താങ്ങുവില ഉപേക്ഷിക്കണം, പകരം കുറഞ്ഞ സംഭരണവില നിശ്ചയിച്ച് വിളകള്‍ ലേലം ചെയ്യണം; കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരം നിര്‍ദേശിച്ച് നീതി ആയോഗ് 

വിളകളുടെ താങ്ങുവില ഉയര്‍ത്തിയത് കൊണ്ടുമാത്രം കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരമാവില്ലെന്ന് നീതി ആയോഗിന്റെ വിലയിരുത്തല്‍
താങ്ങുവില ഉപേക്ഷിക്കണം, പകരം കുറഞ്ഞ സംഭരണവില നിശ്ചയിച്ച് വിളകള്‍ ലേലം ചെയ്യണം; കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരം നിര്‍ദേശിച്ച് നീതി ആയോഗ് 

ന്യൂഡല്‍ഹി: വിളകളുടെ താങ്ങുവില ഉയര്‍ത്തിയത് കൊണ്ടുമാത്രം കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരമാവില്ലെന്ന് നീതി ആയോഗിന്റെ വിലയിരുത്തല്‍. കാര്‍ഷിക പ്രശ്‌നങ്ങള്‍ക്ക് ആത്യന്തികമായി പരിഹാരം കാണാന്‍ വിപണിയില്‍ വിളകളുടെ ലേലം സാധ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉപേദശക സമിതിയായ നീതി ആയോഗിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കുറഞ്ഞ സംഭരണ വില നിശ്ചയിച്ച് വിപണികളില്‍ ലേലനടപടികള്‍ സ്വീകരിച്ചാല്‍ വിളകള്‍ക്ക് കര്‍ഷകര്‍ക്ക് നല്ലവില ലഭിക്കുമെന്ന് 'ന്യൂ ഇന്ത്യ അറ്റ് 75' എന്ന ദര്‍ശനരേഖയില്‍ നീതി ആയോഗ് വ്യക്തമാക്കുന്നു. നിലവില്‍ കുറഞ്ഞ താങ്ങുവിലയാണ് വിളകളുടെ വില നിശ്ചയിക്കാന്‍ ആധാരമാക്കുന്നത്. ഇതിന് പുറമേ കുറഞ്ഞ താങ്ങുവില നിശ്ചയിക്കാന്‍ ചുമതലപ്പെട്ട കമ്മീഷന്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ കോസ്റ്റ്‌സ് ആന്റ് പ്രൈസസ് എന്ന സംവിധാനത്തിന് പകരം കാര്‍ഷിക ട്രിബ്യൂണല്‍ സ്ഥാപിക്കണമെന്നും നീതി ആയോഗ് ശുപാര്‍ശ ചെയ്യുന്നു. 

കാര്‍ഷിക പ്രതിസന്ധി കേന്ദ്രസര്‍ക്കാരിന് വെല്ലുവിളി ആയിരിക്കുന്ന പശ്ചാത്തലത്തിലാണ് നീതി ആയോഗിന്റെ ശുപാര്‍ശ. കാര്‍ഷിക പ്രശ്‌നങ്ങള്‍ നിമിത്തം കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് അധികാരം നഷ്ടപ്പെടാന്‍ ഇടയാക്കി. ഇതെല്ലാം കണക്കുകൂട്ടി കര്‍ഷക പ്രതിസന്ധിക്ക് എങ്ങനെ പരിഹാരം കാണാമെന്ന ആലോചനയിലാണ് കേന്ദ്രസര്‍ക്കാര്‍. കാര്‍ഷിക കടം എഴുതിത്തളളുന്നതിനേക്കാള്‍ ഉപരി പ്രായോഗികതലത്തില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്നാണ് സര്‍ക്കാര്‍ ചിന്തിക്കുന്നത്.

കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക അടക്കമുളള വിഷയങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. ഗ്രാമീണമേഖലയിലെ കൂലി വര്‍ധിപ്പിക്കുന്നത് അടക്കമുളള കാര്യങ്ങളാണ് സര്‍ക്കാര്‍ മുഖ്യമായി പരിശോധിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com