രണ്ടു രൂപയ്ക്ക് ഒരു കിലോ തക്കാളി; ഒരു മാസം മുന്‍പ് 100 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് വന്‍തകര്‍ച്ച

രാജ്യത്തെ വിവിധ പച്ചക്കറി മൊത്തവിപണിയില്‍ തക്കാളി വില കിലോഗ്രാമിന് രണ്ട് രൂപയില്‍ എത്തി നില്‍ക്കുകയാണ്.
രണ്ടു രൂപയ്ക്ക് ഒരു കിലോ തക്കാളി; ഒരു മാസം മുന്‍പ് 100 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് വന്‍തകര്‍ച്ച

മുംബൈ: കുതിച്ചുയര്‍ന്ന തക്കാളി വില ഗണ്യമായി ഇടിഞ്ഞു. രാജ്യത്തെ വിവിധ പച്ചക്കറി മൊത്തവിപണിയില്‍ തക്കാളി വില കിലോഗ്രാമിന് രണ്ട് രൂപയില്‍ എത്തി നില്‍ക്കുകയാണ്. ഒരു മാസം മുന്‍പ് 100 വരെ ഉയര്‍ന്ന തക്കാളി വിലയാണ് ഈ നിലയില്‍ ഇടിഞ്ഞത്. ഇത്തരത്തില്‍ വിലയിടിയുന്നത് കര്‍ഷകരെ ആശങ്കപ്പെടുത്തുകയാണ്. കനത്ത നഷ്ടം നേരിടേണ്ടി വരുമെന്ന ഭീതിയിലാണ് കര്‍ഷകര്‍.

 മഹാരാഷ്ട്രയിലെ നാരായണ്‍ഗാവ്, ആന്ധ്രാപ്രദേശിലെ മഡനാപളളി എന്നിവിടങ്ങളിലെ പച്ചക്കറി മൊത്തവിപണിയിലാണ് വില ഈ തരത്തില്‍ താഴ്ന്നത്. നാരായണ്‍ ഗാവില്‍ തക്കാളി വില കിലോഗ്രാമിന് രണ്ട് രൂപയില്‍ എത്തിയപ്പോല്‍ മഡനാപളളിയില്‍ ഒരു രൂപ 60 പൈസയിലേക്ക് ഇടിഞ്ഞു. ആവശ്യകതയില്‍ കുറവ് സംഭവിച്ചതാണ് വില കുറയാന്‍ കാരണമെന്നാണ് വിപണി കണക്കുകള്‍ വ്യക്തമാക്കുന്നത്. 

ഓഗസ്റ്റില്‍ മഴ കുറവായതുമൂലം ആന്ധ്രാപ്രദേശില്‍ പച്ചക്കറി കൃഷി മെച്ചപ്പെട്ട നിലയിലല്ല. ഇതുമൂലം ആവശ്യകതയിലും ഉപഭോഗത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇത് തക്കാളി വിലയില്‍ പ്രതിഫലിച്ചെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

കഴിഞ്ഞവര്‍ഷം നല്ലവില ലഭിച്ചതിനാല്‍ ഇത്തവണ തക്കാളി കൃഷി കൂടുതല്‍ വ്യാപകമാക്കിയിരുന്നു. എന്നാല്‍ മഴയുടെ ദൗര്‍ലഭ്യം കാര്യങ്ങള്‍ തകിടം മറിച്ചു. തക്കാളിയുടെ ഗുണമേന്മയെ ഇത് കാര്യമായി ബാധിച്ചു. ഇതിനിടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ആഞ്ഞടിച്ച പ്രളയം തക്കാളിയുടെ ആവശ്യകതയിലും കുറവ് വരുത്തി. വിതരണം ചെയ്യാനുളള തക്കാളി സംഭരണകേന്ദ്രങ്ങളില്‍ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടായി. ഇക്കാരണങ്ങളെല്ലാം തക്കാളിയുടെ വിലയെ ബാധിച്ചതായി വിപണി വിദഗ്ധര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com