ഇന്ത്യയ്ക്ക് പൂര്‍ണമായും 'കാഷ്‌ലെസ്സ്' ആകാനാകില്ല ; മോദിയെ തള്ളി ആര്‍എസ്എസ്

സാങ്കേതികവിദ്യയിലും മറ്റും എത്ര വലിയ വിപ്ലവങ്ങള്‍ സംഭവിച്ചാലും ഇന്ത്യയ്ക്ക് ഒരിക്കലും പൂര്‍ണമായി ക്യാഷ്‌ലെസ് ഇക്കോണമിയാകാന്‍ സാധിക്കില്ല
ഇന്ത്യയ്ക്ക് പൂര്‍ണമായും 'കാഷ്‌ലെസ്സ്' ആകാനാകില്ല ; മോദിയെ തള്ളി ആര്‍എസ്എസ്

മുംബൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഷ്‌ലെസ്സ് ഇക്കണോമിയെന്ന പ്രഖ്യാപിത നയത്തെ തള്ളി ആര്‍എസ്എസ്. രാജ്യത്തിന് ഒരിക്കലും പൂര്‍ണമായി 'ക്യാഷ്‌ലെസ് ഇക്കോണമി'യാകാന്‍ സാധിക്കില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു. സാങ്കേതികവിദ്യയിലും മറ്റും എത്ര വലിയ വിപ്ലവങ്ങള്‍ സംഭവിച്ചാലും ഇന്ത്യയ്ക്ക് ഒരിക്കലും പൂര്‍ണമായി ക്യാഷ്‌ലെസ് ഇക്കോണമിയാകാന്‍ സാധിക്കില്ല.

ആര്‍എസ്എസ് അനുകൂല സംഘടനയായ വിവേക് സമൂഹ് പുറത്തിറക്കിയ 'ഇന്ത്യന്‍ ഇക്കോണമി ആന്‍ഡ് ഇക്കോണമിക് പോളിസീസ്: എ ലോങ് ടേം പെര്‍സ്‌പെക്ടീവ്' എന്ന പുസ്തകം പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കവെയാണ് ആര്‍എസ്എസ് മേധാവി നിലപാട് തുറന്ന് പറഞ്ഞത്. 

പണരഹിത സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുക എന്നതു മികച്ച ആശയമാണ്. എന്നാല്‍ അതിനു ചില നിയന്ത്രണങ്ങളുണ്ട്. അതിനാല്‍ പ്രതീക്ഷിക്കപ്പെടുന്ന ഗുണഫലങ്ങള്‍ പൂര്‍ണമായി നേടാനാകില്ല. ഇന്ത്യയ്ക്ക് എപ്പോള്‍ വേണമെങ്കിലും ക്യാഷ്‌ലെസ് ആകാം. എന്നാല്‍ പൂര്‍ണമായി ക്യാഷ്‌ലെസ് ആകാനാകില്ല. മോഹന്‍ ഭാഗവത് പറഞ്ഞു.

പാശ്ചാത്യ മാതൃകകളെ ആശ്രയിച്ചാണ് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി രാജ്യത്തിന്റെ വളര്‍ച്ച അളക്കുന്നത്. ഈ മാതൃകകള്‍ക്കു ഗുരുതരമായ വീഴ്ചകളുണ്ട്. വളര്‍ച്ചയ്ക്കുള്ള ശരിയായ മാതൃക ഇന്ത്യ മുന്നോട്ടുവയ്ക്കണം. എല്ലാവരെയും ശക്തീകരിക്കണമെന്നതായിരിക്കണം ഇതിന്റെ അടിസ്ഥാനം. ആര്‍എസ്എസ് മേധാവി അഭിപ്രായപ്പെട്ടു. 

എയര്‍ ഇന്ത്യയെ കടംകയറിനില്‍ക്കുന്ന വിമാന കമ്പനിയെന്ന് വിളിക്കുന്നതു ശരിയല്ല. വ്യോമയാന മേഖലയെ വിദേശ നിക്ഷേപങ്ങള്‍ പരിമിതപ്പെടുത്തി സംരക്ഷിച്ചുനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാമടങ്ങിയ ഒരു വികസനമല്ല നടപ്പാക്കുന്നതെങ്കില്‍ ഇന്ത്യയുടെ വികസനം അര്‍ഥമില്ലാത്തതാകുമെന്ന് ചടങ്ങില്‍ പങ്കെടുത്ത നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍ അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com