വാഹനങ്ങളുടെ വേഗ പരിധി ഉയര്‍ത്തി, കാറുകള്‍ക്ക് ഇനി നൂറു കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാം

വാഹനങ്ങളുടെ വേഗ പരിധി ഉയര്‍ത്തി, കാറുകള്‍ക്ക് ഇനി നൂറു കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാം
വാഹനങ്ങളുടെ വേഗ പരിധി ഉയര്‍ത്തി, കാറുകള്‍ക്ക് ഇനി നൂറു കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാം

ന്യൂഡല്‍ഹി: പൊതു നിരത്തില്‍ ഓടുന്ന വാഹനങ്ങളുടെ പരമാവധി വേഗ പരിധി ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതനുസരിച്ച് മീഡിയന്‍ ഉള്ള നാലുവതിപ്പാതകളില്‍ കാറുകള്‍ക്ക് നൂറു കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാം. നിലവില്‍ എണ്‍പതു കിലോമീറ്റര്‍ ആയിരുന്നു വേഗ പരിധി.

എക്‌സ്പ്രസ് വേയില്‍ കാറുകള്‍ക്ക് 120 കിലോമീറ്റര്‍ വരെ വേഗമാാവാം. നിലവില്‍ ഇത് നൂറു കിലോമീറ്റര്‍ ആണ്. മധ്യത്തില്‍ മീഡിയനുകളുള്ള നാലുവരി പാതകളില്‍ കാറുകള്‍ക്ക് നൂറി കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാം. പട്ടണപ്രദേശങ്ങളിലും മറ്റു പാതകളിലും 70 കിലോമീറ്ററാണ് കാറുകളുടെ പുതിയ വേഗം. 

ഇരുചക്ര വാഹനങ്ങള്‍ക്ക് നാലുവരിപ്പാതയില്‍ നിശ്ചയിച്ചിരിക്കുന്ന പരിധി 80 കിലോമീറ്ററാണ്. എക്‌സ്പ്രസ് വേകളിലും ഇതു തന്നെയാണ് ഇരുചക്ര വാഹനങ്ങളുടെ വേഗം. ബാക്കിയെല്ലാ പാതകളിലും അറുപതും. 

ഒന്‍പതു സീറ്റിനു മുകളിലുള്ള കാബ് വിഭാഗത്തില്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് എക്‌സ്പ്രസ് വേയില്‍ നൂറും നാലുവരിപ്പാതയില്‍ 90ഉം മറ്റിടങ്ങളില്‍ 60ഉം ആക്കി വേഗ പരിധി പുതുക്കി. ശരാശരി ഇരുപതു കിലോമീറ്ററിന്റെ വര്‍ധനയാണ് നിലവിലെ വേഗ പരിധിയില്‍നിന്നുള്ളത്. 

മുച്ചക്ര വാഹനങ്ങള്‍ക്ക് എക്‌സ്പ്രസ് വേയില്‍ പ്രവേശനമില്ല. നാലുവരി ഉള്‍പ്പെടെ മറ്റു പാതകളില്‍ അന്‍പതുകിലോമീറ്ററാണ് മുച്ചക്ര വാഹനങ്ങളുടെ പരമാവധി വേഗം.

പുതിയ വേഗ പരിധി കേരളത്തില്‍ നടപ്പാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014ല്‍ നടപ്പാക്കിയ ഇപ്പോള്‍ നിലവിലുള്ള വേഗപരിധി തന്നെയാവും കേരളത്തില്‍ തുടരുക. സംസ്ഥാനത്തെ പാതകളുടെ പ്രത്യേക കണക്കിലെടുത്താണ് വര്‍ധിപ്പിച്ച വേഗ പരിധിയില്‍നിന്ന് കേരളത്തെ ഒഴിവാക്കിയത്. അതതു സംസ്ഥാനങ്ങളുടെ പ്രത്യേകത കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് വേഗ പരിധി നിശ്ചയിക്കാം. ഇതനുസരിച്ച് പഴയ വേഗംതന്നെയാണ് കേരളത്തില്‍ തുടരുകയെന്ന് അധികൃതര്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com