'ആയുഷി' ന്റെ ആയുസ്സ് ഇനി പേറ്റന്റ് ഓഫീസര്‍ തീരുമാനിക്കും; പേര് മാറ്റില്ലെന്ന് ഹിന്ദുസ്ഥാന്‍ യൂണീലിവറും കേന്ദ്രമന്ത്രാലയവും

മന്ത്രാലയം രൂപീകരിക്കുന്നതിന് മുമ്പ് തന്നെ ആയുഷ് ഉത്പന്നങ്ങള്‍ വിപണിയില്‍ ഉണ്ടായിരുന്നുവെന്നും രണ്ട് വര്‍ഷം മുന്‍പ് പുതുക്കിയെടുത്തു എന്നത് മാത്രമേയുള്ളൂ എന്ന് യൂണീലിവര്‍ വാദിക്കുന്നു
'ആയുഷി' ന്റെ ആയുസ്സ് ഇനി പേറ്റന്റ് ഓഫീസര്‍ തീരുമാനിക്കും; പേര് മാറ്റില്ലെന്ന് ഹിന്ദുസ്ഥാന്‍ യൂണീലിവറും കേന്ദ്രമന്ത്രാലയവും

ന്യൂഡല്‍ഹി; അലോപ്പതിയിതര സര്‍ക്കാര്‍ അംഗീകൃത വൈദ്യരീതികളുടെ പ്രവര്‍ത്തനത്തിനായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച മന്ത്രാലയവും ഹിന്ദുസ്ഥാന്‍ യൂണീലിവറും തമ്മില്‍ 'ആയുഷ്' എന്ന പേരിനായുള്ള തര്‍ക്കം തുടരുന്നു.

ആയുര്‍വേദ, യോഗ, പ്രൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപതി, എന്നീ ചികിത്സാരീതികളുടെ നടത്തിപ്പിനായി രൂപീകരിച്ച മന്ത്രാലയത്തിനാണ് 2014 ല്‍ കേന്ദ്രസര്‍ക്കാര്‍ 'ആയുഷ്' എന്ന ചുരുക്കെഴുത്ത് സ്വീകരിച്ചത്.   ആയുഷെന്ന് പേര് മന്ത്രാലയത്തിനിട്ടത് 2014 ല്‍ ആണെങ്കിലും 'ആയുഷ്' എന്ന ചുരുക്കെഴുത്ത്
നാല് പതിറ്റാണ്ട് മുമ്പേ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കൗണ്‍സില്‍ ഫോര്‍ റിസെര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സസ്‌ ഉപയോഗിച്ചിരുന്നതാണെന്നും അതിനാല്‍ പേരിന്റെ പേറ്റന്റ് ഹിന്ദുസ്ഥാന്‍ യൂണീലിവറിന് അനുവദിക്കരുതെന്നുമാണ് കേന്ദ്രമന്ത്രാലയത്തിന്റെ ആവശ്യം.

യൂണീലിവറിന്റെ ആയുഷിന് ഇതുവരെ ജനറല്‍ കണ്‍ട്രോളര്‍ ഓഫ് പേറ്റന്റ്‌സ് പേര് അനുവദിച്ച് നല്‍കിയിട്ടില്ല.  ഇതോടെയാണ് പേറ്റന്റ് യൂണീലിവറിന് അനുവദിക്കരുത് എന്ന് മന്ത്രാലയം ആവശ്യം ഉന്നയിച്ചത്. ഇത് വ്യക്തമാക്കി മന്ത്രാലയം പേറ്റന്റ് കണ്‍ട്രോളര്‍ക്ക് കത്തയയ്ക്കുകയും ചെയ്തതോടെ ഹിന്ദുസ്ഥാന്‍ യൂണീലിവറും രംഗത്തെത്തി.

 മന്ത്രാലയം രൂപീകരിക്കുന്നതിന് മുമ്പ് തന്നെ ആയുഷ് ഉത്പന്നങ്ങള്‍ വിപണിയില്‍ ഉണ്ടായിരുന്നുവെന്നും രണ്ട് വര്‍ഷം മുന്‍പ് പുതുക്കിയെടുത്തു എന്നത് മാത്രമേയുള്ളൂ എന്ന് യൂണീലിവര്‍ വാദിക്കുന്നു. 

രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കമ്പനികളിലൊന്നായ ഹിന്ദുസ്ഥാന്‍ യൂണീലിവറിന്റെ ആയുഷ് പ്രകൃതി-ആയുര്‍വേദ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതില്‍ പ്രധാനിയാണ്. രണ്ട് വര്‍ഷം മുമ്പ് കെട്ടും മട്ടും മാറ്റി വീണ്ടും വിപണിയിലെത്തിയ ലീവറിന്റെ ആയുഷ് ഉത്പന്നങ്ങള്‍ നിലവില്‍ പതഞ്ജലി പോലുള്ള വലിയ ബ്രാന്‍ഡുകളോടാണ് മത്സരിക്കുന്നത്. 

 1987 ല്‍ ജയലക്ഷ്മി ഓയില്‍ ആന്റ് കെമിക്കല്‍ ഇന്‍ഡസ്ട്രീസ് എന്ന പേരിലാണ്  ആയുഷ് ആദ്യം രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. 2001 ല്‍ ഹിന്ദുസ്ഥാന്‍ യൂണീലിവര്‍ ഈ കമ്പനിയെ ഏറ്റെടുക്കുകയായിരുന്നു. പേറ്റന്റ് ഓഫീസറാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com