രൂപയുടെ മൂല്യം കൂപ്പുകുത്തുന്നത് തുടരുന്നു; ഡോളറിന് 70.32, ഇറക്കുമതി ഉത്പന്നങ്ങളുടെ വില കുതിക്കുന്നു

രൂപയുടെ വിലയിടിവ് തുടരുന്നത് പണപ്പെരുപ്പം വര്‍ധിപ്പിക്കുകയും ഇത് അവശ്യസാധനങ്ങളുടെ വില വര്‍ധിക്കുന്നതിന് കാരണമാവുകയും ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ് . 
രൂപയുടെ മൂല്യം കൂപ്പുകുത്തുന്നത് തുടരുന്നു; ഡോളറിന് 70.32, ഇറക്കുമതി ഉത്പന്നങ്ങളുടെ വില കുതിക്കുന്നു

 മുംബൈ: രൂപയുടെ വില കുത്തനെ ഇടിയുന്നത് തുടരുന്നു.  ഡോളറിന് 70.32 എന്ന നിരക്കിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. 43 പൈസയുടെ ഇടിവാണ് രാവിലെ നടന്ന വ്യാപാരത്തില്‍ ഉണ്ടായത്. വരും ദിവസങ്ങളിലും വിലയിടിവ് തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.  തുര്‍ക്കിയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ അലൂമിനിയം, സ്റ്റീല്‍ ഇറക്കുമതിക്ക് യുഎസ് നികുതി വര്‍ധിപ്പിച്ചതും രൂപയെ സമ്മര്‍ദ്ദത്തിലാക്കി.

ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ ഡോളറിനെതിരെ 69.89 എന്ന നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്വതന്ത്ര്യദിനമായതിനാല്‍ ഇന്നലെ വ്യാപാരം നടന്നിരുന്നില്ല. 

 മറ്റ് രാജ്യങ്ങളിലെയും കറന്‍സിയുടെ മൂല്യം ഇടിയുന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ല എന്നാണ് ധനകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഒരു ഡോളര്‍ ലഭിക്കാന്‍ 80 രൂപ നല്‍കേണ്ടി വന്നാലും സാമ്പത്തിക അടിത്തറയ്ക്ക് ഇളക്കം ഉണ്ടാവില്ലെന്നായിരുന്നു ധനകാര്യമന്ത്രാലയം ഇന്നലെ വ്യക്തമാക്കിയത്.

അതേസമയം രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന പെട്രോളിയം , ഇലക്ട്രോണിക്‌സ്, മറ്റ് സാധനങ്ങളുടെ വിലയില്‍ വലിയ വര്‍ധനവ് ഉണ്ടാകുന്നുണ്ട്. രൂപയുടെ വിലയിടിവ് തുടരുന്നത് പണപ്പെരുപ്പം വര്‍ധിപ്പിക്കുകയും ഇത് അവശ്യസാധനങ്ങളുടെ വില വര്‍ധിക്കുന്നതിന് കാരണമാവുകയും ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ് . 

തുര്‍ക്കി-യുഎസ് ബന്ധം വഷളായതും , സ്വിസ് ബാങ്ക് നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ചൈനീസ് സര്‍ക്കാര്‍ തീരുമാനിച്ചതുമാണ് ഇന്ത്യയുള്‍പ്പെടുന്ന വികസിച്ചു കൊണ്ടിരിക്കുന്ന രാജ്യങ്ങളിലെ നിലവിലെ പ്രതിസന്ധിക്ക് കാരണമായി കണക്കാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com