വാരിക്കോരി ഡിസ്‌കൗണ്ട് വേണ്ട; ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍, നയം പരിഷ്‌കരിക്കും

നയം നിലവില്‍ വരുന്നതോടെ ഓണ്‍ലൈന്‍ വ്യാപാര ഭീമന്‍മാരായ ആമസോണ്‍, ഫ്‌ളിപ്‌കാര്‍ട്ട്‌, പേടിഎം മാള്‍, അര്‍ബന്‍ ലാഡര്‍ എന്നിവര്‍ക്ക് പുറമേ ഫുഡ് ഡെലിവറി ആപ്പുകള്‍ക്കും 'പിടി ' വീഴും.
വാരിക്കോരി ഡിസ്‌കൗണ്ട് വേണ്ട; ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍, നയം പരിഷ്‌കരിക്കും

ന്യൂഡല്‍ഹി: ആകര്‍ഷകമായ ഡിസ്‌കൗണ്ടുകളും സൗജന്യ സമ്മാനങ്ങളും നല്‍കി ഉപയോക്താവിനെ സ്വാധീനിക്കുന്ന ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം ഒരുങ്ങുന്നു. പ്രാദേശിക വിപണികളുടെ കൂടി വളര്‍ച്ച ലക്ഷ്യമിട്ടാണ് ഈ തീരുമാനം. ഇതോടെ ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിച്ചു വന്നിരുന്ന വമ്പന്‍ ഡിസ്‌കൗണ്ടുകള്‍ക്കും സൗജന്യ സമ്മാനങ്ങള്‍ക്കും കുറവ് വരും. വ്യാപാര -വാണിജ്യ രംഗത്ത് ചെറുകിട കച്ചവടക്കാരുടെ സാന്നിധ്യം കൂടി ഉറപ്പ് വരുത്തുന്ന തരത്തില്‍ ഇ- കൊമേഴ്‌സ് നയം രൂപീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. 

നയം നിലവില്‍ വരുന്നതോടെ ഓണ്‍ലൈന്‍ വ്യാപാര ഭീമന്‍മാരായ ആമസോണ്‍, ഫ്‌ളിപ്‌കാര്‍ട്ട്‌, പേടിഎം മാള്‍, അര്‍ബന്‍ ലാഡര്‍ എന്നിവര്‍ക്ക് പുറമേ ഫുഡ് ഡെലിവറി ആപ്പുകള്‍ക്കും 'പിടി ' വീഴും. ഐടി മന്ത്രാലയത്തിന്റെ കൂടി അഭിപ്രായം പരിഗണിച്ച ശേഷമേ ക്യാബിനറ്റിന്റെ അനുമതിക്ക് നയം സമര്‍പ്പിക്കുകയുള്ളൂ. നേരത്തെ രൂപീകരിച്ച ഇ- വ്യാപാരത്തിന്റെ കരട് നയത്തിലും ഐടി മന്ത്രാലയത്തിന്റെ അഭിപ്രായം തേടിയിരുന്നു.

ഓണ്‍ലൈന്‍ വ്യാപാര ഭീമന്‍മാര്‍ ചെറിയ കമ്പനികളെ വിഴുങ്ങിക്കളയുന്നുവെന്ന് ചൂണ്ടിക്കാട്ടി സ്വദേശി ജാഗരണ്‍ മഞ്ച് , സിഎഐടി തുടങ്ങിയ സംഘടനകള്‍ സമര്‍പ്പിച്ച നിവേദനത്തിലാണ് നടപടി. ആലിബാബയും ആമസോണും പോലുള്ള കമ്പനികളുടെ ' ഇരപിടിയന്‍ സ്വഭാവത്തിന്' നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നും നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ രാജ്യത്തെ ജനങ്ങള്‍ എന്ത് കഴിക്കണം, എന്ത് ധരിക്കണം തുടങ്ങിയ കാര്യങ്ങള്‍ വരെ വിദേശ കുത്തകകള്‍ തീരുമാനിക്കുന്ന അവസ്ഥയുണ്ടായേക്കുമെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടി. എതിരാളി ഇല്ലാതെയാകുന്നത് വരെ നഷ്ടം സഹിക്കുക എന്ന ഓണ്‍ലൈന്‍ ഭീമന്‍മാരുടെ നയം അനുവദിക്കാനാവാത്തതാണെന്നും ഇത് തുടര്‍ന്നാല്‍ രാജ്യത്തെ ചെറുകിട കച്ചവടക്കാര്‍ നാമാവശേഷമാകുമെന്നും ആശങ്കകള്‍ പരിഹരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. 

വിദേശ നിക്ഷേപം രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനൊപ്പം ആഭ്യന്തര വ്യാപാരികള്‍ക്ക് മുന്‍തൂക്കം നല്‍കിയുള്ള നയം വാണിജ്യ മന്ത്രാലയം കൈക്കൊള്ളുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓണ്‍ലൈന്‍ കമ്പനികളുടെ ഓഫറുകളില്‍ ഉപഭോക്താക്കള്‍ വീണു പോകുന്നുണ്ടെന്നും റീട്ടെയില്‍ വില്‍പ്പനശാലകള്‍ വലിയ തോതില്‍ അടച്ചു പൂട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടതായും മന്ത്രാലയ ഉദ്യോഗസ്ഥര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആഗോള വ്യാപകമായി ഇ- വ്യാപാരത്തെ നിയന്ത്രിക്കുന്നതിനുള്ള നയം രൂപീകരിക്കണമെന്ന ആവശ്യം ലോക വ്യാപാര സംഘടനയില്‍ ഉയരുന്നതും കണക്കിലെടുത്താവും തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com