അടുത്ത വര്‍ഷം മുതല്‍ ഭവനവായ്പ രീതി മാറും; പലിശനിരക്ക് കുറഞ്ഞേക്കും 

അടുത്ത ഏപ്രില്‍ മുതല്‍ ഭവനവായ്പയുടെ പലിശനിരക്ക് മാറും
അടുത്ത വര്‍ഷം മുതല്‍ ഭവനവായ്പ രീതി മാറും; പലിശനിരക്ക് കുറഞ്ഞേക്കും 

ന്യൂഡല്‍ഹി: അടുത്ത ഏപ്രില്‍ മുതല്‍ ഭവനവായ്പയുടെ പലിശനിരക്ക് മാറും. ഭവനവായ്പയുടെ പലിശനിരക്ക് നിര്‍ണയിക്കാന്‍ ബാങ്കുകള്‍ അടിസ്ഥാനമാക്കുന്ന ആഭ്യന്തര നിരക്ക് സംവിധാനം മാറ്റാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. പകരം റിപ്പോ , ട്രഷറി ബില്‍ അടക്കമുളള ബാഹ്യ അടിസ്ഥാന നിരക്കുകള്‍ ഉപയോഗിക്കാനാണ് റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇത് ഉപഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് പൊതുവേയുളള വിലയിരുത്തല്‍.

പലിശനിരക്ക് നിര്‍ണയം കൂടുതല്‍ സുതാര്യമാക്കാന്‍ ലക്ഷ്യമിട്ടാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. അടുത്ത ഏപ്രില്‍ മുതല്‍ അടിസ്ഥാന നിരക്ക് മാറ്റം പ്രാബല്യത്തില്‍  വരുത്തണമെന്ന് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. നിലവില്‍ വായ്പ നിരക്ക് നിര്‍ണയിക്കാന്‍ ബാങ്കുകള്‍ക്ക് അവരുടേതായ സംവിധാനമുണ്ട്. അനുവദിച്ച ഭവനവായ്പകളില്‍ 90 ശതമാനവും ഫ്‌ളോട്ടിങ് നിരക്കിലാണ്.  ഓരോ ബാങ്കും നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാനനിരക്കിനെ ആസ്പദമാക്കിയാണ് ഫ്‌ളോട്ടിങ് നിരക്ക് നിര്‍ണയിക്കുന്നത്.സാധാരണയായി 15 വര്‍ഷ കാലാവധി നിശ്ചയിച്ച് അനുവദിക്കുന്ന വായ്പകളില്‍ പലിശനിരക്ക് കാലാകാലങ്ങളില്‍ മാറാറുണ്ട്. ബാങ്കിന്റെ ലാഭക്ഷമതയെ അടിസ്ഥാനമാക്കിയാണ്  ഇത്തരത്തില്‍ നിരക്കുകള്‍ ഭേദഗതി ചെയ്യാറ്.

ആഭ്യന്തര പലിശ നിരക്ക് നിര്‍ണയരീതിയില്‍ നിന്ന് ബാഹ്യനിരക്കുകളിലേക്ക് മാറുന്നതോടെ ഉപഭോക്താക്കളുടെ വായപ് ചെലവ് കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ നിരക്കായ റിപ്പോ നിരക്ക് 6.5 ശതമാനമാണ്. ഈ നിരക്ക് അടിസ്ഥാനമാക്കി വായ്പ അനുവദിക്കാന്‍ ബാങ്കുകള്‍ തയ്യാറാകുമ്പോള്‍ സ്വാഭാവികമായി പലിശനിരക്ക് താഴുമെന്നാണ് കണക്കുകൂട്ടല്‍. ഇത് ഉപഭോക്താക്കളുടെ വായ്പ ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സഹായകമാകും. 

മറ്റൊരു ഉദാഹരണമെന്ന നിലയില്‍ ട്രഷറി ബില്ല് നിരക്കാണ് ബാങ്കുകള്‍ അടിസ്ഥാനനിരക്കായി നിശ്ചയിക്കുന്നതെങ്കില്‍ അതിലും ഉപഭോക്താക്കള്‍ക്ക് നേട്ടമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രഷറി ബില്ല് നിരക്ക് എപ്പോഴും ചാഞ്ചാട്ട സ്വഭാവമുളളതാണ്. ഇതിന്റെ നിരക്ക് വായ്പയുടെ പലിശനിരക്കില്‍ പ്രതിഫലിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com