തലേന്ന് 60.02 ഡോളര്‍, ഇന്ന് 63.07, എണ്ണ വിലയില്‍ അഞ്ചുശതമാനത്തിന്റെ കുതിപ്പ്; പ്രതിദിനം എട്ടുലക്ഷം വീപ്പയുടെ കുറവു വരുത്താന്‍ ഒപ്പെക്ക് തീരുമാനം 

എണ്ണ ഉല്‍പ്പാദനത്തില്‍ കുറവ് വരുത്താനുളള എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപ്പെക്കിന്റെ തീരുമാനത്തെ ഇറാന്‍ അനുകൂലിച്ചതോടെ രാജ്യാന്തരവിപണിയില്‍ എണ്ണവിലയില്‍ 5 ശതമാനം വര്‍ധന
തലേന്ന് 60.02 ഡോളര്‍, ഇന്ന് 63.07, എണ്ണ വിലയില്‍ അഞ്ചുശതമാനത്തിന്റെ കുതിപ്പ്; പ്രതിദിനം എട്ടുലക്ഷം വീപ്പയുടെ കുറവു വരുത്താന്‍ ഒപ്പെക്ക് തീരുമാനം 

വിയന്ന:എണ്ണ ഉല്‍പ്പാദനത്തില്‍ കുറവ് വരുത്താനുളള എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപ്പെക്കിന്റെ തീരുമാനത്തെ ഇറാന്‍ അനുകൂലിച്ചതോടെ രാജ്യാന്തരവിപണിയില്‍ എണ്ണവിലയില്‍ 5 ശതമാനം വര്‍ധന. അടുത്ത വര്‍ഷം മുതല്‍ പ്രതിദിന എണ്ണ ഉല്‍പാദനത്തില്‍ 8 ലക്ഷം വീപ്പയുടെ കുറവു വരുത്താനാണ് ഒപ്പെക്ക് തീരുമാനം. സംഘടനയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളോട് പ്രതിദിന ഉല്‍പാദനത്തില്‍ 4 ലക്ഷം വീപ്പയുടെ കുറവു വരുത്തണമെന്ന ഒപ്പെക്ക് നിര്‍ദേശവും വിലവര്‍ധനയില്‍ പ്രതിഫലിച്ചു.

ഉല്‍പാദനത്തില്‍ 12 ലക്ഷം വീപ്പയുടെ കുറവുണ്ടാകുന്നത് എണ്ണ വിപണിയില്‍ വലിയ ചലനമുണ്ടാക്കും. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്റ് അസംസ്‌കൃത എണ്ണയുടെ വില വീപ്പയ്ക്ക് 63.07 ഡോളറായി. തൊട്ടു തലേന്ന് 60.02 ഡോളറായിരുന്നു വില. ന്യൂയോര്‍ക്ക് വിപണിയില്‍ വര്‍ധന 5% ആണ്.

തളര്‍ച്ചയിലായ ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് എണ്ണ ഉല്‍പാദനം കുറയ്ക്കുന്നത് വലിയ ആഘാതമാകുമെന്ന അമേരിക്കയുടെ മുന്നറിയിപ്പ് തളളിയാണ് ഒപ്പെക്ക് തീരുമാനം. റഷ്യയും യുഎസ് ഉപരോധത്തില്‍ വിഷമിക്കുന്ന ഇറാനും ഉല്‍പാദനം കുറയ്ക്കാനുള്ള നിര്‍ദേശം അംഗീകരിക്കുമോയെന്ന ഭീതിയുണ്ടായിരുന്നു. 2 ദിവസത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ഉല്‍പാദനം കുറയ്ക്കാന്‍ എല്ലാവരും ധാരണയാവുകയായിരുന്നു. സൗദി അറേബ്യ, റഷ്യ, യുഎഇ രാജ്യങ്ങള്‍ ഉല്‍പാദനം വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് വില മൂന്നിലൊന്നോളം കുറഞ്ഞതിനെ തുടര്‍ന്നാണ് ഒപ്പെക്ക് യോഗം വിളിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com