മാരുതി ഒരുങ്ങുന്നു, സിഎന്‍ജി, ഹൈബ്രിഡ് കാലത്തിനായി

ഇലക്ട്രിക് വാഹനങ്ങള്‍ക്കു പുറമെ ഹൈബ്രിഡ് വാഹനങ്ങളും സിഎന്‍ജി വാഹനങ്ങളും പോലെയുള്ള ബദല്‍ സാങ്കേതികവിദ്യകള്‍ക്ക് കൂടുതല്‍ ഊന്നല്‍ കൊടുക്കാനൊരുങ്ങുകയാണ് മാരുതി സുസൂക്കി ഇന്ത്യ
മാരുതി ഒരുങ്ങുന്നു, സിഎന്‍ജി, ഹൈബ്രിഡ് കാലത്തിനായി

ഇലക്ട്രിക് വാഹനങ്ങള്‍ക്കു പുറമെ ഹൈബ്രിഡ് വാഹനങ്ങളും സിഎന്‍ജി വാഹനങ്ങളും പോലെയുള്ള ബദല്‍ സാങ്കേതികവിദ്യകള്‍ക്ക് കൂടുതല്‍ ഊന്നല്‍ കൊടുക്കാനൊരുങ്ങുകയാണ് മാരുതി സുസൂക്കി ഇന്ത്യ. വിപണിയില്‍ വര്‍ദ്ധിച്ചുവരുന്ന മത്സരത്തില്‍ മുന്നേറുകയാണ് കമ്പനിയുടെ ഈ തീരുമാനത്തിന് പിന്നിലെ കാരണം. പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ 50ശതമാനം വിപണി വിഹിതം സ്വന്തമാക്കിയിട്ടുള്ള മാരുതി സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ നിര്‍മിക്കുന്നതിനായി സര്‍ക്കാരിനെയോ എണ്ണ കമ്പനികളെയോ പങ്കാളികളാക്കാനും ഉദ്ദേശിക്കുന്നുണ്ട്. 

സാധ്യമായ എല്ലാ സാങ്കേതികവിദ്യകളും പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് മാരുതി സുസൂക്കി ഇന്ത്യയെന്നും സിഎന്‍ജി, ഹൈബ്രിഡ് തുടങ്ങിയ സാങ്കേതികവിദ്യകള്‍ കാര്‍ നിര്‍മാണത്തിനായി കൂടുതല്‍ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ പറഞ്ഞു. എണ്ണ ഇറക്കുമതിയും വായൂ മലിനീകരണവും കുറയ്ക്കണമെന്നാണ് കമ്പനിയുടെ ആഗ്രഹമെന്നും മാരുതി ഇന്ത്യയുടെ കാഴ്ചപാടുകള്‍ സര്‍ക്കാരിന്റെതിനു സമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഈ ആഗ്രഹങ്ങള്‍ സാധ്യമാക്കുന്നതിനുവേണ്ടിയാണ് പുതിയ മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നതെന്നും ഭാര്‍ഗവ കൂട്ടിച്ചേര്‍ത്തു. ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയുന്നതുവരെ കാത്തുനില്‍ക്കുന്നതിനുപകരം സാധ്യമായ മറ്റ് മാര്‍ഗ്ഗങ്ങള്‍ പ്രയോജനപ്പെടുത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്. '

ചെറുകാറുകള്‍ ഇലക്ട്രിക് കാറുകളാക്കി മാറ്റണമെങ്കില്‍ ബാറ്ററി വിലയില്‍ കാര്യമായ കുറവ് ഉണ്ടാകണമെന്നും ഇത് സാധ്യമാകാനായി സാങ്കേതികപരമായ മാര്‍ഗങ്ങള്‍ കണ്ടുപിടിക്കുകയെ വഴിയൊള്ളുയെന്നും ഭാര്‍ഗവ പറഞ്ഞു. മറ്റ് വിപണിയില്‍ നിന്ന് വ്യത്യസ്തമാണ് ഇന്ത്യന്‍ വിപണിയെന്നും ഇവിടെ കൂടുതലായി വില്‍ക്കപ്പെടുന്നത് അഞ്ച് ലക്ഷം രൂപയില്‍ താഴെ വിലയുള്ള കാറുകളാണെന്ന് അദ്ദേഹം പറഞ്ഞു. 'ലോകത്തില്‍ ചെറുകാറുകള്‍ക്ക് ഏറ്റവും ഡിമാന്‍ഡ് ഉള്ളത് ഇന്ത്യയിലാണ്. ഈ വിഭാഗത്തിലേക്ക് ഇലക്ട്രിക് കാറുകള്‍ അവതരിപ്പിച്ചാല്‍ കാര്‍ വില നിലവിലുള്ളതില്‍നിന്ന് ആറ് മുതല്‍ ഏഴ് ലക്ഷം രൂപ വരെ ഉയരും. ഇങ്ങനെസംഭവിക്കുമ്പോള്‍ അത് ആളുകള്‍ക്ക് താങ്ങാന്‍ സാധിക്കാതെവരും', ഭാര്‍ഗവ പറഞ്ഞു. 

ഇലക്ട്രിക് കാറുകളെ പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യമാണെങ്കിലും സിഎന്‍ജി, ഹൈബ്രിഡ്‌സ്, എത്തനോള്‍,മെതനോള്‍ തുടങ്ങിയവയെകുറിച്ച് മറക്കരുതെന്നും ഭാര്‍ഗവ പറഞ്ഞു. എല്ലാ സാധ്യതകളും തുറന്നുവയ്ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇതില്‍ നിന്ന് താത്പര്യമുള്ളത് തുരഞ്ഞെടുക്കാനുള്ള അവസരം ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും ഭാര്‍ഗവ കൂട്ടിച്ചേര്‍ത്തു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com