വിദേശത്ത് കാട്ടുതേന് ഡിമാന്‍ഡ് ഉയരുന്നു; കേരളത്തിന് മികച്ച വരുമാനം 

പശ്ചിമേഷ്യയിലും യൂറോപ്പിലും കാട്ടുതേനിനുള്ള മികച്ച വിപണി കണക്കിലെടുത്ത് സംസ്ഥാനത്തു നിന്നുള്ള ജൈവകാട്ടുതേന്‍ കയറ്റുമതി ചെയ്യാനായി സ്വകാര്യ കമ്പനിയുമായി സംസ്ഥാനസര്‍ക്കാര്‍ കൈകോര്‍ക്കുന്നു
വിദേശത്ത് കാട്ടുതേന് ഡിമാന്‍ഡ് ഉയരുന്നു; കേരളത്തിന് മികച്ച വരുമാനം 

തിരുവനന്തപുരം: പശ്ചിമേഷ്യയിലും യൂറോപ്പിലും കേരളത്തില്‍ നിന്നുള്ള കാട്ടുതേനിനുള്ള മികച്ച വിപണി കണക്കിലെടുത്ത് സംസ്ഥാനത്തു നിന്നുള്ള ജൈവകാട്ടുതേന്‍ കയറ്റുമതി ചെയ്യാനായി സ്വകാര്യ കമ്പനിയുമായി സംസ്ഥാനസര്‍ക്കാര്‍ കൈകോര്‍ക്കുന്നു. കാട്ടുതേന്‍ കയറ്റുമതി ചെയ്യുന്നതിനായി അമൃത് എക്‌സ്‌പോര്‍ട്ട്‌സുമായി പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ കരാറിലേര്‍പ്പെട്ടുവെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 

രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ജൈവ ഉത്പന്നങ്ങള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്ന ലാക്കണ്‍ ക്വാളിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ സര്‍ട്ടിഫിക്കേഷനോടുകൂടിയാണ് കയറ്റുമതി നടത്തുകയെന്ന് അമൃത് എക്‌സ്‌പോര്‍ട്ട്‌സ് എംഡി സുരേഷ് കുമാര്‍ പറഞ്ഞു. കയറ്റുമതിയുടെ ആദ്യ ഘട്ടത്തില്‍ യുഎഇ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലേക്ക് ഏകദേശം 100ടണ്‍ കാട്ടുതേന്‍ അയക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സുരേഷ് അറിയിച്ചു. എല്ലാ വര്‍ഷവും 50-70ടണ്‍ വരെ കാട്ടുതേന്‍ നല്‍കാമെന്ന് പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ സമ്മതിച്ചിട്ടുണ്ടെന്നും ബാക്കി ഹണി ഇക്കോ ഡെവലപ്‌മെന്റ് കമ്മറ്റികളില്‍ നിന്നും വന സുരക്ഷാ സമിതികളില്‍ നിന്നുമായി ശേഖരിക്കുമെന്നും സുരേഷ് പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ ഗുണനിലവാരത്തിന് വലിയ പ്രാധാന്യം കല്‍പിക്കുന്നതുകൊണ്ടുതന്നെ കാടുകളില്‍ നിന്ന് ശേഖരിച്ചുകൊണ്ടുവരുന്ന തേന്‍ അമൃതിന്റെ ഉടമസ്ഥതയിലുള്ള പ്ലാന്റില്‍ വീണ്ടു പ്രോസസ് ചെയ്യുമെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു.  

പരമ്പരാഗതമായി തേന്‍ ശേഖരിക്കുന്നവരെ 400രൂപയാണ് നല്‍കുന്നതെന്നും പുതിയ കയറ്റുമതി കരാര്‍ പ്രാവര്‍ത്തികമാകുന്നതോടെ ഇത് 500രൂപയായി ഉയര്‍ത്താന്‍ കഴിയുമെന്നും പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ എംഡി പി ഡോണ്‍ബോസ്‌കോ പറഞ്ഞു. 

തേന്‍ കയറ്റുമതിയിലെ പ്രധാന വെല്ലുവിളി ഗുണനിലവാരം ഉറപ്പാക്കുക എന്നതാണെന്നു ഗവേഷകനും കേരള അഗ്രികള്‍ച്ചര്‍ സര്‍വകലാശാല ഡീനുമായ ഡോ സ്റ്റീഫന്‍ പറയുന്നു. കോഡെക്‌സ് ആലിമെന്ററിയസ് മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് തേന്‍ കയറ്റുമതി സാധ്യമാകുക. അതുകൊണ്ടുതന്നെ പരമ്പരാഗതമായി തേന്‍ ശേഖരിക്കുന്നവര്‍ കാലങ്ങളായി തുടര്‍ന്നുപോരുന്ന രീതി ഇവര്‍ അംഗീകരിക്കുമോ എന്ന് അറിയണം, സ്റ്റീഫന്‍ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com