എന്തിനും ഏതിനും ഓഫര്‍ എന്നുള്ള പരിപാടിയൊന്നും ഇനി നടക്കില്ല: ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് പൂട്ടുവീഴുന്നു

ഓണ്‍ലൈന്‍ വ്യാപാര നയത്തിന്റെ കരടുരൂപത്തിന്മേല്‍ സര്‍ക്കാര്‍ അഭിപ്രായം തേടി.
എന്തിനും ഏതിനും ഓഫര്‍ എന്നുള്ള പരിപാടിയൊന്നും ഇനി നടക്കില്ല: ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് പൂട്ടുവീഴുന്നു

ന്യൂഡല്‍ഹി: ഇത് ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ കാലഘട്ടമാണ്. ഓഫര്‍ വിലയില്‍ ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടാനാണ് ആളുകള്‍ക്ക് ഏറെ പ്രിയം. എന്നാല്‍ ഇങ്ങനെ വമ്പന്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കി ഉല്‍പന്ന വിലയെ സ്വാധീനിക്കാന്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കുള്ള സ്വാതന്ത്ര്യത്തിനു കടിഞ്ഞാണിടുന്ന നിയമം വരാന്‍ പോകുന്നു. ഇതിനായി ദേശീയ ഓണ്‍ലൈന്‍ വ്യാപാര നയത്തിന്റെ കരടുരൂപത്തിന്മേല്‍ സര്‍ക്കാര്‍ അഭിപ്രായം തേടി.

വിപണിയിലെ മത്സരാന്തരീക്ഷം ഉറപ്പാക്കാന്‍ ഇ-വ്യാപാര മേഖലയില്‍ എന്തൊക്കെ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന കാര്യത്തിലും ഈ രംഗത്തെ വിദേശ നിക്ഷേപം, ആഭ്യന്തര സംരംഭകരെ പ്രോല്‍സാഹിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളിലും നിയമത്തില്‍ വ്യവസ്ഥകളുണ്ടാകും. ഓണ്‍ലൈന്‍ സൈറ്റുകളില്‍ വമ്പന്‍ ഡിസ്‌കൗണ്ട് അടക്കമുള്ള വില നിര്‍ണയ രീതികള്‍ക്ക് നിശ്ചിത ദിവസം സമയപരിധി ഏര്‍പ്പെടുത്തണമെന്ന വ്യവസ്ഥയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വച്ചിട്ടുണ്ട്.ഇന്ത്യയുടെ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ 'റൂപേ' ഓണ്‍ലൈന്‍ ഇടപാടുകളില്‍ വ്യാപകമാക്കാന്‍ പ്രോല്‍സാഹനമേകും.

ഉല്‍പന്നങ്ങളുടെയോ സേവനങ്ങളുടെയോ ഇ-മ്യൂസിക്, ഇ-ബുക്ക്, സോഫ്റ്റ്‌വെയര്‍ തുടങ്ങിയ ഡിജിറ്റല്‍ ഉല്‍പന്നങ്ങളുടെയോ വാങ്ങല്‍, വില്‍പന, മാര്‍ക്കറ്റിങ്, വിതരണം, ഡെലിവറി എന്നിവ ഇലക്ട്രോണിക് മാര്‍ഗങ്ങളിലൂടെ നടക്കുന്നതിനെ 'ഇ-കൊമേഴ്‌സ്' എന്നു കരടുനിയമം നിര്‍വചിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com