ആധാര്‍ പേയ്‌മെന്റ് നിര്‍ത്തരുത്, ബാങ്കുകള്‍ കടമയായി കാണണമെന്ന് യുഐഡിഎഐ 

ആധാര്‍ അധിഷ്ഠിത പണമിടപാട് സംവിധാനം കടമയായി കണ്ട് തുടരണമെന്ന് ബാങ്കുകള്‍ക്ക് സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് അതോറിറ്റിയുടെ( യുഐഡിഎഐ)  നിര്‍ദേശം
ആധാര്‍ പേയ്‌മെന്റ് നിര്‍ത്തരുത്, ബാങ്കുകള്‍ കടമയായി കാണണമെന്ന് യുഐഡിഎഐ 

ന്യൂഡല്‍ഹി:  ആധാര്‍ അധിഷ്ഠിത പണമിടപാട് സംവിധാനം കടമയായി കണ്ട് തുടരണമെന്ന് ബാങ്കുകള്‍ക്ക് സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് അതോറിറ്റിയുടെ( യുഐഡിഎഐ)  നിര്‍ദേശം. സര്‍ക്കാര്‍ ആനുകൂല്യം പറ്റുന്ന ക്ഷേമപദ്ധതികള്‍ക്ക് പുറമേ മറ്റു പണമിടപാടുകള്‍ക്ക് സ്വമേധയാ ആധാര്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കളെ അതില്‍ നിന്ന് വിലക്കണമെന്ന് സുപ്രിംകോടതി ഉത്തരവില്‍ പറയുന്നില്ല. ഈ പശ്ചാത്തലത്തില്‍ ആധാര്‍ അധിഷ്ഠിത പണമിടപാട് സംവിധാനം ഒരു ചുമതലയായി കണ്ട് ബാങ്കുകള്‍ സേവനം നല്‍കണമെന്ന് യുഐഡിഎഐ നിര്‍ദേശിച്ചു.

അടുത്തിടെ, ആധാര്‍ അധിഷ്ഠിത പണമിടപാട് സംവിധാനം നിര്‍ത്തലാക്കാന്‍ പോകുന്നതായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ നിലപാട് എടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് യുഐഡിഎഐയുടെ ഇടപെടല്‍. ഇതിന് വിരുദ്ധമായി സാമൂഹിക സുരക്ഷയുടെ ഭാഗമായുളള ക്ഷേമപദ്ധതികളെയും മറ്റു പണമിടപാടുകളെയും വേര്‍തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്ന് കാണിച്ച് ആധാര്‍ അധിഷ്ഠിത പണമിടപാട് സംവിധാനം നിര്‍ത്തലാക്കുന്നത് ആധാര്‍ ആക്ടിന്റെ ലംഘനമാണെന്ന് സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

ഇത്തരത്തില്‍ സേവനം നിര്‍ത്തലാക്കുന്നത് അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം നിഷേധിക്കുന്നതിന് തുല്യമാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താനാണ് ആധാര്‍ പോലുളള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് വേണ്ട പ്രാധാന്യം നല്‍കിയില്ലായെങ്കില്‍ സര്‍ക്കാര്‍ ഖജനാവിനാണ് നഷ്ടം സംഭവിക്കുക. അതുകൊണ്ട് അര്‍ഹതപ്പെട്ടവര്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത് എന്ന് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും സര്‍ക്കുലറില്‍ പറയുന്നു.

ആധാര്‍ അധിഷ്ഠിത പണമിടപാട് സംവിധാനങ്ങള്‍ ബാങ്കുകള്‍ തുടരണമെന്ന് അറ്റോര്‍ണി ജനറല്‍ നിര്‍ദേശിച്ചു. നേരിട്ട് സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് ബാങ്ക് ശാഖകള്‍ സന്ദര്‍ശിക്കാതെ തന്നെ പണം പിന്‍വലിക്കാന്‍ ഇതുവഴി എളുപ്പം സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരിച്ചറിയല്‍ രേഖയായി ആധാര്‍ ഉപയോഗിക്കുന്നതിന് ഒരു വിലക്കുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com