പുതുവര്‍ഷത്തില്‍ കേബിള്‍, ഡിടിഎച്ച് നിരക്കുകള്‍ കുത്തനെ ഉയരും; 430  മുതല്‍ 800 രൂപ വരെ ഉയരാം 

കേബിള്‍ ടിവിയോ, ഡിടിഎച്ചോ ഉളളവര്‍ ഇനി മുതല്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരും
പുതുവര്‍ഷത്തില്‍ കേബിള്‍, ഡിടിഎച്ച് നിരക്കുകള്‍ കുത്തനെ ഉയരും; 430  മുതല്‍ 800 രൂപ വരെ ഉയരാം 

മുംബൈ: കേബിള്‍ ടിവിയോ, ഡിടിഎച്ചോ ഉളളവര്‍ ഇനി മുതല്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരും. ട്രായിയുടെ പുതിയ താരിഫ് വ്യവസ്ഥ ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന പശ്ചാത്തലത്തിലാണ് ബില്ല് തുക ഉയരുമെന്ന ആശങ്ക. 

നിലവില്‍ മെട്രോ നഗരങ്ങളില്‍ പ്രീമിയം, പ്രാദേശിക ചാനലുകള്‍ ഉള്‍പ്പെടെ കാണുന്നതിന് ശരാശരി 350 രൂപ മുതല്‍ 400 രൂപ വരെയാണ് പ്രതിമാസം ചെലവ് വരുന്നത്. ചെറുകിട നഗരങ്ങളിലേക്ക് തിരിയുമ്പോള്‍ ഇത് 200 മുതല്‍ 250  വരെ വരും.

എന്നാല്‍ പുതിയ താരിഫ് വ്യവസ്ഥ യാഥാര്‍ത്ഥ്യമാകുന്നതോടെ അടിസ്ഥാന പാക്കേജിന് 430 രൂപ മുതല്‍ 440 രൂപ വരെ നല്‍കേണ്ടി വരും. പ്രീമിയം ചാനലുകള്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് ബില്ല് തുക 575 മുതല്‍ 600 വരെ ഉയരാമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.ബ്രോഡ്കാസ്‌റ്റേഴ്‌സ് അവരുടെ ചാനല്‍ കാണുന്നതിന് നിശ്ചയിച്ചിരിക്കുന്ന പരമാവധി വില തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ നിര്‍ബന്ധിതരാകുന്നതാണ് ഈ നിരക്ക് വര്‍ധനയ്ക്ക് അടിസ്ഥാനം.

പുതിയ താരിഫ്  വേര്‍തിരിച്ച് പരിശോധിച്ചാല്‍ ഇത് കൂടുതല്‍ വ്യക്തമാകും. 430 രൂപ മുതല്‍ 440 രൂപ വരെ ബില്ല് തുക വരുന്ന അടിസ്ഥാന പായ്ക്കില്‍ ആദ്യ നൂറ് ചാനലുകള്‍ക്ക് 130 രൂപയാണ് ഈടാക്കുക. നികുതി ഇതിന് പുറമേ വരും. സൗജന്യമായി സംപ്രേക്ഷണം ചെയ്യുന്ന ചാനലുകളാണ് ഈ ഗണത്തില്‍പ്പെടുന്നത്. സ്റ്റാര്‍, സീ പോലുളള പേ ചാനലുകള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടില്ല. ഇതിന് പുറമേ വന്‍കിട ബ്രോഡ്കാസ്‌റ്റേഴ്‌സിന്റെ കീഴില്‍ വരുന്ന അടിസ്ഥാന ചാനലുകള്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് 130 രൂപയ്ക്ക് പുറമേ വീണ്ടും 184 രൂപ അധിക ചെലവ് വരും. 95 ചാനലുകളാണ് ഇതിന്റെ പരിധിയില്‍ വരിക. ഇതിന് പുറമേ നെറ്റ് വര്‍ക്ക് കപ്പാസിറ്റി ഫീ എന്ന പേരില്‍ 100 രൂപയും ഉപഭോക്താവില്‍ നിന്ന് അധികം ഈടാക്കും.

ചുരുക്കം പറഞ്ഞാല്‍ ഈ ചാനലുകളുടെ സേവനം ലഭിക്കുന്നതിന് പ്രതിമാസം 450 രൂപ വരെ നല്‍കേണ്ടി വരുമെന്ന് സാരം. പ്രാദേശികം, സ്‌പോര്‍ട്‌സ് എന്നിങ്ങനെ തരംതിരിക്കാതെ മൊത്തം എന്ന അര്‍ത്ഥത്തില്‍ വരുന്ന ബൊക്ക സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തി ചാനലുകള്‍ തെരഞ്ഞെടുക്കുന്നവര്‍ക്കാണ് ഈ തുക ബില്ലായി വരിക. ഓരോ ചാനല്‍ പ്രത്യേകമായി തെരഞ്ഞെടുക്കുന്നവര്‍ക്ക് ബില്ല് തുക ഇനിയും ഉയരും. 800 വരെ ഉയരാമെന്ന് മേഖലയിലുളളവര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com