ഷോപ്പിങിന് ഇറങ്ങും മുന്‍പ് ബാലന്‍സ് നോക്കുക, ഒന്നിലധികം കാര്‍ഡുകള്‍ ഉപേക്ഷിക്കുക; ക്രെഡിറ്റ് കാര്‍ഡിന്റെ ചതിക്കുഴിയില്‍ നിന്ന് രക്ഷപ്പെടാന്‍ മാര്‍ഗങ്ങള്‍ 

ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവിന് ഒപ്പം നഷ്ടസാധ്യതയും വര്‍ധിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്
ഷോപ്പിങിന് ഇറങ്ങും മുന്‍പ് ബാലന്‍സ് നോക്കുക, ഒന്നിലധികം കാര്‍ഡുകള്‍ ഉപേക്ഷിക്കുക; ക്രെഡിറ്റ് കാര്‍ഡിന്റെ ചതിക്കുഴിയില്‍ നിന്ന് രക്ഷപ്പെടാന്‍ മാര്‍ഗങ്ങള്‍ 

രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. 2018ല്‍ ക്രെഡിറ്റ് കാര്‍ഡ്  ഉടമകളുടെ എണ്ണം 3.69 കോടിയായി വര്‍ധിച്ചതായി ധനകാര്യസ്ഥാപനമായ സിബിലിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം പുത്തന്‍ മാറ്റങ്ങളുടെ ചുവടുപിടിച്ച് ക്രെഡിറ്റ് കാര്‍ഡ് അലക്ഷ്യമായി ഉപയോഗിച്ചാല്‍ സാമ്പത്തിക ബാധ്യതയുടെ കുടുക്കില്‍പ്പെടുമെന്നും സ്ഥാപനം മുന്നറിയിപ്പ് നല്‍കുന്നു.

ക്രെഡിറ്റ് കാര്‍ഡ് ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിലുളള വര്‍ധന ഇതിന്റെ തെളിവാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ എണ്ണത്തില്‍ 31 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഷോപ്പിങ് ഉള്‍പ്പെടെ എന്തിനും ഏതിനും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന തലമുറയിലേക്ക് സമൂഹം മാറിയിരിക്കുകയാണ്. 

അതേസമയം ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവിന് ഒപ്പം നഷ്ടസാധ്യതയും വര്‍ധിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എന്തിനും ഏതിനും അലക്ഷ്യമായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വര്‍ധന രേഖപ്പെടുത്തിയിരിക്കുകയാണ്. എളുപ്പം ഇടപാട് നടത്താന്‍ കഴിയുന്നതിനൊപ്പം ചെലവേറിയതുമാണ് ക്രെഡിറ്റ് കാര്‍ഡ്. ഏറ്റവും ചെലവേറിയ വായ്പരീതിയായാണ് ക്രെഡിറ്റ് കാര്‍ഡിനെ കണക്കാക്കുന്നത്. തിരിച്ചടവില്‍ വീഴ്ച സംഭവിച്ചാല്‍ പലിശനിരക്കില്‍ 50 ശതമാനം വരെ വര്‍ധന വരാനുളള സാധ്യത തളളിക്കളയാന്‍ സാധിക്കില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് സാമ്പത്തിക അച്ചടക്കം അനിവാര്യമാണ്. അല്ലാത്തപക്ഷം ഇത് ഒരു ബാധ്യതയായി മാറാം. പണം ധാരാളമായി ചെലവഴിക്കുന്നവര്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് സിബില്‍ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ക്യാഷ്ബാക്ക് ഓഫര്‍, റീവാഡ് പോയിന്റ്‌സ് , ഡിസ്‌ക്കൗണ്ടുകള്‍ തുടങ്ങിയ പേരിലാണ് ക്രെഡിറ്റ് കാര്‍ഡ് സേവനദാതാക്കള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. അവരവരുടെ സാമ്പത്തിക സ്ഥിതിയില്‍ ബോധ്യമില്ലാതെ ചെലവഴിച്ചാല്‍ വലിയ പ്രത്യാഘാതങ്ങള്‍്ക്ക് ഇത് കാരണമാകുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഉല്‍പ്പനങ്ങള്‍ വാങ്ങുന്നതിന് മുന്‍പ് ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് മുന്‍കൂട്ടി മനസിലാക്കുക എന്നതാണ് ഇതിന് ഒരു പരിഹാരം. കൂടാതെ ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്ന രീതി ഉപേക്ഷിക്കുന്നതും സാമ്പത്തിക അച്ചടക്കത്തിന് ഒരു പരിധി വരെ സഹായകമാകുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com