ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു 

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു
ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു 

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് രാജിക്കത്തില്‍ നല്‍കുന്ന വിശദീകരണം. വിവിധ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരുമായുളള ഭിന്നത വിവാദമായതിന് പിന്നാലെയാണ് രാജി. 

കരുതല്‍ ശേഖരം ഉള്‍പ്പെടെയുളള വിവിധ വിഷയങ്ങളെ ചൊല്ലി കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കം വന്‍ വിവാദമായിരുന്നു. ഒരു ഘട്ടത്തില്‍ ഇദ്ദേഹം രാജിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. കഴിഞ്ഞ ബോര്‍ഡ് മീറ്റിങില്‍ അദ്ദേഹം രാജിവെയ്ക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കേന്ദ്രസര്‍ക്കാരുമായി നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ക്ക് യോഗത്തില്‍ താത്കാലിക പരിഹാരമായതോടെ രാജിവെയ്ക്കുമെന്ന വാര്‍ത്ത അപ്രസക്തമായി. എന്നാല്‍ ഇന്ന് അപ്രതീക്ഷിതമായാണ് ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു എന്ന വാര്‍ത്ത പുറത്തുവന്നത്.

ഗവര്‍ണര്‍ സ്ഥാനത്ത് സെപ്റ്റംബര്‍ വരെ കാലാവധിയുളള പശ്ചാത്തലത്തിലായിരുന്നു ഇദ്ദേഹത്തിന്റെ പടിയിറക്കം. വിവിധ വിഷയങ്ങളില്‍ റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും തമ്മില്‍ മാസങ്ങളോളം ഭിന്നത നിലനിന്നിരുന്നു. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തിന്റെ ഒരു ഭാഗം നല്‍കണമെന്നതായിരുന്നു കേന്ദ്രത്തിന്റെ മുഖ്യ ആവശ്യം. അടിസ്ഥാന സൗകര്യവികസനമേഖലയില്‍ നിക്ഷേപത്തിന് ഈ തുക വിനിയോഗിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. 

ഇതിന് പുറമേ റിസര്‍വ് ബാങ്കിനെ നിയന്ത്രിക്കാന്‍ അധികാരം നല്‍കുന്ന ഏഴാം വകുപ്പ് കേന്ദ്രസര്‍ക്കാര്‍ പ്രയോഗിക്കുമെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ചെറുകിട വ്യവസായ മേഖലയ്ക്ക് ഉണര്‍വ് നല്‍കാന്‍ വായ്പ അനുവദിക്കുന്നതില്‍ റിസര്‍വ് ബാങ്ക് ഇളവുകള്‍ പ്രഖ്യാപിക്കണമെന്നത് കേന്ദ്രത്തിന്റെ മറ്റൊരു മുഖ്യ ആവശ്യമായിരുന്നു. ഇത് റിസര്‍വ് ബാങ്ക് കണക്കിലെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രത്തിന്റെ ഭീഷണി. കൂടാതെ കിട്ടാക്കടം തിരിച്ചുപിടിക്കുന്നത് അടക്കമുളള വിഷയങ്ങളിലും റിസര്‍വ് ബാങ്കും കേന്ദ്രവും തമ്മില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com