75 രൂപയ്ക്ക് ലഭ്യമായിരുന്ന ചാനല്‍ ഇനി നാല് രൂപയ്ക്ക് കിട്ടും; പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ച് ചാനലുകള്‍

13 ചാനലുകളുള്ള ഡിസ്‌കവറി കമ്യൂണിക്കേഷന്‍ 90 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്
75 രൂപയ്ക്ക് ലഭ്യമായിരുന്ന ചാനല്‍ ഇനി നാല് രൂപയ്ക്ക് കിട്ടും; പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ച് ചാനലുകള്‍

ന്യൂഡല്‍ഹി; പുതിയ നിയന്ത്രണങ്ങള്‍ ഈ മാസം അവസാനത്തോടെ വരാനിരിക്കേ നിരക്കുകള്‍ കുറച്ച് ചാനലുകള്‍. ചില ചാനലുകള്‍ 90 ശതമാനത്തോളം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേബിള്‍ ടിവി ഡിടിഎച്ച് കമ്പനികള്‍ക്ക് കടിഞ്ഞാണിടാനുള്ള ടെലികോം നിയന്ത്രണ അതോറിറ്റിയുടെ (ട്രായ്) ചട്ടങ്ങള്‍ ഈ മാസം അവസാനത്തോടെ പ്രാബല്യത്തില്‍ വരാനിരിക്കെയാണ് ചാനലുകള്‍ നിരക്ക് കുറച്ചിരിക്കുന്നത്. 

13 ചാനലുകളുള്ള ഡിസ്‌കവറി കമ്യൂണിക്കേഷന്‍ 90 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 4 എച്ച്ഡി ചാനലും 9എസ്ഡി ചാനലുകളുമുള്ള ഡിസ്‌കവറി കമ്യൂണിക്കേഷന്‍സാണ് നിരക്ക് ഏറ്റവും അധികം കുറച്ചത്. ഇതോടെ 75 രൂപയ്ക്ക് ഡിടിഎച്ചില്‍ ലഭ്യമായിരുന്ന ഡി സ്‌പോര്‍ട്‌സ് നാല് രൂപയ്ക്ക് ലഭിക്കും. എന്നാല്‍ നിലവില്‍ കേബിള്‍ ശൃംഖലയില്‍ 450-500 ചാനലുകള്‍ ലഭിക്കുന്നവര്‍ ഇത് മുഴുവന്‍ തുടര്‍ന്നും ലഭിക്കണമെങ്കില്‍ ഉയര്‍ന്ന നിരക്ക് തന്നെ നല്‍കേണ്ടതായി വരും.29 മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരും. 

ഡിടിഎച്ച്, കേബിള്‍ ടിവി കമ്പനികള്‍ നിശ്ചയിച്ചിരിക്കുന്ന ഉയര്‍ന്ന നിരക്കിന് നിയന്ത്രണം കൊണ്ടുവരാനാണ് പുതിയ നാക്കവുമായി ട്രായ് രംഗത്തെത്തിയത്. കമ്പനികളുടെ നിരക്കിന് പകരമായി 130 രൂപയും നികുതിയും നല്‍കിയാല്‍ പ്രേക്ഷകന് ഇഷ്ടമുള്ള 100 ചാനലുകള്‍ വരെ തെരഞ്ഞെടുക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും. അധികമായി തെരഞ്ഞെടുക്കുന്ന 25 സൗജന്യ ചാനലുകള്‍ക്ക് 20  രൂപ നല്‍കണം. പേ ചാനലുകളുടെ പ്രത്യേക പാക്കേജുകളും തയാറാക്കണം. പൊതുവിനോദ ചാനലുകള്‍ക്ക് പരമാവധി നിരക്ക് മാസം 12 രൂപയാണ്. സിനിമ ചാനലുകള്‍ക്ക് 10 രൂപയും കാര്‍ട്ടൂണ്‍ ചാനലുകള്‍ക്ക് ഏഴ് രൂപയും വാര്‍ത്ത ചാനലുകള്‍ക്ക് അഞ്ച് രൂപയും കായിക ചാനലുകള്‍ക്ക് 10 രൂപയുമാണ് നല്‍കേണ്ടത്. ഇത് അനുസരിച്ച് കമ്പനികള്‍ പുതിയ നിരക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 

പുതിയ ചട്ടം വരുന്നതോടെ ഇഷ്ടമുള്ള ചാനലുകള്‍ക്ക് മാത്രം പ്രേക്ഷകന്‍ പൈസ കൊടുത്താല്‍ മതിയാകും. മുന്‍പ് ചാനലുകളെ കൂട്ടമായാണ് (ബൊക്കെ) വാങ്ങിയിരുന്നത്. എന്നാല്‍ ഇനി തങ്ങള്‍ക്ക് ഇഷ്ടമുള്ള ചാനലിനെ മാത്രം തെരഞ്ഞെടുത്ത് പണം നല്‍കിയാല്‍ മതിയാകും. എന്നാല്‍ സ്റ്റാര്‍, സോണി, സീ, കളേഴ്‌സ്, തുടങ്ങിയ ചാനല്‍ ശൃംഖലകളുടെ മുഴുവന്‍ ചാനലും തെരഞ്ഞെടുക്കുന്നവര്‍ക്ക് നിരക്ക് വര്‍ധിച്ചേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com