുകയായിരുന്നു. വീട്ടിലെ യാഥാസ്ഥിതികത അതിനാല്‍ ഒരര്‍ത്ഥത്തില്‍ ഞാനും ആസ്വദിച്ചിരുന്നു.
ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. വയലിന്‍ വായിക്കുമായിരുന്നു. പിന്നീടെന്റെ നൃത്തത്തിനും തൊഴിലിനും ഏകാഗ്രത നല്‍കാന്‍ ഈ വയലിന്‍ പഠനം സഹായിച്ചു. വീടിനടുത്തുള്ള കുടുംബമായിരുന്നു എന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കള്‍. മൂന്ന് പെണ്‍കുട്ടികളുള്ള കുടുംബം. വേനല്‍ക്കാലാവധികളില്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു അവധിക്കാലം ആസ്വദിച്ചതും യാത്രകള്‍ നടത്തിയതും. 
സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയതിനുശേഷം, കോട്ടയം ബി.സി.എമ്മില്‍ ബോട്ടണി മുഖ്യവിഷയമായി ചേര്‍ന്നു. ബി.എസ്.സിക്ക് എനിക്ക് സര്‍വ്വകലാശാലയില്‍ത്തന്നെ രണ്ടാം റാങ്കോടെ പാസ്സാകാന്‍ കഴിഞ്ഞു. മെഡിസിനായിരുന്നു അടുത്ത ലക്ഷ്യം. രോഗികളായ ആളുകളെ കാണുന്നതും അവരുടെ സങ്കടങ്ങള്‍ മാത്രം കാണേണ്ടിവരുന്നതും എനിക്കു താങ്ങാന്‍ പറ്റുന്നതായിരുന്നില്ല. പിന്നെ, എല്‍.എല്‍.ബിക്കു പോവണമെന്നായി. അച്ഛന്‍ വിട്ടില്ല. പിജിക്കും പോവണമെന്നുണ്ടായിരുന്നു. അതിനും അച്ഛന്‍ സമ്മതിച്ചില്ല. ''പിജി പഠിച്ച് നീ എന്തു ചെയ്യാന്‍' എന്നായിരുന്നു അച്ഛന്റെ നിലപാട്. അച്ഛന്‍ പറയുന്നതേ നടക്കൂ. അതറിയാവുന്ന ഞാന്‍ തിരിച്ചു ചോദിച്ചു: ''എന്നാല്‍ ഞാന്‍ ഇനി ശീമാട്ടിയില്‍ പൊയ്‌ക്കോട്ടേ' എന്ന്. അച്ഛന്‍ ആ ചോദ്യത്തിനായി കാത്തുനിന്നിരുന്ന പോലെ. മറുപടിയും ഉടന്‍ വന്നു. ''തീര്‍ച്ചയായും നീ പോണം.' എന്റെ രാശി 'ക്യാന്‍സര്‍' ആണ്. ക്യാന്‍സര്‍ രാശിക്കാര്‍ ബിസിനസ്സ് മേഖലയില്‍ തിളങ്ങുന്നവരാണ്. അവര്‍ക്ക് എന്തുകൊണ്ടും അനുയോജ്യമായതും ബിസിനസ്സ് തന്നെ. വീട്ടില്‍ വെറുതെ കുത്തിയിരിക്കാന്‍ എനിക്കിഷ്ടമില്ലായിരുന്നു. അതുകൊണ്ടു മാത്രമാണ് ''ഞാന്‍ ഇനി ശീമാട്ടിയില്‍ പൊയ്‌ക്കോട്ടെ' എന്നു ചോദിച്ചത്. പക്ഷേ, എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു ആ ഒരൊറ്റ ചോദ്യവും അച്ഛന്റെ മറുപടിയും. എന്റെ ഭാവിവരനും അതിനോട് യോജിപ്പായിരുന്നു. അദ്ദേഹത്തിന്റെ പൂര്‍ണ്ണ പിന്തുണയും എനിക്ക് ആത്മവിശ്വാസം നല്‍കി. അങ്ങനെ ഞാന്‍ ശീമാട്ടിയില്‍ പോകാന്‍ തീരുമാനിച്ചു.

എണ്‍പതുകളിലെ ശീമാട്ടി

1980-കളിലാണ് ശീമാട്ടിയില്‍ ഞാനെത്തുന്നത്. അച്ഛന്റെ അസിസ്റ്റന്റ് ആയി. ഈ രംഗത്ത് ഞാനെത്ര സീരിയസ്സ് ആണെന്നു മറ്റുള്ളവര്‍ക്കറിയില്ല. അത്ര സുഖകരമായ ഒരന്തരീക്ഷം അല്ലായിരുന്നു അവിടെ. ഇവിടെ കുറച്ച് നാള്‍ നിന്ന്, പിന്നെ പൊയ്‌ക്കോളും എന്ന വിചാരത്തിലായിരുന്നു അവിടെയുള്ളവര്‍. കച്ചവടം അത്ര കാര്യമായില്ല, ആളുകളുടെ കെടുകാര്യസ്ഥത തന്നെ. ഞാന്‍ വന്നതിനുശേഷം ചെറിയ ചെറിയ മാറ്റങ്ങള്‍ വരുത്തി. കൂടുതല്‍ സമയം കച്ചവടം പഠിക്കാനും കാര്യങ്ങള്‍ മനസ്സിലാക്കാനും ഞാന്‍ ചെലവഴിച്ചു. അനാവശ്യമായ ചെലവുകള്‍ നിര്‍ത്തി. കച്ചവടത്തില്‍ മാത്രം ശ്രദ്ധിക്കാന്‍ എല്ലാവരോടും നിര്‍ദ്ദേശിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിച്ചു. കൂടെനിന്നു കച്ചവടം ലാഭമുള്ളതാക്കാന്‍ മാര്‍ഗ്ഗങ്ങള്‍ കാട്ടിക്കൊടുത്തു. അപ്പോള്‍, സ്വാഭാവികമായും തിരിച്ചടികള്‍ വന്നു. എല്ലാ ഭാഗത്തുനിന്നും സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായി. ഒരു സ്ത്രീ എന്ന നിലയില്‍ പിടിച്ചുനില്‍ക്കാന്‍ നന്നേ ബുദ്ധിമുട്ടിയിരുന്നു. അപ്പോഴും ശീമാട്ടിയുടെ ഉയര്‍ച്ച മാത്രമായിരുന്നു ലക്ഷ്യം. ആ വിജയത്തിനുവേണ്ടിയുള്ള സമര്‍പ്പണമായിരുന്നു പിന്നീടുള്ള ഓരോ ചുവടുവെയ്പും.
അന്നെല്ലാം ലുങ്കി, കൈലി, മല്ലു, ഗാഡ തുടങ്ങിയവയായിരുന്നു തുണിത്തരങ്ങള്‍. ബനാറസ് സില്‍ക്ക് സാരിയായിരുന്നു കല്യാണസാരി. അഞ്ഞൂറ് രൂപ മുതലാണ് വിലനിലവാരം. പ്‌ളെയിന്‍ സാരികളാണ് കൂടുതലും വിറ്റിരുന്നത്. ആദ്യമായി ബ്രാ ഉണ്ടാക്കിച്ച് ഇറക്കിയത് ശീമാട്ടിയായിരുന്നു. 1990-കളിലാണ് കാഞ്ചിപുരം സാരികള്‍ വിപണിയിലെത്തിയത്. വര്‍ഷത്തിലൊരിക്കല്‍ ഡിസ്‌കൗണ്ട് സെയില്‍ തുടങ്ങിയതും കൊച്ചിയിലാണ്. 1993-ല്‍ ടെമ്പിള്‍ ഓഫ് സില്‍ക്‌സ് കൊച്ചിയില്‍ തുറന്നു. ഫാഷന്റെ കാര്യത്തില്‍ മലയാളികള്‍ ഒരു കാതം പിന്നിലാണ്. മുംബൈയിലും ഡല്‍ഹിയിലും പുതിയ മോഡല്‍ ഡ്രസ്സ് പാറ്റേണുകള്‍ വന്ന്, വര്‍ഷങ്ങള്‍ കഴിഞ്ഞേ നമ്മള്‍ മലയാളികള്‍ അതിനെ സ്വീകരിക്കൂ. പക്ഷേ, ഇപ്പോള്‍ മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ട്. ന്യൂ ജനറേഷന്‍ പെണ്‍കുട്ടികള്‍ കളര്‍, ഡിസൈന്‍ എന്നിവ ചോദിച്ചു വാങ്ങും. അവര്‍ കുറേക്കൂടി ഫാഷന്‍ ഇഷ്ടപ്പെടുന്നവരാണ്: പുതിയ ട്രെന്‍ഡുകള്‍ മനസ്സിലാക്കുന്നവരും. അവര്‍ ആവശ്യപ്പെടും പോലെ ചെയ്തു കൊടുക്കാന്‍ ഇന്നു പറ്റുന്നുണ്ട്. എനിക്ക് ഉത്തമവിശ്വാസമുണ്ട്, ഇന്ന് ശീമാട്ടി ഏതൊരു ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിലും മത്സരിക്കാന്‍ പാകത്തില്‍ വളര്‍ച്ച എത്തിക്കഴിഞ്ഞിരിക്കുന്നു എന്ന്. എന്നാലും എവിടെയും ഉള്ള പോലെ ബാലാരിഷ്ടതകള്‍, കുറവുകള്‍, പോരായ്മകള്‍ കാണാം. അവയെല്ലാം പരിഹരിച്ചു മുന്നോട്ടു തന്നെ പോകാനാവുമെന്ന് എന്റെ വിശ്വാസം.

സ്ത്രീ ഉത്തരവാദിത്വബോധം ഉള്ളവളാകണം

സ്വന്തം ഉത്തരവാദിത്വങ്ങളില്‍നിന്ന് ആര്‍ക്കും വ്യതിചലിക്കാനാവില്ല. അത് സ്ത്രീ ആയാലും പുരുഷനായാലും. ഉത്തരവാദിത്വങ്ങള്‍ വളരെ ധൈര്യപൂര്‍വ്വം നേരിടണമെന്നു മാത്രം. അവളെ അത്തരത്തില്‍ പാകപ്പെടുത്തിയെടുക്കാന്‍ കുടുംബവും തുനിയണം. ഉത്തരവാദിത്വങ്ങള്‍ പങ്കുവെച്ച് അവളെ കൂടുതല്‍ കരുത്തുള്ളവളാക്കാന്‍ കുടുംബം തയ്യാറാകണം. ആത്യന്തികമായി ആത്മാര്‍ത്ഥതയാണ് വേണ്ടത്. നിലപാടുകള്‍ സത്യസന്ധവുമായിരിക്കണം. നമ്മുടെ ശക്തിയും ശക്തിക്കുറവും സ്വയം തിരിച്ചറിയണം. വന്ന വഴികള്‍, നില്‍ക്കുന്ന തലം, ചെയ്യുന്ന പ്രവൃത്തി ഇവയിലെല്ലാം ഉത്തമബോധ്യം ഉണ്ടാവണം.

ജീവിതം പഠിപ്പിച്ചവ

ലക്ഷ്യത്തെക്കുറിച്ച് എപ്പോഴും പക്വപരമായ സമീപനം വേണം. ബിസിനസ്‌സിലെ ഇക്കണോമിക്‌സ് അറിഞ്ഞവരേ ഇതിലേയ്ക്കു വരാവൂ. ചെയ്യുന്ന തൊഴിലിന്റെ നാനാവശങ്ങള്‍ സ്വയം മനസ്‌സിലാക്കണം; ഒപ്പം നമ്മുടെ പരിമിതിയും. സ്മാര്‍ട്ട് ആയി, ഹാര്‍ഡ് ആയി ജോലി ചെയ്യുക. ഒരുപാട് വര്‍ഷങ്ങള്‍, പതിമൂന്ന് വര്‍ഷത്തോളം കരഞ്ഞിട്ടുണ്ട്. സ്വന്തം കൈയില്‍ നില്‍ക്കാതെ നിന്ന ചില കാര്യങ്ങളുണ്ട്. അപ്പോഴെല്ലാം കടിച്ചുപിടിച്ചു നിന്നിട്ടുണ്ട്. അപ്പോഴെല്ലാം നീതിയും ന്യായവും കൂടെയുള്ളതുകൊണ്ട്, അതില്‍നിന്നെല്ലാം വിജയിച്ചുപോന്നു. നേരോടെയും നെറിയോടെയും ജീവിക്കുന്നു. അതിന്റെ നന്മ കൂടെയുണ്ട്. എല്ലാവരോടും കടപ്പാടും. എനിക്കു ഭക്ഷണം വെച്ചു തരുന്നവരോട്, എന്നെ രാത്രി വരെ കാത്തിരുന്ന് ഊട്ടിത്തരുന്നവരോട്, സുരക്ഷിതമായി ഡ്രൈവ് ചെയ്തു തരുന്ന ഡ്രൈവറോട്, സ്റ്റാഫുകളോട്, പിന്നെ, ഈശ്വരനോട്. പ്രപഞ്ചത്തിലെ ആ യൂണിവേഴ്‌സല്‍ പവറിനോടും ഊര്‍ജ്ജസ്രോതസ്സിനോടും പരമമായ സത്യത്തോടും കടപ്പെട്ടിരിക്കുന്നു. ജീവിതം പഠിപ്പിച്ചതും ഇവയെല്ലാം തന്നെയാണ്; എന്തും സന്തോഷപൂര്‍വ്വം ചെയ്യുക, അതു തിരികെ ലഭിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com