പുതുവര്‍ഷത്തിലെ വിലവര്‍ദ്ധനയ്ക്ക് മുൻപേ വിലക്കിഴിവുമായി പ്രമുഖ ബ്രാൻഡുകൾ; ആഡംബര വാഹനങ്ങൾ സ്വന്തമാക്കാൻ സുവർണാവസരം

പുതിയ മോഡലുകള്‍ ഇന്ത്യയില്‍ എത്തിക്കുമെന്ന് ഇതിനോടകം അറിയിച്ച മെഴിസിഡസ്, ബിഎംഡബ്ല്യൂ ബ്രാന്‍ഡുകള്‍ അവരുടെ മുന്‍ മോഡലുകള്‍ക്ക് വലിയ ഡിസ്‌കൗണ്ടാണ് ഒരുക്കിയിരിക്കുന്നത്
പുതുവര്‍ഷത്തിലെ വിലവര്‍ദ്ധനയ്ക്ക് മുൻപേ വിലക്കിഴിവുമായി പ്രമുഖ ബ്രാൻഡുകൾ; ആഡംബര വാഹനങ്ങൾ സ്വന്തമാക്കാൻ സുവർണാവസരം

പുതുവര്‍ഷമെത്താന്‍ ഒരു മാസം മാത്രം ബാക്കിനില്‍ക്കെ വിപണിയില്‍ ആധിപത്യമുറപ്പിക്കാന്‍ പുത്തന്‍ പദ്ധതികള്‍ ഒരുക്കിയിരിക്കുകയാണ് ആഢംബര കാര്‍ നിര്‍മാതാക്കള്‍. 2018ല്‍ നിരവധി പുതിയ മോഡലുകള്‍ വിപണിയില്‍ എത്തിച്ച പ്രമുഖ ബ്രാന്‍ഡുകളായ ബിഎംഡബ്ല്യൂ, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, മെഴിസിഡസ് ബെന്‍സ്, വോള്‍വോ തുടങ്ങിയവര്‍ അടുത്ത വര്‍ഷത്തേക്കായി ഗംഭീര പദ്ധതികള്‍ ഇതിനോടകം പ്രഖ്യാപിച്ചുകഴിഞ്ഞു. പുതുവര്‍ഷത്തില്‍ കാര്‍ വിലയില്‍ കാര്യമായ വര്‍ദ്ധന പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ തന്നെ വമ്പിച്ച ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് ശ്രമം. പുതിയ മോഡലുകള്‍ ഇന്ത്യയില്‍ എത്തിക്കുമെന്ന് ഇതിനോടകം അറിയിച്ച മെഴിസിഡസ്, ബിഎംഡബ്ല്യൂ ബ്രാന്‍ഡുകള്‍ അവരുടെ മുന്‍ മോഡലുകള്‍ക്ക് വലിയ ഡിസ്‌കൗണ്ടാണ് ഒരുക്കിയിരിക്കുന്നത്. 

ഔഡി

ഇന്ത്യയില്‍ ഏറ്റവും വമ്പിച്ച വിലക്കിഴിവ് വാഗ്ദാനം ചെയ്തിരിക്കുകയാണ് ഔഡി. ക്യൂ3, എ3, എ4, ക്യൂ5 എന്നീ മോഡലുകള്‍ക്കാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഔഡി എ3യുടെ പ്രീമിയം ഡീസല്‍ മോഡലിന് ഏഴ് ലക്ഷം രൂപ വിലക്കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 34.91 ലക്ഷം രൂപ വിലയുണ്ടായിരുന്ന മോഡല്‍ 27.99ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുക. എ4 പ്രീമിയം പ്ലസ് മോഡലിന് എട്ട് ലക്ഷത്തോളം വിലക്കിഴിവാണ് ഒരുക്കിയിട്ടുള്ളത്. ക്യൂ3യ്ക്ക് ആറു ലക്ഷത്തോളം രൂപയും ക്യൂ5ന് ഏകദേശം അഞ്ച് ലക്ഷം രൂപയും വിലക്കിഴിവ് ലഭിക്കും. 2018 അവസാനിക്കുന്നത് വരെ മാത്രമായിരിക്കും ഈ ഓഫറുകള്‍ ലഭ്യമാകുക. 

ബിഎംഡബ്യൂ

ഇന്ത്യയില്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കാനും എസ്യുവി വിഭാഗത്തില്‍ കൂടുതല്‍ വിപുലീകരണവുമാണ് കമ്പനി ലക്ഷ്യമിടുന്നത്. മോഡലുകളുടെ എക്‌സ്‌ചേഞ്ച് ബോണസ്, ഇഎംഐ, കോംപ്ലിമെന്ററി സര്‍വീസ് പാക്കേജ്, ബൈബാക്ക് എമൗണ്ട് തുടങ്ങിയവയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി ഡിസംബറില്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് ഒരുക്കം. 

ബിഎംഡബ്യൂ 3സീരീസ് - അഞ്ച് ലക്ഷം രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, 25,333രൂപയുടെ ഇഎംഐ, മൂന്ന് വര്‍ഷത്തെ കോംപ്ലിമെന്ററി സര്‍വീസും മെയിന്റെനന്‍സും ഒപ്പം നാല് വര്‍ഷത്തിനുശേഷം 17.91ലക്ഷം രൂപയുടെ ബൈബാക്ക് ഓഫറുമാണ് കമ്പനി വാഗ്ദാനം ചെയ്തിട്ടുള്ളത്. 

ബിഎംഡബ്യൂ 5സീരീസ് - പെട്രോള്‍ മോഡലില്‍ എട്ട് ലക്ഷം രൂപയുടെയും ഡീസല്‍ മോഡലില്‍ 8.5ലക്ഷം രൂപയുടെയും ഡിസ്‌കൗണ്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മൂന്ന് വര്‍ഷത്തെ കോംപ്ലിമെന്ററി സര്‍വീസും മെയിന്റെനന്‍സും ഒപ്പം നാല് വര്‍ഷത്തിനുശേഷം 26.01ലക്ഷം രൂപയുടെ ബൈബാക്ക് ഓഫറുമാണ് വാഗ്ദാനം.

ബിഎംഡബ്യൂ എക്‌സ്1 - മൂന്ന് വര്‍ഷത്തെ കോംപ്ലിമെന്ററി സര്‍വീസും മെയിന്റെനന്‍സും നാല് വര്‍ഷത്തിനുശേഷം 14.49ലക്ഷം രൂപയുടെ ബൈബാക്ക് ഓഫറുമാണ് വാഗ്ദാനം.

ബിഎംഡബ്യൂ എക്‌സ് 5 സീരീസില്‍ കാര്യമായ ഓഫറുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. അടുത്ത വര്‍ഷം ഇന്ത്യയിലെത്തിക്കുന്ന പുതിയ മോഡലുകള്‍ കണക്കിലെടുത്താണ് ഈ വമ്പിച്ച ഓഫര്‍. പത്ത് ലക്ഷം രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, 73,333രൂപയുടെ ഇഎംഐ, മൂന്ന് വര്‍ഷത്തെ കോംപ്ലിമെന്ററി സര്‍വീസും മെയിന്റെനന്‍സും ഒപ്പം നാല് വര്‍ഷത്തിനുശേഷം 35.05ലക്ഷം രൂപയുടെ ബൈബാക്ക് ഓഫറുമാണ് കമ്പനി വാഗ്ദാനം ചെയ്തിട്ടുള്ളത്. 

ബിഎംഡബ്യൂ എക്‌സ്3 - മൂന്ന് വര്‍ഷത്തെ കോംപ്ലിമെന്ററി സര്‍വീസും മെയിന്റെനന്‍സും നാല് വര്‍ഷത്തിനുശേഷം 25.73ലക്ഷം രൂപയുടെ ബൈബാക്ക് ഓഫറുമാണ് വാഗ്ദാനം.

മെഴിസിഡസ് ബെന്‍സ്

ബെന്‍സ് സിഎല്‍എ മോഡലില്‍ 39,999രൂപയുടെ ഇഎംഐയും മൂന്ന് വര്‍ഷത്തെ മെയിന്റെനന്‍സും ബൈ ബാക്കുമാണ് വാഗ്ദാനം. ബെന്‍സ് ജിഎല്‍സി മോഡലില്‍ 44,444രൂപയുടെ ഇഎംഐയും നാല് വര്‍ഷത്തെ ഇന്‍ഷുറന്‍സ്, വാറന്റി, മെയിന്റനന്‍സ് ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്. ജിഎല്‍എ മോഡലില്‍ 39,999രൂപയാണ് ഇഎംഐ പ്രഖ്യാപിച്ചിട്ടുള്ളത്. മൂന്ന് വര്‍ഷത്തെ മെയിന്റെനന്‍സും ബൈ ബാക്കും വാഗ്ദാനം ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com