എടിഎം എത്രതവണ സൗജന്യമായി ഉപയോഗിക്കാം?; കൂടിയാല്‍ ചാര്‍ജുകള്‍ എങ്ങനെ? ; പ്രമുഖ ബാങ്കുകളുടെ കണക്കുകള്‍ 

സ്വന്തം ഉപഭോക്താക്കള്‍ക്ക് പ്രതിമാസം അഞ്ചുവരെ സൗജന്യ ഇടപാടുകളാണ് എച്ച്ഡിഎഫ്‌സി അനുവദിച്ചിരിക്കുന്നത്
എടിഎം എത്രതവണ സൗജന്യമായി ഉപയോഗിക്കാം?; കൂടിയാല്‍ ചാര്‍ജുകള്‍ എങ്ങനെ? ; പ്രമുഖ ബാങ്കുകളുടെ കണക്കുകള്‍ 

മുംബൈ: പ്രതിമാസം എടിഎം സേവനം സൗജന്യമായി ഉപയോഗിക്കാവുന്ന തവണകളുടെ എണ്ണം എല്ലാ ബാങ്കുകളും വെട്ടിക്കുറച്ചിരിക്കുകയാണ്. രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ അടക്കമുളള എല്ലാം ബാങ്കുകളും എടിഎം ഉപയോഗവുമായി ബന്ധപ്പെട്ട് കൃത്യമായ മാര്‍ഗനിര്‍ദേശവും പുറത്തിറക്കിയിട്ടുണ്ട്. അതാത് ബാങ്കിന്റെ ഉപഭോക്താവിനും പുറത്തുളളവര്‍ക്കും വെവ്വേറേ ബാധകമായ രീതിയിലാണ് ചട്ടങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്.പലപ്പോഴും എടിഎം ഉപയോഗത്തിന് ബാങ്കുകള്‍ വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. ഇതുസംബന്ധിച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ ആശയക്കുഴപ്പവും സ്വാഭാവികമാണ്.എസ്ബിഐ അടക്കമുളള മൂന്ന് പ്രമുഖ ബാങ്കുകള്‍ എടിഎം ഉപയോഗത്തിന് ഉപഭോക്താവില്‍ നിന്നും ചാര്‍ജ് ഈടാക്കുന്നവിധം ചുവടെ: 


എസ്ബിഐ

മുന്‍ മാസം ശരാശരി 25000 രൂപയിലധികം രൂപ അക്കൗണ്ടില്‍ ബാലന്‍സായി നിലനിര്‍ത്തിയിരിക്കുന്ന സ്വന്തം ഉപഭോക്താവിന് എസ്ബിഐയുടെയും എസ്ബിഐ ഗ്രൂപ്പുകളുടെയും എടിഎമ്മുകളില്‍ നിന്നും പരിധിയില്ലാത്ത സേവനം ലഭിക്കും. ബാലന്‍സ് തുകയില്‍ കുറവ് വന്നാല്‍ സൗജന്യ സേവനത്തിന് പരിധി വരുമെന്ന് സാരം. പ്രതിമാസം സൗജന്യമായി 13 ഇടപാടുകള്‍ വരെ ചെയ്യാനാണ് എസ്ബിഐ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഇത് എടിഎമ്മുകളുടെ ഉടമസ്ഥത, ലോക്കേഷന്‍ എന്നിവ കൂടി  അടിസ്ഥാനമാക്കിയായിരിക്കുമെന്ന് എസ്ബിഐ വ്യക്തമാക്കുന്നു. സൗജന്യ എടിഎം സേവനത്തിന്റെ പരിധി കടന്നാല്‍ ഓരോ ഇടപാടിനും അഞ്ചുരൂപ മുതല്‍ 20 രൂപ വരെയുളള വ്യത്യസ്ത നിരക്കുകളാണ് ഫീസായി ഈടാക്കുക. ഈ ചാര്‍ജിന് ജിഎസ്ടിയും ബാധകമാണ്. ഇടപാടിന്റെയും എടിഎമ്മിന്റെയും സ്വഭാവം അടിസ്ഥാനമാക്കി ഫീസ് വ്യത്യാസപ്പെട്ടിരിക്കും.

ഐസിഐസിഐ ബാങ്ക്

മുംബൈ, ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത, ബംഗലൂരു എന്നി മെട്രോ നഗരങ്ങളില്‍ തങ്ങളുടെ സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് പ്രതിമാസം ഐസിഐസിഐ ഇതര എടിഎമ്മുകളില്‍ സൗജന്യമായി മൂന്ന് ഇടപാടുകള്‍ വരെ ചെയ്യാന്‍ അനുവദിക്കും.  മറ്റു നഗരങ്ങളില്‍ ഈ സേവനത്തിന്റെ പരിധി അഞ്ച് ഇടപാടുകള്‍ വരെയാണ്. 
 
സ്വന്തം ബാങ്കിന്റെ എടിഎമ്മുകളിലും അഞ്ചുവരെ ഇടപാടുകളാണ് സൗജന്യമായി അനുവദിച്ചിരിക്കുന്നത്. അധികം വരുന്ന ഇടപാടുകള്‍ക്ക് ധനകാര്യം , ധനകാര്യ ഇതരം എന്നിങ്ങനെ വര്‍ഗീകരിച്ച് ഫീസ് ഈടാക്കും.  20 രൂപയാണ് ധനകാര്യ ഇടപാടുകള്‍ക്ക് ചുമത്തുക. മറ്റു ഇടപാടുകള്‍ക്ക് 8.50 രൂപയാണ് ഫീസ്.

എച്ച്ഡിഎഫ്‌സി

സ്വന്തം ഉപഭോക്താക്കള്‍ക്ക് പ്രതിമാസം അഞ്ചുവരെ സൗജന്യ ഇടപാടുകളാണ് എച്ച്ഡിഎഫ്‌സി അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഇത് എച്ച്ഡിഎഫ്‌സിയുടെ തന്നെ എടിഎമ്മുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ലഭിക്കുക. എച്ച്ഡിഎഫ്‌സി ഇതര ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നവര്‍ക്ക് പ്രതിമാസം മൂന്ന് വരെ സൗജന്യ ഇടപാടുകള്‍ക്കുളള സൗകര്യമാണ് ബാങ്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ പരിധി മുംബൈ, ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ബംഗലൂരു, ഹൈദരാബാദ് എന്നി മെട്രോനഗരങ്ങളിലുളളവര്‍ക്കാണ്. മറ്റു നഗരങ്ങളില്‍ ഇതര എടിഎം ഉപയോഗിക്കുന്നവര്‍ക്ക് അഞ്ചുവരെ സൗജന്യ ഇടപാടുകള്‍ നടത്താന്‍ അനുവദിക്കും. 

പരിധിക്ക് അപ്പുറമുളള ഓരോ ധനകാര്യ ഇടപാടിനും 20 രൂപയും നികുതിയും അടക്കമുളള തുക ഈടാക്കും. ധനകാര്യ ഇതര ഇടപാടുകള്‍ക്ക് 8.5 രൂപയും നികുതിയുമാണ് ഫീസായി ചുമത്തുക. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com