32 കറന്‍സി ചെസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ എസ്ബിഐ തീരുമാനം; പണം കൈമാറ്റം പ്രതിസന്ധിയായേക്കും

സിവില്‍ സ്‌റ്റേഷന്‍ ബ്രാഞ്ചുകളിലടക്കമുള്ള സംസ്ഥാനത്തെ 32 കറന്‍സി ചെസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ എസ്ബിഐ തീരുമാനം
32 കറന്‍സി ചെസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ എസ്ബിഐ തീരുമാനം; പണം കൈമാറ്റം പ്രതിസന്ധിയായേക്കും

കൊച്ചി: സിവില്‍ സ്‌റ്റേഷന്‍ ബ്രാഞ്ചുകളിലടക്കമുള്ള സംസ്ഥാനത്തെ 32 കറന്‍സി ചെസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ എസ്ബിഐ തീരുമാനം. ചെലവു ചുരുക്കലിന്റെ ഭാഗമായാണ് തീരുമാനം. അതേസമയം ചെസ്റ്റുകള്‍ സ്വകാര്യവത്കരിക്കാനുള്ള നീക്കമാണ് പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ട്രഷറി, ബാങ്ക് ശാഖകള്‍, എടിഎമ്മുകള്‍ എന്നിവിടങ്ങളിലേക്ക് കറന്‍സി എത്തിക്കുന്നതിനാണ് ചെസ്റ്റുകള്‍. തിരഞ്ഞെടുക്കപ്പെട്ട ബാങ്ക് ശാഖകളിലാണ് ചെസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. റിസര്‍വ് ബാങ്കില്‍ നിന്ന് ഇതുവഴിയാണ് കറന്‍സികള്‍ കൈമാറുന്നത്. സംസ്ഥാനത്താകെ നൂറ്റമ്പതിലേറെ ചെസ്റ്റുകളാണ് എസ്ബിഐക്കുള്ളത്. ആവശ്യമുള്ളിടത്ത് പരമാവധി വേഗത്തില്‍ പണം എത്തിക്കുന്നതിന് ഇതുവഴി സാധ്യമായിരുന്നു. 32 ചെസ്റ്റുകള്‍ ഒറ്റയടിക്ക് നിര്‍ത്തലാക്കുന്നതോടെ എസ്ബിഐയില്‍ നിന്നുള്ള പണം കൈമാറ്റം വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങും. ഇന്ന് മുതലാണ് ചെസ്റ്റുകള്‍ നിര്‍ത്തലാക്കാനുള്ള ഉത്തരവ് നടപ്പാകും. മറ്റു പല ബാങ്കുകളും പലയിടത്തും എസ്ബിഐ ചെസ്റ്റുകളെയാണ് ആശ്രയിക്കുന്നത്. ഇത്തരം ബാങ്കുകളുടെ പ്രവര്‍ത്തനത്തെയും ഇത് പ്രതികൂലമായി ബാധിക്കും.

നേരത്തെയും ചെലവുചുരുക്കലിന്റെ ഭാഗമായി ചെസ്റ്റുകള്‍ നിര്‍ത്തലാക്കിയിരുന്നു. അടുത്ത ഘട്ടത്തില്‍ മലയോര മേഖലയിലടക്കമുള്ള കൂടുതല്‍ ചെസ്റ്റുകള്‍ നിര്‍ത്തലാക്കാനും എസ്ബിഐ നീക്കമുണ്ട്. തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ ഇത്തരം സ്ഥലങ്ങളിലെ ബാങ്ക് ശാഖകളിലേക്ക് വിദൂര സ്ഥലങ്ങളില്‍ നിന്ന് പണമെത്തിക്കേണ്ടി വരും. എസ്ബിടി എസ്ബിഐയില്‍ ലയിപ്പിച്ചതിനു ശേഷം സംസ്ഥാനത്ത് ശാഖകളുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചിരുന്നു. ഇവയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ചെസ്റ്റുകള്‍ അനുവദിക്കുന്നതിന് പകരമാണ് കൂട്ടത്തോടെ അടച്ചുപൂട്ടാനുള്ള തീരുമാനം.

സ്വകാര്യ ബാങ്കുകള്‍ക്ക് ചെസ്റ്റുകള്‍ അനുവദിക്കാന്‍ തുടങ്ങിയതോടെയാണ് എസ്ബിഐ ഉള്‍പ്പെടെയുള്ള പൊതുമേഖലാ ബാങ്കുകളുടെ ചെസ്റ്റുകള്‍ക്ക് താഴുവീണത്. സംസ്ഥാനത്ത് പലയിടത്തുമായി ചെസ്റ്റുകള്‍ അനുവദിക്കുന്നതിനുള്ള പുതുതലമുറ സ്വകാര്യ ബാങ്കുകളുടെ അപേക്ഷ ആര്‍ബിഐക്ക് മുന്നിലുണ്ട്. ഇതില്‍ തീരുമാനമെടുക്കുന്നതിനു മുന്നേയാണ് എസ്ബിഐ ചെസ്റ്റുകള്‍ പൂട്ടുന്നതെന്നത് ശ്രദ്ധേയമാണ്.

കണ്ണൂര്‍ സിവില്‍ സ്‌റ്റേഷന്‍, ശ്രീകണ്ഠപുരം, കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ റോഡ്, ആലപ്പുഴ സിവില്‍ സ്‌റ്റേഷന്‍, ആലുവ, അമ്പലപ്പുഴ, അങ്കമാലി ടൗണ്‍, ചവറ, കല്‍പ്പറ്റ, കണ്ണൂര്‍ റോഡ് കോഴിക്കോട്, കൊല്ലം സിവില്‍ സ്‌റ്റേഷന്‍, കോതമംഗലം, കുണ്ടറ, കുന്ദംകുളം ടൗണ്‍, മഞ്ചേരി ടൗണ്‍, മാന്നാര്‍, മൂലമറ്റം, നായരമ്പലം, കൊച്ചി ഓവര്‍സീസ് ബാങ്ക്, പന്തളം, പത്തനംതിട്ട, പെരുമ്പാവൂര്‍ ടൗണ്‍, ശ്രീകൃഷ്ണപുരം, തിരുവല്ല, തൃശൂര്‍ ട്രഷറി, തിരൂരങ്ങാടി, കായംകുളം ടൗണ്‍, ആറ്റിങ്ങല്‍ ട്രഷറി, തൃപൂണിത്തുറ ട്രഷറി, എറണാകുളം ട്രഷറി ബ്രോഡ്‌വെ, തിരുവനന്തപുരം മെയിന്‍, വെള്ളയമ്പലം സ്‌ക്വയര്‍ എന്നീ ബ്രാഞ്ചുകളിലെ ചെസ്റ്റുകളാണ് നിര്‍ത്തലാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com