പൊതുമേഖല ബാങ്കുകള്‍ ന്യൂജനാകുന്നു; പുതിയതായി ഒരു ലക്ഷം പേരെ നിയമിക്കാന്‍ ഒരുങ്ങുന്നു

പുതു തലമുറയുടെ പ്രസരിപ്പ് കൈവരിക്കാന്‍ പൊതുമേഖല ബാങ്കുകള്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു
പൊതുമേഖല ബാങ്കുകള്‍ ന്യൂജനാകുന്നു; പുതിയതായി ഒരു ലക്ഷം പേരെ നിയമിക്കാന്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി:  പുതു തലമുറയുടെ പ്രസരിപ്പ് കൈവരിക്കാന്‍ പൊതുമേഖല ബാങ്കുകള്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ഇതിന്റെ ഭാഗമായി നിയമനം ഇരട്ടിയാക്കാനാണ് ബാങ്കുകള്‍ പദ്ധതിയിടുന്നത്. ഈ സാമ്പത്തിക വര്‍ഷം ഒരു ലക്ഷം പേരെ പുതിയതായി റിക്രൂട്ട് ചെയ്യുകയാണ് പരിപാടി. 

വെല്‍ത്ത് മാനേജ്‌മെന്റ്, അനലിറ്റിക്‌സ്, സ്ട്രാറ്റജി, കസ്റ്റമര്‍ സര്‍വീസ്, ഡിജിറ്റല്‍ തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ ജീവനക്കാരെ ആവശ്യമായി വരുന്നത്. മാറുന്ന കാലത്തിന്റെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ച് യുവത്വത്തിന്റെ പ്രസരിപ്പ് ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാനാണ് ബാങ്കുകള്‍ ലക്ഷ്യമിടുന്നത്.

എസ്ബിഐ, കാനറ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ഇന്ത്യന്‍ ബാങ്കിങ് ഭീമന്മാരെല്ലാം റിക്രൂട്ട്‌മെന്റ് നടപടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. നിലവില്‍ പൊതുമേഖല ബാങ്കുകളില്‍ ഓഫീസര്‍മാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ട്. അതിനാല്‍ ഈ തലത്തിലേക്കാകും കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ പുതുതലമുറ ബാങ്കുകള്‍ സേവനങ്ങളുടെ കാര്യത്തില്‍ പൊതുമേഖല ബാങ്കുകളെ അപേക്ഷിച്ച് മികച്ചുനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതും യുവത്വത്തെ ആകര്‍ഷിക്കാനുളള നീക്കത്തിന് പ്രേരണയാകുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com