എസ്ബിഐയുടെ പണമിടപാട് പുറംകരാറുകാര്‍ക്ക് ; വിശ്വാസ്യത തകര്‍ക്കുമെന്ന് ജീവനക്കാര്‍ ; എടിഎമ്മുകളില്‍ പണം ഉറപ്പാക്കല്‍ ലക്ഷ്യമെന്ന് അധികൃതര്‍

പണം എണ്ണിത്തിട്ടപ്പെടുത്തി കൊണ്ടുപോകലും ബാങ്കുകളിലെ കറന്‍സി ചെസ്റ്റില്‍ എത്തിക്കലും ഏജന്‍സികളുടെ ചുമതലയാണ്
എസ്ബിഐയുടെ പണമിടപാട് പുറംകരാറുകാര്‍ക്ക് ; വിശ്വാസ്യത തകര്‍ക്കുമെന്ന് ജീവനക്കാര്‍ ; എടിഎമ്മുകളില്‍ പണം ഉറപ്പാക്കല്‍ ലക്ഷ്യമെന്ന് അധികൃതര്‍

കൊച്ചി : എസ്ബിഐ കറന്‍സി അഡ്മിനിസ്‌ട്രേഷന്‍ സെല്ലുകളുടെ നടത്തിപ്പ് സ്വകാര്യഏജന്‍സികള്‍ക്ക് നല്‍കി. ഉത്തരേന്ത്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സിക്കാണ് നടത്തിപ്പ് ചുമതല നല്‍കിയത്. കരാര്‍ പ്രകാരം ബാങ്കിലെ പ്രവര്‍ത്തനസമയം കഴിഞ്ഞ് പണം എണ്ണിത്തിട്ടപ്പെടുത്തി കൊണ്ടുപോകലും ബാങ്കുകളിലെ കറന്‍സി ചെസ്റ്റില്‍ എത്തിക്കലും ഏജന്‍സികളുടെ ചുമതലയാണ്. 

ബാങ്കിലേക്ക് പണം എത്തിക്കലും ഇവര്‍ കൈകാര്യം ചെയ്യും. ബാങ്ക് ജീവനക്കാര്‍ക്ക് ഇടപാടു സമയത്തെ പണം സ്വീകരിക്കാനും കൊടുക്കാനും മാത്രമാണ് അധികാരം ഉണ്ടാകുക. ഒക്ടോബര്‍ 17 ന് ഇതുസംബന്ധിച്ച് ഉത്തരവ് ഇറങ്ങിയിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. 

ഉത്തരവിനെതിരെ അന്നുതന്നെ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇന്നലെ തൃശൂര്‍ പാറമേക്കാവിലെ എസ്ബിഐ ശാഖയില്‍ പുറംകരാറുകാര്‍ എത്തിയെങ്കിലും ജീവനക്കാര്‍ ബാങ്കില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. ബാങ്കുകളുടെ വിശ്വാസ്യതയും വികസനത്തെയും ഈ നടപടി തകര്‍ക്കുമെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. കള്ളനോട്ട് അടക്കമുള്ള കാര്യങ്ങളില്‍ പുറം കരാര്‍ ബാധിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

അതേസമയം കാഷ് എഫിഷ്യന്‍സി പ്രോജക്ട് എന്ന പദ്ധതിയാണ് പുറം കരാറുകാര്‍ക്ക് നല്‍കിയിരിക്കുന്നതെന്നാണ് എസ്ബിഐ അധികൃതര്‍ വിശദീകരിക്കുന്നത്. എടിഎമ്മുകളില്‍ 24 മണിക്കൂറും പണം ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. ചെസ്റ്റില്‍ നിന്ന് എടുക്കാതെ പണം എടിഎമ്മില്‍ നിറയ്ക്കാന്‍ കഴിയില്ല. ഒപ്പിടാനോ മറ്റ് അവകാശങ്ങളോ പുറംകരാറില്‍ നല്‍കിയിട്ടില്ല. ജീവനക്കാരുടെ പ്രതിഷേധം ധാരണപ്പിശക് മൂലമാണെന്നും അധികൃതര്‍ പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com